വരിക വരിക സഹജരേ… പാടിയ അംശിയുടെ വീട്ടിൽ

ആര്‍. വിമലസേനൻ നായർ

‘വരിക വരിക സഹജരേ
വലിയ സഹന സമരമായ്
കരളുറച്ചു കൈകൾകോർത്തു
കാൽ നടയ്ക്കു പോകനാം…’

നാഗർകോവിലിൽ വീടിനടുത്താണ് പ്രൈമറി സ്കൂൾ. അഞ്ചുമിനിറ്റ് നടക്കാനുള്ള ദൂരം. സ്വാതന്ത്ര്യദിനത്തിൽ രാവിലെ കുട്ടികൾ സ്കൂളിൽ എത്തും. പതാകയുയർത്തൽ കഴിഞ്ഞ് കുട്ടികൾ കുഞ്ഞു പതാകകൾ കൈകളിലേന്തി വരിവരിയായി ഗ്രാമവഴികളിലൂടെ അദ്ധ്യാപകർ പാടിക്കൊടുക്കുന്ന സ്വാതന്ത്ര്യഗീതങ്ങൾ ഏറ്റുചൊല്ലിക്കൊണ്ട് നടന്ന് തിരിച്ചു സ്കൂളിലെത്തും. അതുകഴിഞ്ഞാണ്

മുട്ടായിവിതരണം. പച്ചനിറമുള്ള പ്ലാസ്റ്റിക്ക് കടലാസിൽ പൊതിഞ്ഞ ഡക്കാൺ മുട്ടായി വരിവരിയായി നിന്ന് കൈപ്പറ്റിയശേഷം കുട്ടികൾ പിരിഞ്ഞുപോകും. അന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷയാത്രയിൽ കുട്ടികൾ പാടിയിരുന്നത് പ്രധാനമായും ‘വരിക വരിക സഹജരേ’ എന്ന ഗീതം ആയിരുന്നു. അതിനപ്പുറം ആ പാട്ടിന്റെ പ്രാധാന്യം എന്തെന്നോ  പാട്ട് എഴുതിയത് ആരെന്നോ ഒന്നും അറിയില്ല. അത് ഉച്ചത്തിൽ 

ഏറ്റുചൊല്ലുമ്പോൾ കുട്ടികളുടെ മനസ്സുനിറയെ തിരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ കിട്ടുന്ന ഡെക്കാൺ മുട്ടായി മാത്രമായിരുന്നു. പിന്നീട് വലിയ ക്ലാസിലെത്തിയപ്പോഴാണ്‌ ഇതെഴുതിയത് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ അംശി നാരായണപിള്ളയാണെന്നും കോഴിക്കോടുനിന്ന് വടകര വഴി പയ്യന്നൂരിലേക്ക് നടത്തിയ

ഉപ്പുകുറുക്കൽ സമരജാഥയിൽ പാടാനായി എഴുതിയതാണെന്നുമുള്ള കാര്യങ്ങൾ മനസ്സിലായത്. എന്റെ ഗ്രാമത്തിൽ നിന്ന് അംശി എന്ന സ്ഥലത്തേക്ക് ഇരുപതു കിലോമീറ്ററിൽ താഴെ ദൂരമേ വരൂ. അംശി നാരായണപിള്ളയുടെ മകളുടെ മകൻ ഗിരിധരൻ പ്രീയൂണിവേഴ്സിറ്റി ക്ലാസ്സിൽ എന്റെ സഹപാഠി ആയിരുന്നു.

എന്നാൽ അംശിയിൽ പോകാനോ വരിക വരിക സഹജരേ… എന്ന് പാടി മലയാളക്കരയെ ആവേശം കൊള്ളിച്ച ആ മഹാന്റെ ഭവനം ഒന്നു കാണാനോ അറുപത്തിമൂന്ന് വയസ്സാകും വരെ കഴിഞ്ഞില്ല. ഈയിടെ അത് നടന്നു. സുഹൃത്ത് പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി.മുരളിയും ഒപ്പമുണ്ടായിരുന്നു. ആലോചിച്ച്

ആസൂത്രണം ചെയ്ത യാത്രയൊന്നും ആയിരുന്നില്ല. തമ്മിൽ കണ്ടിട്ട് നാളൊരുപാടായി. ഒന്നു കാണാനും കുറച്ചുനേരം ഒന്നിച്ചിരുന്ന്‌ മിണ്ടാനും ഒരു കാർയാത്ര. തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിൽ കളിയിക്കാവിള എന്ന കേരള-തമിഴ്നാട് അതിർത്തി കടന്ന് കുഴിത്തുറപ്പാലം കഴിയുമ്പോൾ വലത്തോട്ട് തിരിയുന്ന പാതയിൽ ഏഴെട്ടു കിലോമീറ്റർ പോയാൽ

തേങ്ങാപ്പട്ടണം എന്ന കടലോരഗ്രാമത്തിൽ എത്താം. തേങ്ങാപ്പട്ടണത്ത് എത്തുന്നതിനു ഒരു കിലോമീറ്റർ മുമ്പാണ് അംശി എന്ന സ്ഥലം. ചോദിച്ചു ചോദിച്ച് ലക്ഷ്യസ്ഥാനത്തെത്തി. അംശി നാരായണപിള്ളയുടെ വീട്..! ആ വീട്ടിൽ ഇപ്പോൾ ആരും താമസ്സമില്ല. തൊട്ടടുത്ത് മറ്റൊരു വീട്ടിൽ മൂത്തമകൻ അംശി മുകുന്ദൻ നായർ താമസിക്കുന്നു. 

അംശി മുകുന്ദൻ നായർ

അദ്ദേഹം വന്നു പരിചയപ്പെട്ടു. വാതിലുകളും ജനാലകളും തുറന്ന് വീടുമുഴുവൻ കാണിച്ചുതന്നു. വീട് ഒരു മ്യൂസിയംപോലെ സൂക്ഷിച്ചിരിക്കുന്നു. കുറേ നേരം സംസാരിച്ചിരുന്നു.

പല കാലങ്ങളിലായി അംശി നാരായണപിള്ള എഴുതിയ ഗീതങ്ങളും കവിതകളും സമാഹരിച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത് 1974 ൽ ആണ്. അവതാരിക എഴുതിയത് മഹാകവി എം.പി.അപ്പൻ. പിന്നീട് പതിപ്പുകൾ ഇറങ്ങിയിട്ടില്ല. ആദ്യപതിപ്പിന്റെ ഒരേയൊരു കോപ്പിയേ ആ വീട്ടിലുള്ളൂ. കേരളസാഹിത്യ അക്കാദമിയെക്കൊണ്ട് പുന:പ്രസിദ്ധീകരിക്കാൻ ശ്രമം നടത്താമെന്ന് മുരളി പറഞ്ഞു. നിറഞ്ഞ ചാരിതാർഥ്യത്തോടെ ഞങ്ങൾ യാത്ര തുടർന്നു…

ജീവിതരേഖ

1896 ൽ ജനിച്ച അംശി നാരായണപിള്ള തിരുവിതാംകൂർ പോലീസ് വകുപ്പിൽ ക്ലാർക്കായിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിനിറങ്ങി.1924ൽ ‘മഹാത്മ’ എന്ന പേരിൽ വാരിക തുടങ്ങി.
പിന്നീട് പി.കേശവദേവുമായി ചേർന്ന് തൃശ്ശൂരിൽ നിന്ന് ഇത് ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു.
ഗുരുവായൂർ സത്യാഗ്രഹത്തിനും മറ്റും ശക്തമായ പ്രചാരണം നൽകിയ ഈ പത്രത്തിൽ അംശി തൻ്റെ സ്വാതന്ത്ര്യ സമര ഗീതങ്ങളായ കവിതകൾ പ്രസിദ്ധീകരിച്ചു. 1941-ൽ അംശിയിൽ സ്ക്കൂൾ സ്ഥാപിച്ചു. പിന്നീട് ഇത് ഹൈസ്ക്കൂളായി. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തപ്പോൾ എഴുതി പാടിയ വരിക വരിക സഹജരേ… എന്ന ഗാനം
 
 
പിന്നീട് നിരോധിച്ചു. നിരോധനത്തിനെതിരെ പോരാടിയതിന് അംശിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ആറര മാസം തടവുശിക്ഷ ലഭിച്ചു.1981ൽ അന്തരിച്ചു. ചിത്രങ്ങള്‍: ആര്‍. വിമലസേനന്‍ നായര്‍ (ആകാശവാണി തിരുവനന്തപുരം നിലയം മുന്‍ ഡയരക്ടറാണ്‌ ലേഖകൻ )

One thought on “വരിക വരിക സഹജരേ… പാടിയ അംശിയുടെ വീട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *