ഊരാച്ചേരി ഗുരുനാഥന്മാരുടെ ജ്ഞാനാന്വേഷണം തേടി…

ഊരാച്ചേരി ഗുരുനാഥന്മാരുടെ സംസ്‌കാരിക, സാമൂഹിക, ജ്ഞാനപരമായ ഇടപെടലുകളുടെ പൈതൃകവേരുകൾ തേടി ചൊക്ലിയിൽ നടത്തിയ ശില്പശാല ഭാഷാ ചരിത്രത്തിന്റെ വേരുകൾ തേടിയുള്ള യാത്രയായി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക സമിതി, സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടത്തിയത്. ഊരാച്ചേരി ഗുരുനാഥന്മാരുടെ ഭാഷ, വിദ്യാഭ്യാസം, വൈദ്യപഠനം, ജ്യോതിഷം മേഖലകളിൽ തെളിയിച്ച കഴിവുകൾ എന്നിവയുടെ ചരിത്രരേഖകൾ സമാഹരിച്ച് മ്യൂസിയവും സ്മാരകവും സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ശില്പശാല.

ചില പ്രത്യേക കാരണങ്ങളാൽ കാലം മറവിയിലാഴ്ത്തിയ സവിശേഷ വ്യക്തിത്വങ്ങളായ ഊരാച്ചേരി ഗുരുക്കന്മാരെ ഓർമ്മിക്കുന്നതിലൂടെ വിസ്മൃതമായ ചരിത്രത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.എ.പി ശശിധരൻ പറഞ്ഞു. ജാതി മേധാവിത്വം രൂക്ഷമായിരുന്ന ഒരു കാലത്ത് ഗുരുകുലത്തിന് പുറത്തിരുന്ന് അക്ഷരം പഠിച്ച് ഗുരുനാഥന്മാരായി മാറിയ, ജാതിയിൽ കീഴാളരായ ഇവരെ സാമ്പ്രദായിക കേരളീയ ചരിത്രം എവിടെയും രേഖപ്പെടുത്തിയില്ല.

കേരള ചരിത്രത്തിലും ഭാഷാ ചരിത്രത്തിലും ഇടപെട്ട മിഷനറിയായ ഗുണ്ടർട്ട് എന്ത് കൊണ്ടാണ് അക്കാലത്തെ പ്രബുദ്ധരായ പല പണ്ഡിതരേയും ഒഴിവാക്കി ഊരാച്ചേരി ഗുരുനാഥന്മാരുമായി ചേർന്ന് പ്രവർത്തിച്ചത് എന്ന് നാം മനസ്സിലാക്കണം. ഒരു സാധ്യതയുമില്ലാത്ത ലോകത്ത് നിന്ന് കടന്ന് വന്ന് അനന്തസാധ്യതകളുടെ ലോകം നിർമ്മിച്ചവരാണ് ഗുരുനാഥന്മാർ. ഭാഷയിൽ മാത്രമല്ല. ശാസ്ത്രം, വേദാന്തം,മീമാംസ, ജ്യോതിഷം എന്നിവയിലും ഗുരുനാഥന്മാർ സംഭാവനകൾ നൽകി. ഇങ്ങനെ സമസ്ത മേഖലയിലും സമഗ്ര സംഭാവനകൾ നൽകിയ ഗുരുനാഥന്മാരുടെ ഇടപെടലുകൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഡോ.ശശിധരൻ പറഞ്ഞു.

‘ഊരാച്ചേരി ഗുരുനാഥന്മാർ ചരിത്ര രേഖകളിൽ’ എന്ന വിഷയം പി.പി. സനൂജ അവതരിപ്പിച്ചു. ഊരാച്ചേരി ഗുരുനാഥന്മാർ പുതുശ്ശേരി ഗുരുനാഥന്മാരായി അറിയപ്പെട്ടിരുന്നുവെന്ന് അവർ പറഞ്ഞു. തങ്ങൾക്ക് ലഭിച്ച അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഗുരുനാഥന്മാർ മുൻകൈയ്യെടുത്തിരുന്നു. ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം -ഇംഗ്ലീഷ് നിഘണ്ടു നിർമ്മിക്കുന്നതിൽ ഗുരുനാഥന്മാരുടെ നിർണായക പങ്കുണ്ടായിരുന്നു. സാധാരണക്കാരുടെ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടർട്ട് തലശ്ശേരി ഇല്ലിക്കുന്നിലെത്തി ഗുരുനാഥന്മാരുടെ അടുത്ത് പഠനം നടത്തിയത്. എന്നാൽ ഗുണ്ടർട്ട് ഇവരെ മതപരിവർത്തനത്തിലേക്ക് ക്ഷണിച്ചതോടെ ഇവരുടെ ബന്ധം വഷളായതായും സനൂജ പറഞ്ഞു.

