ഗൗരിയമ്മ പാടിത്തന്ന വള്ളംകളി പാട്ട്
“ആണായെന്നാൽ നാണം വേണം, മുഖത്തഞ്ചു മീശ വേണം
ആണും പെണ്ണും കെട്ടവനേ നീ പോരിനു വാടാ…”
ആ വള്ളംകളി പാട്ട് മന്ത്രി ഗൗരിയമ്മ പാടിത്തന്നത് ഇപ്പോഴും എൻ്റെ കാതിൽ മുഴങ്ങുന്നു. വള്ളത്തിൻ്റെ അമരത്ത് നിൽക്കുന്ന പണിക്കരാശാനെക്കുറിച്ച് പറയുമ്പോൾ കേരളത്തിൻ്റെ പ്രിയങ്കരിയായ കെ.ആർ.ഗൗരിയമ്മയുടെ മനസ്സ് സ്വന്തം നാടായ ചേർത്തലയിലായിരുന്നു.
ഗൗരിയമ്മ കൃഷിമന്ത്രി ആയിരുന്ന കാലം. 2003 ലാണത്. അന്ന് ഞാൻ കൃഷിവകുപ്പിൻ്റെ മുഖപത്രമായ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ‘കേരള കർഷകൻ’ മാസികയുടെ എഡിറ്ററായി
സേവനമനുഷ്ഠിക്കുന്ന സമയം. കൃഷിവകുപ്പിൻ്റെ പ്രചാരണവിഭാഗമായ എഫ്.ഐ.ബി.യുടെ പ്രധാന പ്രസിദ്ധീകരണമായ കേരളകർഷകൻ വകുപ്പിനും കർഷകർക്കും തമ്മിൽ സംവദിക്കാനുള്ള മികച്ച ഒരുപാധിയായിരുന്നു.
അന്ന് സാമൂഹ്യമാധ്യമങ്ങൾ രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ കൃഷിമന്ത്രിക്കും കർഷകരെ അഭിസംബോധന ചെയ്യാനും അവരുമായി ആശയവിനിമയം നടത്താനുമുള്ള ഒരുപാധിയാക്കി മാസികയെ മാറ്റണമെന്ന് തോന്നിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് മന്ത്രിയിൽ നിന്ന് നേരിട്ട് ചോദിച്ചു പ്രസക്തമായ ഏതെങ്കിലും ഒരു വിഷയം ഓരോ മാസവും ലേഖനരൂപത്തിൽ മാസികയിൽ കൊടുക്കാൻ തുടക്കം കുറിച്ചത്.
2003 ലെ ഓണക്കാലം ഇതിന് നിമിത്തമായി. കൃഷിമന്ത്രിയുടെ ഓണസ്മൃതികൾ ഉൾപ്പെടുത്തി ഇതര ഓണവിഭവങ്ങളുമായി ചേർത്ത് അക്ഷരങ്ങളുടെ ഒരു ഓണസദ്യ കേരള കർഷകൻ്റെ വായനക്കാർക്ക് ഒരുക്കുവാൻ തന്നെ തീരുമാനിച്ചു. കാർഷിക കേരളത്തിൻ്റെ തറവാട്ടമ്മയായ കൃഷിമന്ത്രിക്കു പുറമെ രണ്ടു പ്രഗത്ഭരെ കൂടി ഇതിനായി കണ്ടു വെച്ചു.
കേരളകർഷകൻ മാസിക കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വ്യത്യാസം വരുത്തുക എന്ന ശ്രമകരമായ ദൗത്യം ഏല്പിച്ചുകൊണ്ട് കൃഷിമന്ത്രി എന്നെ മാസികയുടെ നവീകരണച്ചുമതലയുള്ള എഡിറ്റർ ആയി അന്ന് നിയമിച്ചിരുന്നു. പകൽസമയം ഓഫീസ് തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരമാണ് മിക്കപ്പോഴും മന്ത്രിയെ കാണാൻ സാധിക്കുക.
അതുകൊണ്ടു തന്നെ ആ സമയമായിരുന്നു കേരളകർഷകനുമായി ബന്ധപ്പെട്ട ഒന്നല്ലെങ്കിൽ മറ്റൊരു കാര്യം നേരിട്ട് ചോദിക്കാനും അഭിപ്രായം തേടാനും അംഗീകാരത്തിനും ഒക്കെ എനിക്കും ഉപകാരമായത്. ഈ അർത്ഥത്തിൽ ഞാൻ “കവടിയാർ ഹൗസിലെ” (കൃഷിമന്ത്രിയുടെ ഔദ്യോഗികവസതി) നിത്യസന്ദർശകനും ആയിരുന്നു.
അന്നും ഞാൻ പതിവുപോലെ ഓഫീസ് സമയം കഴിഞ്ഞ് കവടിയാർ ഹൗസിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ മന്ത്രി എത്തി. “എന്താടോ ഇന്നെന്താ തൻ്റെ പുതിയ വിഷയം ?” എന്നെ കണ്ടയുടൻ തന്നെ പതിവ് ഗൗരവം വിടാതെയുള്ള ചോദ്യം. “കേരളകർഷകൻ മാസികയുടെ ഓണപ്പതിപ്പിന് കൃഷിമന്ത്രിയുടെ ഒരു ഓർമ്മക്കുറിപ്പ് വേണം ” വിനയാന്വിതനായി കാര്യം ബോധിപ്പിച്ചു. “ഓ..അതൊക്കെ എന്തിനാടോ?അതിൻ്റെ ആവശ്യമുണ്ടോ?” താൽപര്യമില്ലാത്ത മട്ടിൽ എന്നെ നോക്കി ചോദിച്ചിട്ട് മുകളിലേക്ക് പോയി.
ഞാൻ ക്ഷമയോടെ താഴത്തെ സ്വീകരണ മുറിയിൽ കാത്തിരുന്നു. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫും മറ്റുള്ളവരും എന്നെ സഹതാപത്തോടെ നോക്കി ! എന്തായാലും പിന്മാറുന്ന പ്രശ്നമില്ല. മന്ത്രി സമ്മതിക്കും എന്ന് അത്രയും നാളത്തെ ചെറിയ പരിചയം വെച്ച് ഉറപ്പുണ്ടായിരുന്നു. ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. മന്ത്രി അതാ വരുന്നു, മുഖത്ത് ചെറിയ ഒരു ചിരിയും.” നീ പോകത്തില്ല എന്നെനിക്കറിയാം..വാ ഇരിക്ക്…ഇതൊക്കെ ഇപ്പോൾ ആർക്കറിയണമെടോ? അതാ ഞാൻ മടിച്ചത്. തൻ്റെ നിർബന്ധമല്ലേ, നടക്കട്ടെ ..” സ്നേഹപൂർണമായ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ആശ്വാസമായി.
നിമിഷനേരം കൊണ്ട് തന്നെ കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് കേരളത്തിൻ്റെ വലിയ കൃഷിക്കാരി വാചാലയായി.”അച്ഛന് കുറച്ചു വസ്തുവകകൾ ഉണ്ടായിരുന്നു. നെൽച്ചിറകളിൽ വെണ്ട, പാവൽ,വഴുതന, മഞ്ഞൾ, കുമ്പളം തുടങ്ങിയ പച്ചക്കറികളും ഇടവിളയായി വാഴയും ചേനയും ചേമ്പും കാച്ചിലും. പപ്പായ, പേര തുടങ്ങിയവ വേറെ. ഒരു കുടുംബത്തിനു അത്യാവശ്യം കഴിഞ്ഞുകൂടാൻ വേണ്ട എല്ലാം ഞങ്ങളുടെ പാടത്തും പറമ്പിലും നിന്ന് കിട്ടിയിരുന്നു. പുറത്തു നിന്ന് വാങ്ങേണ്ടത് പലവ്യഞ്ജനം മാത്രം – ഗൗരിയമ്മ ഓർക്കുന്നു.
“ഓണക്കാലം തുടങ്ങിക്കഴിഞ്ഞാൽ കാഴ്ചകളുടെ വരവായി. പഴങ്ങളും പച്ചക്കറികളും മുതൽ തവിയും ചിരട്ടയും ചുണ്ണാമ്പും അരിവാളും പച്ചമരുന്നുകളും വരെ കാഴ്ചയായി തറവാട്ടിൽ വന്നിരുന്നത് ഇന്നും ഓർക്കുന്നു. ഓണക്കാഴ്ചയുമായി വരുന്നവർക്കെല്ലാം നെല്ലിൻ്റെ പങ്കും പുത്തൻമുണ്ടും തോർത്തും എണ്ണയുമൊക്കെ കൊടുക്കും.
എന്നിട്ടു തിരുവോണത്തിൻനാൾ വിഭവസമൃദ്ധമായ സദ്യയും. ഉത്രാടമായാൽ അടുക്കളയിൽ പെണ്ണുങ്ങളെ കയറ്റില്ല. പുരുഷന്മാർ തന്നെയാണ് പാചകവും അടുക്കളഭരണവുമൊക്കെ. പായസം വയ്ക്കുന്നതും ഉപ്പേരി വറുക്കുന്നതുമെല്ലാം അവരാണ്. അമ്മയ്ക്കും അന്ന് അടുക്കളയിൽ പ്രവേശനമില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ടി.വി.യിൽ വാർത്തയായി. അത് കുറേ സമയം കണ്ടു.
തറവാട്ടു കാരണവരായ അച്ഛനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകൾ അയവിറക്കികൊണ്ടു ഗൗരിയമ്മ തുടർന്നു.”ഓണത്തിന് ഞങ്ങൾക്കെല്ലാം തരാനുള്ള ഓണക്കോടികളുടെ കെട്ടുമായി അച്ഛൻ ചിറയിലൂടെ നടന്നുവരുന്ന കാഴ്ച്ച ഇന്നും എൻ്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. അന്ന് ഞങ്ങളെല്ലാരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂർത്തം.
