കുന്നംകുളം ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
കാർഷിക മേഖലയിലെ വൈദ്യുതിവത്കരണം ഉത്പാദനം കൂട്ടും -മന്ത്രി കെ. കൃഷ്ണൻ കുട്ടി
വൈദ്യുതി ഉപയോഗിച്ച് കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കുന്നംകുളം 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെയും അനുബന്ധ വടക്കാഞ്ചേരി- കുന്നംകുളം 220/110 കെ. വി. ലൈനിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആരംഭിക്കുന്നതോടെ കാർഷിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനും തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനും കഴിയും. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കിയാൽ മാത്രമേ വ്യവസായം പുരോഗതിയിലെത്തു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുന്നംകുളത്തെ നിലവിലെ 110 കെ വി സബ്സ്റ്റേഷന്റെ ശേഷി 220 കെ വിയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 220 കെ വിയുടെ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ നിർമ്മാണം ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാരും കെ.എസ്.ഇ.ബി.യും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ്. വൈദ്യുതി തടസ്സം പാടെ ഒഴിവാക്കാനും വൈദ്യുതി വിതരണം സുഗമമാക്കാനും പദ്ധതി മുഖേന കഴിയും.
തൃശൂർ മാടക്കത്തറയിൽ പവർഗ്രിഡ് പുതുതായി നിർമിച്ച എച്ച്.വി.ഡി.സി സ്റ്റേഷനിൽ നിന്നും മാലാപ്പറമ്പിലേക്ക് പോകുന്ന ലൈനിൽ നിന്ന് വടക്കാഞ്ചേരി മുതൽ കുന്നംകുളം വരെ പുതിയ മൾട്ടി സർക്യൂട്ടിനാവശ്യമായ ടവറുകൾ സ്ഥാപിച്ചാണ് ഇവിടേക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകൾക്കുമായി 127 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതികളാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
കുന്നംകുളം സബ്സ്റ്റേഷനു പുറമെ സമീപത്തുള്ള പുന്നയൂർക്കുളം, ഗുരുവായൂർ, കണ്ടശാംകടവ്, അത്താണി, വിയ്യൂർ എന്നീ 110 കെ.വി സബ്സ്റ്റേഷനുകളിലേക്കും ബ്ലാങ്ങാട്, ചാവക്കാട്,കൊങ്ങന്നൂർ, മുണ്ടൂർ,എരുമപ്പെട്ടി,വാടാനപ്പിള്ളി, മുല്ലശ്ശേരി, അന്തിക്കാട് എന്നീ 33 കെ.വി സബ്സ്റ്റേഷമുകളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും നൽകാനാകും. അതിനായി 100 എം.വി.എ. ശേഷിയുള്ള 220/110 കെ.വിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ 7.5 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടുകൂടിയാണ് നടപ്പാക്കിയത്.
എ. സി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ. മുഖ്യാതിഥിയായി. കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ (ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷന്‍) ഡോ.എസ്. ആർ. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭൻ, പി.ഐ. രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ചിത്ര വിനോബാജി, മീന സാജൻ, രേഖ സുനിൽ, കെ.എസ്.ഇ.ബി.എൽ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എൻ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.