മായമില്ലാത്ത മുളകുപൊടിക്കായി പാട്യത്തെ ‘റെഡ് ചില്ലീസ് ‘
നാട്ടിൽ മുളകുപൊടി ഉൽപാദിപ്പിക്കാൻ നാല് ഹെക്ടർ സ്ഥലത്ത് വറ്റൽമുളക് കൃഷിയുമായി ‘റെഡ് ചില്ലീസ്.’ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച റെഡ് ചില്ലീസ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ പാട്യം ഗ്രാമ പഞ്ചായത്താണ് വറ്റൽ മുളക് കൃഷി ആരംഭിച്ചിരിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് കൃഷിഭവനുകളും കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും ചേർന്നാണ് ‘റെഡ് ചില്ലീസ്’ പദ്ധതി നടപ്പാക്കുന്നത്.
പ്രാദേശികമായി കൃഷി ചെയ്ത് ശുദ്ധമായ മുളകുപൊടി ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പാട്യം പഞ്ചായത്ത് 32000 തൈകൾ വിവിധ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും നൽകുന്നത്. ആദ്യ ഘട്ടത്തിൽ ചെറുവാഞ്ചേരി, കണ്ണവം, കിഴക്കെ കതിരൂർ, പത്തായക്കുന്ന്, കോങ്ങാറ്റ, കൊട്ടിയോടി എന്നിവിടങ്ങളിൽ 21000 തൈകൾ നട്ടുപിടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 11000 തൈകൾ കൂടി നൽകും.
കൃഷി ഭവനിൽ അപേക്ഷ നൽകിയവർക്കാണ് തൈകൾ വിതരണം ചെയ്തത്. ഇതിലൂടെ കീടനാശിനി ഉപയോഗിക്കാത്ത വറ്റൽ മുളക് കർഷകരിൽ നിന്നും ശേഖരിച്ച് മുളക് പൊടിയാക്കി വിപണിയിൽ എത്തിക്കാനാകും. ഇതിനായി കർഷകർക്ക് പ്രത്യേക പരിശീലനം നൽകി. കൃഷിസ്ഥലം കൃഷിഭവന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കും.
കൃഷിക്കാവശ്യമായ കുമ്മായം കൃഷി ഭവൻ 60 ശതമാനം സബ്സിഡിയോടെ നൽകുന്നുണ്ട്. 21 ദിവസത്തെ ഇടവേളകളിൽ ജൈവവള പ്രയോഗം നടത്താനാവശ്യമായ സഹായങ്ങളും നൽകും. കൃഷിയിലൂടെ ലഭിക്കുന്ന മുളകിന് പഞ്ചായത്തിൽ തന്നെ വിപണി ഒരുക്കി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി.ഷിനിജ പറഞ്ഞു.