എയർ കാർഗോ ഫോറം കേരള ചാപ്റ്ററിന് തുടക്കമായി

മനോജ് പി. ജോസഫ്

എയർ കാർഗോ ഫോറം ഇന്ത്യ (എ.സി.എഫ്.ഐ) കേരള ചാപ്റ്ററിന്  കൊച്ചിയിൽ തുടക്കമായി. സിയാലിലെ കാർഗോ വിഭാഗം മേധാവി മനോജ് പി. ജോസഫിനെ കേരള ചാപ്റ്റർ ചെയർമാനായി തിരഞ്ഞെടുത്തു.

കേരളമുൾപ്പെടുന്ന മേഖലയിലെ എയർ കാർഗോ വ്യാപാരം വർധിപ്പിക്കുക, ബന്ധപ്പെട്ട വിഷയങ്ങളിൽ അധികൃതരുമായി സംവദിച്ച്  മാറ്റങ്ങൾ കൊണ്ടു വരുക, പരിശീലന പരിപാടികളും വർക്ക് ഷോപ്പുകളും സംഘടിപ്പിച്ച് വിഷയനൈപുണ്യം വർദ്ധിപ്പിക്കുക എന്നീ  ലക്ഷ്യങ്ങൾക്കായി ചാപ്റ്റർ  കൂട്ടായി പ്രവർത്തിക്കും. കൂടാതെ കേരളത്തിലും ദേശീയ തലത്തിലും എയർ കാർഗോ ലോജിസ്റ്റിക്സ് മേഖലയെ നയിക്കാൻ സഹ- വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങളും വ്യാപകമാക്കും.

ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് മുഖ്യാതിഥിയായിരുന്നു. എ.സി.എഫ്.ഐ ദേശീയ നേതൃത്വവുമായി ചേർന്ന് എയർ കാർഗോ വ്യവസായത്തെ മികച്ച ആഗോള എയർ കാർഗോ വ്യവസ്ഥയ്ക്ക് തുല്യമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് കേരള ചാപ്റ്ററിൻ്റെ പ്രധാന ലക്ഷ്യമെന്ന് എസ്. സുഹാസ് പറഞ്ഞു.

എ.സി.എഫ്.ഐ പ്രസിഡണ്ടും സ്കൈവേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ  യശ്പാൽ ശർമ്മ , എ.സി.എഫ്.ഐ വൈസ് പ്രസിഡന്റും കാർഗോ ആൻ്റ് ലോജിസ്റ്റിക്സ്- ജി.എം.ആർ ഗ്രൂപ്പ് സി. ഇ.ഒ യുമായ സഞ്ജീവ് എഡ്വേർഡ്, ഇവന്റ് മാനേജ്മെന്റ് ടാസ്ക് പില്ലർ ചെയർമാനും എയർ ഫ്രൈറ്റ് ആൻ്റ് ഫാർമ,  WIZ ഫ്രൈറ്റ്  ഗ്ലോബൽ ഹെഡ്  സതീഷ് ലക്കരാജു, സെലിബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ആൻറ്  എ.സി.എഫ്.ഐ ഗവേണിംഗ് ബോർഡ് അംഗവുമായ കാമേഷ് പെരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എയർ കാർഗോ, ഏവിയേഷൻ വ്യവസായ പ്രതിനിധികൾ, എ.സി.എഫ്.ഐ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, വിവിധ ട്രേഡ് അസോസിയേഷനുകളിൽ നിന്നായി  നൂറിലധികം പേർ ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *