വാട്ടർ ഫെസ്റ്റ് : സിതാരയുടെ സംഗീതത്തിലലിഞ്ഞ് ആസ്വാദകർ
സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച സംഗീത നിശ ആസ്വദിക്കാൻ കോഴിക്കോട് ബേപ്പൂരിലേക്കൊഴുകിയെത്തിയത് ആയിരങ്ങൾ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 ന്റെ ഒന്നാം ദിവസം സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച സംഗീത നിശ ജനങ്ങളെ ആവേശത്തിലാഴ്ത്തി. സംഗീത പ്രൊജക്ട് മലബാറിക്കസുമായി എത്തിയ സംഘം വാട്ടർ ഫെസ്റ്റിന്റെ ആദ്യ ദിവസത്തിന് മാറ്റു കൂട്ടി.
‘ഓരോ ഋതുവിനുള്ളിലുമോരോ’ എന്ന ഗാനവുമായാണ് സിതാര വേദിയിലെത്തിയത്. തുടർന്ന് ഒരു പിടി നല്ല മലയാള ഗാനങ്ങളും സിതാര ആലപിച്ചു. ‘ഏനിതൊന്നും അറിഞ്ഞതില്ലേ’ എന്ന ഗാനമുയർന്നപ്പോൾ കാണികളും താളം പിടിച്ചു. ‘തിരുവാവണി രാവ്’ എന്നു തുടങ്ങുന്ന മലയാളി മനസ്സിൽ ഗൃഹാതുരത്വം നിറയ്‌ക്കുന്ന ഗാനമാണ് വേദിയിൽ പിന്നീട് ആലപിച്ചത്.’കടുകുമണിക്കൊരു കണ്ണുണ്ട്’ എന്ന ഗാനത്തിനു കൊച്ചു കുട്ടികളടക്കം ബീച്ചിൽ എത്തിയവരെയെല്ലാം സംഗീതത്തിലലിഞ്ഞു.
‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന ഫാസ്റ്റ് നമ്പറിനൊപ്പം നൃത്തം ചെയ്ത് ബേപ്പൂർ വാട്ടർ ഫെസ്റ്റിനെത്തിയവർ ക്രിസ്മസ് രാവ് ആഘോഷമാക്കി. പൂമാതയുടെ കഥയും, പ്രണയവും, സ്നേഹവും, പ്രകൃതിയുമെല്ലാം ബേപ്പൂരിന്റെ മണ്ണിൽ പാട്ടായി പെയ്തിറങ്ങി. പ്രണയം തുളുമ്പുന്ന ഈരടികൾ കോർത്തിണക്കി ആലപിച്ചത് സംഗീതാസ്വാദകർക്ക് കാതിനിമ്പം നൽകുന്ന വിരുന്നായി മാറി.
‘മാണിക്യമലരായ പൂവി’ എന്ന ഗാനം കരഘോഷങ്ങളാലാണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്. ‘കൈതോലപ്പായ വിരിച്ച്’ എന്ന ഗാനവുമായി സിതാരയും നിരഞ്ചും സദസ്സിലേക്ക് ഇറങ്ങിച്ചെന്നത് കാണികളുടെ ആവേശം കൂട്ടി. സിതാരയ്ക്കൊപ്പം മനോഹര ഗാനങ്ങളുമായി നിരഞ്ജ് സുരേഷും വേദിയിലെത്തി. എ.ആർ റഹ്‌മാൻ ഹിറ്റുകളും മറ്റു ഫാസ്റ്റ് നമ്പറുകളും കൂടിയായപ്പോൾ പരിപാടി കളറായി.