ചികിത്സകളുടെ ഒറ്റമൂലി ശേഖരം ഗുരുനാഥന്മാരുടെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ‘ഊരാച്ചേരി ഗുരുനാഥന്മാർ: ജീവിതവും ചരിത്രവും’ എന്ന വിഷയം അവതരിപ്പിച്ച കവിയൂർ രാജഗോപാലൻ പറഞ്ഞു. ഇവരുടെ ജീവിതം 1874 വരെയാണെന്ന് ഗുണ്ടർട്ടിന്റെ ഡയറിയിൽ നിന്ന് മനസിലാക്കാം.

‘ഊരാച്ചേരി ഗുരുനാഥന്മാരുടെ പേരിലുള്ള നിർദിഷ്ട മ്യൂസിയവും: പഠനഗവേഷണ കേന്ദ്രവും സാങ്കേതിക സാധ്യതകൾ’ എന്ന വിഷയത്തിൽ കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയരക്ർ ആർ. ചന്ദ്രൻപിള്ള സംസാരിച്ചു. മ്യൂസിയങ്ങൾ പാരമ്പര്യത്തിന്റെ വസ്തുതകൾ കൊണ്ട് കഥ പറയുന്ന ഇടങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിയങ്ങൾ സന്ദർശകരുമായി സംസാരിക്കുന്നതാവണം. ഓരോ സന്ദർശനത്തിലും പുതിയ അറിവുകൾ സന്ദർശകർക്ക് ലഭിക്കും. കെട്ടുകഥകൾ കൊണ്ട് മ്യൂസിയം നിർമിക്കരുത്. സത്യമേ പറയാവൂ. കഴിവതും രേഖാപരമായിരിക്കണം -ചന്ദ്രൻപിള്ള പറഞ്ഞു.

‘ഊരാച്ചേരി ഗുരുനാഥന്മാരും കേരളീയ ഗുരുകുല പാരമ്പര്യവും’ എന്ന വിഷയത്തിൽ കൊയിലാണ്ടി ഗവ. കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.ഇ.ശ്രീജിത്ത് സംസാരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുന്നതിനു മുമ്പ് കേരളത്തിൽ മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പഠന രീതി നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഗവേഷണം മികച്ച രീതിയിൽ നടക്കാത്തതു കൊണ്ടാണ് പഴയകാല വിദ്യാഭ്യാസ പഠനങ്ങൾ വർത്തമാനകാലത്തിന് മനസ്സിലാക്കാൻ കഴിയാത്തത്. കുടിപ്പള്ളിക്കൂട രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ജാതിപരമായ വേർതിരിവ് വളരെ നേർത്തതായിരുന്നുവെന്ന് രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. കെ.വി. മഞ്ജുള ഊരാച്ചേരി ഗുരുനാഥന്മാരും നവോഥാനവും’ എന്ന വിഷയത്തിൽ സംസാരിച്ചു. സ്ത്രീ മുന്നേറ്റത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ഗുരുനാഥന്മാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നവകേരളം സൃഷ്ടിക്കായി ആന്തരിക വെളിച്ചം നൽകിയവരാണ് ഗുരുനാഥന്മാർ. ഗുണ്ടർട്ടിനെ മലയാളം, സംസ്‌കൃതം പഠിപ്പിച്ചതു പോലെ ഗുണ്ടർട്ടിൽ നിന്ന് പഠനം സ്വായത്തമാക്കാനും അവർ ശ്രമിച്ചിട്ടുണ്ട്.

പിൽക്കാലത്ത് തലശ്ശേരിക്കുണ്ടായ സാസ്‌കാരികവും വിദ്യാഭ്യാസ പരവുമായ മുന്നേറ്റത്തിന് വെളിച്ചമേകാൻ ഗുരുക്കൻമാർക്ക് കഴിഞ്ഞുവെന്നും മഞ്ജുള പറഞ്ഞു. മലയാളം സർവകലാശാല പ്രൊഫസർ ഡോ. കെ.എം. ഭരതൻ മോഡറേറ്ററായി. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. രമ്യ അധ്യക്ഷത വഹിച്ചു. ഐ. ആൻഡ് പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.സി.സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *