കണ്ണൂരിൽ കൃത്രിമ ഭൂജല പോഷണത്തിന് പ്രാധാന്യം നൽകണം

കണ്ണൂർ ജില്ലയുടെ തീരദേശ പ്രദേശങ്ങളിലും ഇടനാട്ടിലും കൃത്രിമ ഭൂജല പോഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കേന്ദ്ര ഭൂജല ബോർഡ്. ബോർഡിൻ്റെ കേരള റീജിയന്‍ ഓഫീസ് നടത്തിയ ജില്ലയുടെ എൻ.എ. ക്യു.ഐ.എം. (നാഷണൽ പ്രൊജക്റ്റ് ഓൺ അക്വിഫെർ മാനേജ്‌മന്റ് ) പഠന റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. ജില്ലയുടെ ഭൂജല സമ്പത്ത് വർദ്ധിപ്പിക്കാൻ ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഭൂജല സമ്പത്തിൽ കാര്യമായ കുറവുള്ള കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്കുകളിൽ കൃത്രിമ ഭൂജല പോഷണത്തിന് അടിയന്തര പ്രാധാന്യം നകണമെന്നും റിപ്പോർട്ട് നിർദേശമുണ്ട് . ജില്ലയിലെ ഭൂജല വിതാനം, ജലത്തിന്റെ ഗുണ നിലവാരം തുടങ്ങിയവ സംബന്ധിച്ച് പതിനൊന്നു ബ്ലോക്കുകളിലാണ് പഠനം നടന്നത്. പഠനറിപ്പോർട്ടിന്റെ പ്രകാശനം കേന്ദ്ര ഭൂജല ബോർഡ് കേരള റീജിയന്‍ ഓഫീസ് മേധാവി എം.സന്താന സുബ്രഹ്മണി കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖരന് നൽകി നിർവഹിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ ഭൂജല കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിലായിരുന്നു പ്രകാശനം. എം. സന്താന സുബ്രഹ്മണി റിപ്പോർട്ട് അവതരിപ്പിച്ചു

മലയോര മേഖലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സ്പ്രിങ് ഷെഡ് മാനേജ്‌മെൻ്റ് പോലുള്ള നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതാണെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. ഈ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്നതിന് മലയോര പഞ്ചായത്തുകൾ പ്രാധാന്യം നൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

ജലക്ഷാമമുള്ള പഞ്ചായത്തുകളിൽ പൊതു കിണറുകൾ വ്യാസവും ആഴവും വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണം. കൃത്രിമ ജലപോഷണത്തോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കിണറുകളും കുഴൽ കിണറുകളും സ്ഥാപിച്ചാൽ നിലവിൽ ജില്ലയിലുള്ള 1672 ഹെക്ടർ തരിശ് ഭൂമി കൃഷി യോഗ്യമാക്കാൻ കഴിയുമെന്നും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതാണ് ജില്ലയ്ക്ക് ഏറെ ഗുണകരമെന്നും യോഗം വിലയിരുത്തി. 

ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി.ഷാബി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം. രാജീവ്, അസിസ്റ്റന്റ് എഞ്ചിനീയർ ഷംലാ റഷീദ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ്, മൈനർ ഇറിഗേഷൻ എക്സി. എഞ്ചിനീയർ കെ. ഗോപകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടർ എസ്.യു. ഷമ്മി, ശാസ്ത്രജ്ഞരായ രൂപേഷ് ജി. കൃഷ്ണൻ, വി.കെ. വിജേഷ് , ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. കെ. എ. പ്രവീൺ കുമാർ, ജൂനിയർ ജിയോഫിസിസിസ്റ്റ് ഇ.എം. സുനിഷ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *