ആസ്പയർ സ്‌കോളർഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി
ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഒന്നാംനിര സ്ഥാപനങ്ങളെ അല്ലെങ്കിൽ നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളെയും സർവകലാശാലാ അംഗീകാരമുള്ള റിസർച്ച് ഗൈഡിനെയും തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കണം.
മാതൃസ്ഥാപനത്തിലെ പ്രിൻസിപ്പൽ, വകുപ്പു മേധാവി, സ്‌കോളർഷിപ്പ് നോഡൽ ഓഫീസർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയും ഗൈഡും വിദ്യാർഥികൾ സമർപ്പിക്കുന്ന സിനോപ്‌സിസുകൾ, ഉന്നത അക്കാദമിക നിലവാരം പുലർത്തുന്നതും വിജ്ഞാനപ്രദവും മൂല്യവത്തുമാണെന്ന് ഉറപ്പുവരുത്തണം. ഈ പരിശോധന നടത്തി അംഗീകാരം നൽകാത്ത കാരണത്താൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നഷ്ടമായാൽ ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കായിരിക്കും – ഉത്തരവിൽ പറയുന്നു.