എന്തൊക്കെയായിരിക്കും അച്ഛൻ ഓരോരുത്തർക്കും കരുതിയിരിക്കുക?അച്ഛൻ കെട്ട് ചാവടിയിൽ കൊണ്ടുവന്നു വയ്ക്കും. പൂവിടൽ ആണ് അന്നത്തെ മറ്റൊരു പ്രധാന ചടങ്ങ്. ഓണത്തിന് പത്തുനാൾ മുമ്പ് മുതൽക്കേ അത്തപ്പൂവിടാൻ തുടങ്ങും. വെളുപ്പിന് തന്നെ പാത്രങ്ങളുമായി തൊടിയിലും പറമ്പിലുമൊക്കെ പൂവിറുക്കാൻ പോകും.
പൂവിറുത്തുകൊടുക്കുന്ന ജോലിയെ ഞങ്ങൾക്കുള്ളു. ചേച്ചിമാരാണ് പൂക്കളം ഒരുക്കുക. ഓണത്തിൻ നാൾ നിറമുള്ള ഉടുപ്പും കൊച്ചുമഞ്ഞമുണ്ടും വാഴനാര് പട്ടും തരും. വെളുപ്പിനെ കുളിച്ചു പുത്തൻ ഉടുപ്പുമിട്ടു കുട്ടികളെല്ലാം വർണ്ണച്ചിറകുള്ള ചിത്രശലഭങ്ങളെ പോലെ പാറിപ്പറന്നു പോകും- ഗൗരിയമ്മ പറഞ്ഞു. ഇതിനിടയിൽ അകത്തുനിന്നു വന്ന വനിതാ സ്റ്റാഫ് ടി.വി.യിൽ സീരിയൽ വെച്ചു. എന്നോട് സംസാരിക്കുന്നതിനിടയിൽ ഗൗരിയമ്മ ഇടയ്ക്ക് സീരിയലും കാണുന്നുണ്ടായിരുന്നു.
ചതയമായാൽ തൊട്ടടുത്തുള്ള പൊഴിച്ചാലിൽ വള്ളംകളിയായി.
“ആണായെന്നാൽ നാണം വേണം, മുഖത്തഞ്ചു മീശ വേണം… എന്ന
പണിക്കരാശാൻ്റെ നേതൃത്വത്തിൽ വള്ളക്കാർ പാടുന്ന പാട്ട് ഗൗരിയമ്മ പാടി തന്നു. കുടുംബനാഥനായിരുന്ന അച്ഛൻ്റെ മരണശേഷം കാര്യമായ ഓണാഘോഷമൊന്നും ഉണ്ടായില്ല. അപ്പോഴേക്കും വക്കീൽപരീക്ഷ കഴിഞ്ഞ് ഞാൻ സന്നതെടുത്തു. ടൗണിലേക്ക് താമസവും മാറ്റി. പിന്നീട് രാഷ്ട്രീയ പ്രവർത്തനവും തിരഞ്ഞെപ്പുകളും…തിരക്കൊഴിയാത്ത ദിനങ്ങൾ.
“അച്ഛൻ്റെ മരണത്തോടെ വീട് ഉറങ്ങിയത് പോലെയായി. ഓണത്തിന് വീട്ടിൽ പോകും. തുടർന്നുള്ള ഓണമൊക്കെ അങ്ങനെയായിരുന്നു ”
ഓണക്കാലത്തു എത്രയോ ദിവസങ്ങൾ ലോക്കപ്പിലും ജയിലിലും ഒക്കെയായി കഴിച്ചുകൂട്ടി. പിന്നീട് എം.എൽ.എ ആയി, പലതവണ മന്ത്രിയുമായി. എങ്കിലും കുട്ടിക്കാലത്തെ ഓണത്തിൻ്റെ നിറവും തികവും ഒന്നും പിന്നീട് ഉണ്ടായിട്ടേയില്ല.
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം മൊത്തത്തിൽ ഓണത്തിൻ്റെ പകിട്ടും പൊലിമയും കുറയാനിടയാക്കി എന്ന് പറയുന്നതിൽ തെറ്റില്ല.” ദീർഘമായ സംഭാഷണം ഒരു ചെറു മന്ദഹാസത്തോടെ ഗൗരിയമ്മ പറഞ്ഞു നിർത്തി. ആ വലിയ മനസ്സിൻ്റെ ഓണസ്മൃതികൾ കുറിച്ചെടുത്ത സംതൃപ്തിയോടെ ഞാൻ എഴുന്നേറ്റു.
(തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യുറോയിൽ നിന്ന്
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി വിരമിച്ച സുരേഷ് മുതുകുളം 15 വർഷത്തോളം കേരള കർഷകൻ മാസികയുടെ എഡിറ്ററായിരുന്നു. ഇപ്പോൾ കൃഷി ജാഗരൺ മാസികയുടെ എക്സിക്യുട്ടീവ് എഡിറ്ററാണ്. )
ഗൗരിയമ്മ- ഫോട്ടോ: രഞ്ജിത്ത് ഈയ്യച്ചെറുവാട്ട്, ബെംഗളൂരു
Gowriamma was a firebrand Communist leader…There aren’t many like her any more…Remember meeting her during the 8 th congress of the communist party in 1968 in Ekm…I was studying in 8th std in Sainik School….