സുന്ദർബൻസ് എന്ന സൗന്ദര്യ ഭൂമിയിലൂടെ…
നമ്മെ ആശ്ചര്യപ്പെടുത്തുന്ന വേലിയേറ്റവും വേലിയിറക്കവും. പൊടുന്നനെ പെയ്യുന്ന പെരുമഴയും ചുഴലിക്കാറ്റും. മഴയ്ക്കുശേഷം തെളിയുന്ന ആകാശവും കത്തിജ്വലിക്കുന്ന സൂര്യനും. കുത്തിയൊലിച്ചെത്തുന്ന ചെളിവെള്ളം…. എല്ലാം ചേർന്ന് ഒരു അപൂര്‍വ്വ കാഴ്ചയാണ് സുന്ദർബൻസിലേത്. സുന്ദർബൻസ് ദേശീയോദ്യാനം സന്ദർശിച്ച വന്യജീവി ഫോട്ടോഗ്രാഫറും മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയരക്ടറുമായ ഡോ. പി.വി.മോഹനൻ അനുഭവങ്ങൾ കുറിക്കുന്നു.
ഇരപിടിക്കാൻ ദ്വീപിൽനിന്ന് ദ്വീപുകളിലേക്ക് നീന്തിയെത്തുന്ന റോയൽ ബംഗാൾ കടുവകൾ, വയറുനിറച്ച് തീരത്ത് വെയിൽകായുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ മുതലകൾ. ചെളിയിൽ നിരങ്ങി നീങ്ങുന്ന മഡ്സ്കിപ്പർ മീനുകൾ, ഈ മീനുകളെ പിടിക്കാൻ കാത്തുനിൽക്കുന്ന കാട്ടുപൂച്ചകൾ, വേലിയിറക്കത്തിൽ തീരത്തിന്റെ ഓരംപറ്റി മേയുന്ന മാൻ കൂട്ടങ്ങൾ. ചെറുവള്ളങ്ങളിൽ മീനും ഞെണ്ടും തേടിയെത്തുന്ന ഗ്രാമീണർ… ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടസ്ഥലം. അതാണ് സുന്ദർബൻസ്.
ലോകത്തെ ഏറ്റവും വലിയ കണ്ടൽ വനപ്രദേശമാണ് സുന്ദർബൻസ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഈ ചതുപ്പുപ്രദേശത്തിന് 10000 ചതുരശ്ര കി.മി. വിസ്തീർണ്ണമുണ്ട്. ഇതിൽ 60 ശതമാനവും ബംഗ്ലാദേശിലും ബാക്കി ബംഗാളിലുമാണ്. ബംഗാളിലെ രണ്ടു ജില്ലകളായ വടക്കെ 24 പർഗാനാസ്, തെക്കെ 24 പർഗാനാസ് എന്നിവ മുഴുവനും സുന്ദർബൻസിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രഫ്മപുത്ര, പത്മ,
മേഘ്നാ നദികളുടെ സംഗമ ഭൂമിയാണിത്. 1973 ൽ ഇന്ത്യാ ഗവർമ്മെണ്ട് ഈ പ്രദേശത്തെ കടുവ സംരക്ഷണ കേന്ദ്രമാക്കി. പിന്നീട് 1977 ൽ വന്യജീവി സംരക്ഷണ കേന്ദ്രമായും 1984 ൽ നാഷണൽ പാർക്കായും അംഗീകരിച്ചു. യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥലമായും കണക്കാക്കി. “സുന്ദരി” എന്ന് വിളിക്കുന്ന കണ്ടൽ ചെടിയുള്ളത് (Heritera fome) കൊണ്ടാണത്രെ ഈ കണ്ടൽപ്രദേശത്തിനും സുന്ദർബൻസ് എന്ന പേരിട്ടത്.
ജൈവ വൈവിധ്യത്തിന്റെ കലവറ
ജൈവ വൈവിധ്യത്തിന്റെ കലവറയാണീപ്രദേശം. 453 തരം ജീവജാലങ്ങളുണ്ടിവിടെ. 290 സ്പീഷീസ് പക്ഷികൾ,120 തരം മത്സ്യങ്ങൾ, 35 തരം ഉരഗങ്ങൾ, എട്ട് ഉഭയജീവികൾ എന്നിവ ഇതിൽപ്പെടും.180 റോയൽ ബംഗാൾ കടുവകൾ, 30000 പുള്ളിമാനുകൾ,
മൂന്നു തരം കാട്ടുപൂച്ചകൾ എന്നിവയും ഇവിടെയുണ്ട്. “മാൻ ഈറ്റേർസ് ” ആയ കടുവകൾക്ക് പേരു കേട്ട പ്രദേശമാണിത്. കണ്ടൽക്കാടുകൾ മുറിക്കാനും മീൻ പിടിക്കാനുമായെത്തിയ 40 പേരേയാണ് കടുവകൾ ഇതുവരെ കൊന്നത്. 2008 ൽ മാത്രം എട്ടു പേർക്ക് ഇങ്ങനെ ജീവഹാനി നേരിട്ടു. കണ്ടൽ പ്രദേശത്ത് ഉപ്പുവെള്ളം കുടിച്ചു വളരുന്ന കടുവകൾ ദ്വീപിൽ നിന്നു ദ്വീപിലേക്ക് നീന്തുന്ന കാഴ്ചകൾ ഇവിടെ മാത്രം കാണാൻ കഴിയുന്നതാണ്.
ഈ റോയൽ ബംഗാൾ കടുവകൾ വലുപ്പത്തിലും ഭംഗിയിലും വേറിട്ടു നിൽക്കുന്നു. വേലിയിറക്കത്തിൽ തീരങ്ങളിലെ ചെളിയിലിറങ്ങി, മീൻ, ഞണ്ട് എന്നിവയെ ഇരതേടുന്നതും ഇവയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ മത്സ്യങ്ങളിൽ നിന്ന് പകരുന്ന നാടവിരബാധ
കടുവകൾക്ക് പലപ്പോഴും മാരകമാകാറുണ്ട്. വംശനാശം നേരിടുന്ന വയൽ നായ്ക്കൻ പക്ഷി ( Lesser adjuctant), സുന്ദർബൻസിൽ മാത്രം കണ്ടുവരുന്ന ചാര ചിറകൻ മീൻ കൊത്തി, അന്യരാജ്യങ്ങളിൽ നിന്ന് വിരുന്നിനെത്തുന്ന റൂഡ്ഡി മീൻ കൊത്തി എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.
റൂഡ്ഡി മീൻകൊത്തിയെ കാണാനായി ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും പക്ഷിനിരീക്ഷകരെത്താറുണ്ട്. വളരെ അപൂർവമായി മാത്രമെ ഇവയെ കാണാൻ കഴിയൂ. ഗുജറാത്തിൽ നിന്ന് ഒരു പക്ഷിനിരീക്ഷകൻ എട്ടു
തവണ വന്നശേഷമാണ് ഇവയെ കാണാൻ കഴിഞ്ഞതത്രെ ! വേലിയിറക്കത്തിൽ ചെളിയിൽ നിരങ്ങുന്ന മഡ് സ്കിപ്പർ മീനുകളെ വിഴുങ്ങി വെയിൽ കായുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ അഴിമുഖ മുതലകളുണ്ടിവിടെ.
ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ വംശനാശം നേരിട്ടവയാണ് ജാവൻ കണ്ടാമൃഗവും ഗംഗാ ഡോൽഫിനും ലോകത്ത് കണ്ടുവരുന്ന 50 കണ്ടൽ ഇനങ്ങളിൽ പകുതിയിലധികവും ഇവിടെയുണ്ട്. ഇതിനു പുറമെയാണ് 308 ഇനം മറ്റ് ചെടികൾ. വെള്ളം കയറാത്ത ഉൾപ്രദേശമാണ്
വന്യജീവികളുടെ ആവാസ കേന്ദ്രം. വേലിയിറക്കമായാൽ അവ ഇരതേടാൻ തീരത്തെത്തും. ദിവസവും ആറ് മണിക്കൂർ വീതമുള്ള വേലിയറ്റവും വേലിയിറക്കവും സുന്ദർബൻസിന്റെ ജീവിതക്രമത്തെ ചിട്ടപ്പെടുത്തുന്നു. വേലിയേറ്റത്തിൽ സുന്ദർബൻസിൽ മൂന്നിലൊരു ഭാഗം വെള്ളത്തിനടിയിലാകും.
രണ്ടര മീറ്റർ വരെ ഇവിടെ വെള്ളം ഉയരുകയുംചെയ്യും. വലിയ തിരയോടു കൂടി കുത്തിയൊലിക്കുന്ന വേലിയിറക്കവും വേലിയേററവും പേടിപ്പെടുത്തന്നതാണ്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നിരവധി വെള്ളച്ചാലുകളും ദ്വീപായി മാറിയ ചെളി നിറഞ്ഞ തിട്ടകളിൽ വളരുന്ന കണ്ടലുകളുമാണ് സുന്ദർബൻസിന്റെ പ്രത്യേകത.
