സതീഷ് ബാബു ചോദിച്ചു-എവിടെ ഞങ്ങളുടെ തുമ്പയും മുക്കുറ്റിയും
സ്വന്തമായി പ്രസിദ്ധീകരിച്ച കേരള പനോരമ മാസികയിൽ ഒരിക്കൽ സതീഷ് ബാബു പയ്യന്നൂർ തുമ്പയേയും മുക്കുറ്റിയേയും തേടി പോയതിനെക്കുറിച്ച് എഴുതിയിരുന്നു. ‘തുമ്പയും മുക്കുറ്റിയും ഇല്ലാത്ത കാലത്ത് ‘ എന്നായിരുന്നു ആ എഡിറ്റോറിയലിൻ്റെ തലക്കെട്ട്. ഗൂഗിളിൽ തുമ്പ എന്ന് തേടിയതാണ്. അപ്പോൾ വന്നത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളായിരുന്നു.
മലയാളം വിക്കിപീഡിയയിലേക്ക് പോയപ്പോൾ കിട്ടിയത് തളർച്ചയിൽ ആടിക്കുഴഞ്ഞ കൃശഗാത്രികളായ രണ്ട് മൂന്ന് പാവം തുമ്പച്ചെടികളുടെ ചിത്രങ്ങളും – ബാബു എഴുതി. വയലും വേലിപ്പടർപ്പുകളുമില്ലാത്ത ഒരു നഷ്ട ലോകത്തിരുന്ന് തുമ്പയും മുക്കുറ്റിയും തെരയുന്ന ഞാനെന്തൊരു ഞാനാണ് ? ആകാശത്തേക്ക് തുറക്കുന്ന തുറസ്സുള്ള ഗ്രാമങ്ങളിൽ നിന്ന് നഗര ടെറസുകളിലേക്ക് കുടിയേറിയ ഒരു ജനത തുമ്പയും മുക്കുറ്റിയും മാവേലിയും തിരുവോണവും കിനാവു കാണുന്നതിലെന്തർത്ഥം?
കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിൻ്റെ വിയോഗം കഴിഞ്ഞ ഓണക്കാലത്തിനു ശേഷമായിരുന്നു. ഓണം വരുന്നതിൻ്റെ തിരക്കിനെക്കുറിച്ച് ബാബു പറയാറുണ്ട്. ഓണപ്പതിപ്പുകൾക്ക്
കഥ കൊടുക്കണം. പല പത്രാധിപന്മാരും വിളിക്കും ചിലർ കത്തെഴുതും. കാലം പുരോഗമിച്ചപ്പോൾ അത് വാട്സാപ്പിലൂടെയായി.
കഥയെഴുതാനിരിക്കുമ്പോൾ ബാബുവിൻ്റെ മനസ്സ് ജന്മനാട്ടിലായിരിക്കും. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുന്നിലെ ആൽത്തറയ്ക്കടുത്തുള്ള ഇരുനില ഓടിട്ട വീട്. മുന്നിൽ വിശാലമായ അമ്പലക്കുളം. ഇവിടെയായിരുന്നു ബാബുവിൻ്റെ എഴുത്തുപുര. പേരിൽ പയ്യന്നൂർ എന്ന നാടിനെ കൊണ്ടു നടക്കുന്ന കഥാകൃത്തിന് നാട്ടുവഴികളും ഗ്രാമവാസികളും പ്രിയപ്പെട്ടതായിരുന്നു. പയ്യന്നൂർ പെരുമ്പയും കോത്തായിമുക്കും കോത്തായിയും അടക്കം പലതും പലരും ബാബുവിൻ്റെ കഥകളിൽ അവതരിച്ചു.
വീടിനടുത്തുള്ള ചീർമ്മകാവിൻ്റെ അരികിലൂടെ പോയാൽ കണ്ടോത്തിടം അമ്പലവും കഴിഞ്ഞ് കൈപ്പാട് നിലമാണ്. ഓണക്കാലത്ത് കട്ടികൾക്കൊപ്പം ഇവിടെ പൂക്കൾ തേടി നടന്നത് ബാബു കുറിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ഈ സ്ഥലമെല്ലാം മണ്ണിട്ട് നികത്തി കോൺക്രീറ്റ് കൂടാരങ്ങൾ ഉയർന്നത് നെടുവീർപ്പോടെ ഞാൻ നോക്കി നിന്നിട്ടുണ്ടെന്നും ബാബു എഴുതി.
ജന്മ നാടുവിട്ട് തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിലേക്ക് ചേക്കേറിയപ്പോഴും ബാബുവിൻ്റെ മനസ്സിൽ നാടു തന്നെയായിരുന്നു. പതിയെ ടെലിവിഷൻ പരിപാടികളുടെ പ്രൊഡക് ഷൻ രംഗത്തേക്ക് കാൽ വെച്ചപ്പോൾ ബാബു തിരക്കിൽപ്പെട്ടു. കഥകൾ അധികം എഴുതാതായി. പൂജപ്പുര എസ്.ബി.ടിയിലെ ജോലി പോലും വേണ്ടെന്ന് വെച്ച് ടെലിവിഷൻ രംഗത്ത് മുഴുകി. സ്വന്തമായി കെട്ടിപ്പടുത്ത പനോരമ ടെലിവിഷൻ ബാബുവിനെ ഉയരങ്ങളിലെത്തിച്ചു.
ഇതിനിടെ അഞ്ചു വർഷം ഭാരത് ഭവൻ്റെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ കാലത്തൊന്നും അധികം കഥകൾ എഴുതാനായില്ല എന്ന പശ്ചാത്താപ ചിന്ത ബാബുവിനുണ്ടായിരുന്നു. ബാബു കഥാകൃത്താണ്, കഥ കൈവിടരുത് എന്ന് ഞാൻ ഇടയ്ക്ക് ഓർമ്മിപ്പിക്കുമ്പോൾ പറയും – ഞാൻ തിരിച്ചു വരും ഇനി കഥയുടെ കാലമാണ്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ബാബു കഥകളെഴുതി.
കഴിഞ്ഞ വർഷം ഓണപ്പതിപ്പുകളിൽ തിളങ്ങിയ കഥാകൃത്ത് ബാബു തന്നെയായിരുന്നു.12 ഓണപ്പതിപ്പുകളിൽ കഥയെഴുതി. ഓണം വരുമ്പോൾ ബാബുവിന് പൂക്കാലമാണെന്ന് ഞാൻ പറയാറുണ്ട്. അതെ… ഈ ഉത്സവം മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത ഉണർവ്വ് തരുന്നു. ഇത് കഥകളുടെ പൂക്കാലം തന്നെയെന്ന് ബാബു എന്നോട് പറഞ്ഞിട്ടുണ്ട്. മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന ‘അരികിലാരോ’ എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടു.
കഥകൾ സമാഹരിച്ച് പുസ്തകമാക്കണമെന്ന ആഗ്രഹം കുറേ കാലമായി ഉണ്ടായിരുന്നു. അങ്ങനെ കമലഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ എന്ന പുസ്തകം പുറത്തിറങ്ങി. കലാകൗമുദി വീക്കെൻഡ് മാഗസിനിൽ പ്രസിദ്ധീകരിച്ച ‘ചന്നം പിന്നം’ എന്ന കുറിപ്പുകളും
സ്റ്റോറി ബോർഡ്, മഴയിലുണ്ടായ മകളും മറ്റു മഴക്കഥകളും എന്നീ സമാഹാരങ്ങളും പുറത്തിറങ്ങിയത് ബാബുവിൻ്റെ വിയോഗത്തിനു ശേഷമാണ്. ഇതെല്ലാം പ്രസാധകരെ ഏൽപ്പിച്ചത് ബാബു തന്നെയായിരുന്നു.
കാഞ്ഞങ്ങാട് നെഹറു കോളേജിൽ ബി.കോം പഠിക്കുന്ന കാലത്താണ് മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മനാടായ വെള്ളിക്കോത്ത് ഗ്രാമത്തോട് ബാബുവിന് അനുരാഗം തോന്നുന്നത്. ഡിഗ്രി കഴിഞ്ഞ് കാസർകോട് ഈയാഴ്ച വാരികയുടെ എഡിറ്ററായപ്പോഴും സ്റ്റേറ്റ് ബാങ്കിൽ ശ്രീകണ്ഠാപുരത്തും തൃക്കരിപ്പൂരും പ്രവർത്തിച്ചപ്പോഴും ബാബു വെള്ളിക്കോത്തെ സന്ദർശകനായിരുന്നു.
മഹാകവി പി.സ്മാരക ഹൈസ്ക്കൂൾ കഴിഞ്ഞ് പാടം നടന്നു കയറി ബന്ധുക്കളുടെ പെരളത്തെ വീട്ടിൽ പോയത് ഞാന്‍ ഓർക്കുന്നു. എറണാകുളം എളമക്കരയിൽ നിന്ന് വന്ന അവിടത്തെ പെൺകുട്ടി മുത്തശ്ശിയെ കുറിച്ച് പറഞ്ഞതാണ് ‘കർക്കടകം’ എന്ന
കഥയായി കലാകൗമുദിയിൽ വന്നത്. മഹാകവി പി.യെക്കുറിച്ച് എഴുതാനായി ബന്ധുവീടുകളിൽ പോകാനും കവിയുടെ സഞ്ചാര വഴികളിലൂടെ നടക്കാനും ബാബു എന്നെ കൂട്ടുമായിരുന്നു. അപ്പോഴെല്ലാം ഗ്രാമീണ സൗന്ദര്യം ഹൃദയത്തില്‍ ഒപ്പിയെടുത്തു.
കവിയെയും കവിയുടെ ജീവിതത്തെയും മൂന്നു പതിറ്റാണ്ടോളം ആവാഹിച്ചെടുത്തു. കവിതയെന്ന നിത്യകന്യകയെ തേടിയലഞ്ഞ പി.യുടെ ജീവിതം നോവലാക്കാനായി പണിപ്പെട്ടു. പി.യെക്കുറിച്ചുള്ള
വിവരങ്ങൾ തേടിയലഞ്ഞു. ജീവിതാവസാനം തിരുവനന്തപുരത്ത് സി.പി. സത്രത്തിൽ അഭയം തേടിയ കവിയെക്കുറിച്ചുള്ള നോവലിന് പേരുമിട്ടു – ‘സത്രം.’
പക്ഷെ സത്രം മുഴുമിപ്പിക്കാതെ അകാലത്തിൽ ആ പ്രതിഭ യാത്ര പറഞ്ഞു. വീണ്ടും ഒരു ഓണം വന്നപ്പോൾ കഥകൾ പറഞ്ഞു തരാനും ഉപദേശിക്കാനും തമാശ പൊട്ടിക്കാനും ബാബു ഇല്ല. 11 കഥാസമാഹാരങ്ങളും 12 നോവലുകളും ഒരു ഓർമ്മ പുസ്തകവും വായനക്കാർക്ക് സമ്മാനിച്ചാണ് ബാബു യാത്ര പറഞ്ഞത്.
Really a great loss