സഫാരിവേണോ ?
കൽക്കട്ടയാണ് ഏറ്റവും അടുത്ത വിമാനത്താവളം. അവിടെനിന്ന് മൂന്നു മണിക്കൂർ കാർ യാത്ര ചെയ്താൽ സുദർബൻസിലെത്താം. നേരത്തെ ഓൺലൈൻവഴി സഫാരി ബുക്ക് ചെയ്യണം. നിരവധി പ്രൈവറ്റ് ഗ്രൂപ്പുകളും സഫാരി ബുക്കിങ്ങ് എടുത്തു തരും. അവർ തന്നെ ബോട്ടും
ഗൈഡും ഒരുക്കും. ബോട്ടിൽ തന്നെയാണ് താമസ്സവും യാത്രയും. താഴത്തെ നിലയിൽ എട്ടു പേർക്ക് കിടക്കാവുന്ന നാല് കിടക്കകൾ ഒരുക്കിയിട്ടുണ്ടാകും.ലഗേജ് വെക്കുന്നതും അടുക്കളയും താഴെതന്നെ.
സഞ്ചാരികൾക്ക് മുകൾ ഭാഗഞ്ഞിരുന്നു നിരീക്ഷിക്കാം.ഭക്ഷണവും വെള്ളവും അവിടെ ഒരുക്കി വെക്കും.ബോട്ടിൽ കയറിയാൽ എത്ര ദിവസമാണെങ്കിലും സഫാരി കഴിഞ്ഞേകരയിലെത്തു. കുളിക്കാനുള്ള സൗകര്യം ബോട്ടിലില്ലാത്തതിനാൽ ആവശ്യമുള്ളപ്പോൾ മാത്രം ബോട്ട്
രാത്രി കരയിലെത്തിക്കും. കുളി കഴിഞ്ഞ് വീണ്ടും ഉൾപ്രദേശത്തായി ബോട്ട് നങ്കൂരമിടും. എന്നും രാവിലെ 5.30ന് സഫാരി തുടങ്ങും. വൈകുന്നേരം ഏഴു മണി വരെ ബോട്ടിൽ തന്നെ യാത്ര തുടരും.
വേലിയേറ്റവും വേലിയിറക്കവും നേരിൽ കാണാം. പക്ഷികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും ഗൈഡുകൾ സഹായിക്കും. ഫോട്ടോ എടുക്കുവാനും ബോട്ട് നിർത്തിതരും. മൊബൈൽ, കേമറ ബാറ്ററികൾ ചാർജ് ചെയ്യാനായി ജനറേറ്റർ രാത്രിയിൽ പ്രവർത്തിപ്പിക്കും. ഭക്ഷണമായി നോൺവെജും വെജും ലഭ്യമായിരിക്കും. എല്ലാം നേരത്തെ പറയണമെന്ന് മാത്രം. യാത്രയിൽ 52 ഇനം പക്ഷികൾ, കടുവ, കാട്ടുപൂച്ച, മുതല,ഉടുമ്പ്, മഡ്സ്കിപ്പർ മീനുകൾ എന്നിവയെ കണ്ടു. മീൻ കൊത്തിയിലെ അപൂർവ ഇനങ്ങളും കാണാൻ ഭാഗ്യമുണ്ടായി. മഴയത്തുള്ള ബോട്ട് യാത്ര
വേറിട്ട അനുഭവമായി. ശക്തിയായ കാറ്റിൽ ബോട്ട് ആടി ഉലഞ്ഞത് ഞങ്ങളെ പേടിപ്പെടുത്തി. വേലിയിറക്കത്തിൽ ബോട്ട് ചെളിയിൽപ്പെട്ടതിനാൽ അടുത്ത വേലിയേറ്റം വരെ കാത്തിരിക്കേണ്ടിയും വന്നു. നാലു ദിവസത്തെ സഫാരി കഴിഞ്ഞ് മടങ്ങുമ്പോൾ സുന്ദർബൻസിലെ വീടുകളിലുണ്ടാക്കിയ ഗുലാബ്ജാമൂനും, രസഗുളയും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്.
കൊതിപ്പിക്കുന്ന യാത്രകൾ…
മനോഹരം.. മോഹൻ 👏🏻👍💐❤️
കാനന പാതകളിൽ വിരിയുന്ന അനുഭവക്കാഴ്ചകൾ . അഭിനന്ദനങ്ങൾ
Beautiful narration and pictures