മഹാകവി പി. പ്രപഞ്ച സത്യസൗന്ദര്യങ്ങളുടെ പ്രവാചകൻ

ദിവാകരൻ വിഷ്ണുമംഗലം

“കേശാദിപാദം കവിയായ്
കാഞ്ഞങ്ങാട്ട് പിറന്നവൻ
അർദ്ധായുസ്സുവരെ പേരാ-
റ്റിങ്കൽ മുങ്ങികുളിച്ചവൻ
കുഞ്ഞിരാമൻ നായരെന്ന
വിശ്വവിസ്മയകാരകൻ ”

എന്നാണ് അക്കിത്തം മഹാകവി പി.കുഞ്ഞിരാമൻനായരെ കവിതയിൽ അടയാളപ്പെടുത്തിയത്‌. അതുപോലെ പഴയ തലമുറയിലെ കെ.കെ.രാജ മുതൽ പുതിയ തലമുറയിലെ ബിജു കാഞ്ഞങ്ങാട് വരെ നീണ്ട കവിപരമ്പരകളത്രയും കുഞ്ഞിരാമൻ നായരെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്.

വൈലോപ്പിള്ളിയുടെ വിഖ്യാതകവിതയായ “മധുമക്ഷിക” ഉൾപ്പെടെയുള്ള കവിതകൾ ചേർത്ത് മാങ്ങാട് രത്നാകരൻ “മധുമക്ഷിക” എന്ന പേരിൽത്തന്നെ പി.യെ കുറിച്ച് മലയാള കവികൾ എഴുതിയ

കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി. ആറ്റൂരിൻ്റെ പി കവിതയായ “മേഘരൂപൻ ” എന്ന പേരിൽ ആയിരുന്നു അത് ആദ്യം പുറത്തിറങ്ങിയിരുന്നത്.

മലയാളത്തിലെ വിവിധ കാവ്യ ധാരയിലുള്ള കവികളെയെല്ലാം സ്വാധീനിക്കാൻ കുഞ്ഞിരാമൻനായർക്കവിതകൾക്കായിട്ടുണ്ട് എന്നതിന് ഇതിലെ കവിതകൾ തെളിവാണ്.
പി എന്ന അക്ഷരത്തെ പ്രകൃതി എന്നും പരിസ്ഥിതി എന്നും ഇംഗ്ലീഷിൽ പോയറ്റ് എന്നുമെല്ലാം വിപുലീകരിക്കാം.
“പ്രകൃതീപിയൂഷം, പി,
ആത്മാവിൻ കുളിർപ്പച്ച”
എന്നാണ് കുഞ്ഞിരാമൻ നായരെ എൻ്റെ “പി” എന്ന കവിതയിൽ ഞാൻ കാവ്യപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. മലയാള കവിതയിൽ ഒരു നിത്യ വസന്തമായി മഹാകവി.പി നിലനിൽക്കുന്നു. 1978 ലാണ് പി യുടെ മരണം. നാല് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പി ഇപ്പോഴും പുതിയ രൂപത്തിലും ഭാവത്തിലും അർത്ഥത്തിലും പ്രയോഗത്തിലും കാലത്തിൻ്റെ ആവശ്യമായി പുനർജനിച്ചുകൊണ്ടിരിക്കുകയാണ്.

“വാക്കുകളുടെ മഹാബലി ” എന്ന് കെ. ജി. എസ്സ് , പി.യെ അടയാളപ്പെടുത്തിയിട്ടുള്ളത് എത്രയോ അന്വർത്ഥമാണ്. “സമസ്ത കേരളം.പി.ഒ “എന്ന് പി.യെപ്പോലെ കവിതയ്ക്ക് വേണ്ടി അലഞ്ഞുനടന്ന കവി ഡി.വിനയചന്ദ്രൻ നിർവ്വചിച്ചതും മറ്റൊരു കാവ്യപരമാർത്ഥം. കേരളത്തിൻ്റെ വടക്കേയറ്റത്ത് കാസർകോട് ജില്ലയിൽ ജനിക്കുകയും ഒരു ജീവിതകാലം മുഴുവൻ കവിതയ്ക്ക് വേണ്ടി അലഞ്ഞു നടന്ന് തെക്കേയറ്റത്ത് തിരുവനന്തപുരത്ത് മരിക്കുകയും ചെയ്തു ജീവിതം കൊണ്ടുതന്നെ കേരളത്തെ കവിതയിലേക്ക് പരി
ഭാഷപ്പെടുത്തിയ മറ്റൊരു കവിയില്ല.

കേരളത്തിൻ്റെ ഉത്സവങ്ങൾ, കേരളത്തിൻ്റെ വൃക്ഷങ്ങൾ ,കേരളത്തിൻ്റെ പൂക്കൾ, ഭൂപ്രകൃതി, സംസ്ക്കാരങ്ങൾ,താളം ഇവയെല്ലാം ആ കവിതകളിലുണ്ട്. കുഞ്ചൻനമ്പ്യാർക്കവിതകളിൽ ആയിരുന്നു അതിനു മുൻപ് ഇതുപോലെ കേരളം ഇത്ര സർഗ്ഗനിബിഡമായി ഉണ്ടായിരുന്നത്.

ഇന്ന് കേരളത്തിൽ എന്തെല്ലാം ഗ്രാമനന്മകൾ നഷ്ടപ്പെടുന്നുവോ സംസ്കാരത്തിൻറെ എന്തെല്ലാം നല്ല വശങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവോ, അതൊക്കെയും വീണ്ടെടുക്കണമെങ്കിൽ കുഞ്ഞിരാമൻനായരുടെ കവിതയെ മനസ്സുതൊട്ട് ഒന്നു മറിച്ചുനോക്കിയാൽ മതി.

കേരളത്തിൻറെ ഭൂഹൃദയത്തിലൂടെ നിതാന്തമായ സത്യസൗന്ദര്യം തേടി അലഞ്ഞ ഒരു അവധൂത മഹാകവിയായിരുന്നു പി.
“അടുത്തടിവച്ചു തൊടുവാൻ നോക്കുമ്പോൾ
അകലേക്കു പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാൻ
മെരുക്കുവാൻ നോക്കും മരിക്കുവോളവും”

ഇങ്ങനെ സത്യത്തിൻ്റെ വെളിച്ചം, സൗന്ദര്യത്തിൻ്റെ വെളിച്ചം,ലോകത്തിൻ്റെ വെളിച്ചം തേടിയുള്ള യാത്രയായിരുന്നു ആ മഹാകവിക്ക് കവിത.
പി.യുടെ ആത്മകഥകളുടെ പേര് തന്നെ നോക്കുക. കവിയുടെ

കാൽപ്പാടുകൾ, എന്നെത്തിരയുന്ന ഞാൻ, നിത്യകന്യകയെത്തേടി… ഇതിലൊക്കെ ഒരു തേടലും തിരയലും നിരന്തരമായ സത്യാന്വേഷണയാത്രയുടെ കാല്പാടുകളുമുണ്ട്. കവിതയിലൂടെ അദ്ദേഹം തേടുന്നത്
“ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാം
ഏകാന്തദ്വയശാന്തിഭൂവിനു
നമസ്കാരം നമസ്കാരമേ” എന്ന് പ്രരോദനത്തിൻ്റെ അന്ത്യത്തിൽ മഹാകവി കുമാരനാശാൻ ഒക്കെ കണ്ട ആ വലിയ പ്രകാശമാണ്.
“കളിയച്ഛൻ”എന്ന വിഖ്യാത കവിതയിൽ
“ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമതൻ പൊൻതിടമ്പാം മഹാ –
ജ്യോതിസ്സ്വരൂപനെക്കാണുന്നതില്ലയോ? ”
എന്ന് ദർശിക്കുന്നുണ്ട് ,പി. അങ്ങനെ ഭൗതികപ്രകാശത്തെയൊക്കെ ഇരുട്ടാക്കിക്കളയുന്നത്ര ദീപ്തമായ മഹാപ്രകാശം, പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രകാശമാകുന്ന ശക്തിചൈതന്യം, ആ വലിയ പ്രകാശത്തിലേക്ക് ഉൻമുഖമായ ധ്യാനാത്മകമായ ഒരു കാവ്യസഞ്ചാരമായിരുന്നു പി യുടെ കാവ്യയാത്ര.
“ഏകാന്തവാസം കൈകൊണ്ട
ശാന്തമാം നീലമാമല
ഗണിക്കുന്നു ധ്യാനമൂകം
പ്രപഞ്ചത്തിൻ്റെ ജാതകം” എന്ന വരികൾ കുറച്ചൊന്നുമല്ല എന്നെ വിസ്മയിപ്പിച്ചത്.
ഞാൻ കോളേജിൽ പഠിച്ചത് ജിയോളജി അഥവാ ഭൂവിജ്ഞാനീയമാണ്. ഇതിൽ “സ്ട്രാറ്റിഗ്രാഫി “എന്ന ഒരു ഭാഗം പഠിക്കാനുണ്ട്. ഓരോ കാലങ്ങളിലും നിക്ഷേപിക്കപ്പെട്ട അവസാദങ്ങൾ കാലാന്തരത്തിൽ ചൂടും മർദ്ദവുമേറ്റ് ശിലകളായി മാറുന്നു .

അവയുടെ അടരുകളിലെ ഫോസിലുകൾ പരിശോധിച്ചാൽ ഓരോ ശിലാപടലത്തിൻ്റെയും കാലഗണന സാധ്യമാകുന്നു. “സ്ട്രാറ്റിഗ്രാഫി “യും “പാലിയന്റോളജി “യുമൊന്നും പഠിക്കാത്ത കുഞ്ഞിരാമൻ നായർക്ക് പ്രപഞ്ചജാതകം ഗണിക്കുന്ന ഈ ശാസ്ത്രവിദ്യ എങ്ങനെ മനസ്സിലായി എന്നതാണത്ഭുതം.അതുപോലെ തന്നെയാണ് കുഞ്ഞിരാമൻനായരിലെ ഇക്കോളജിക്കൽ വീക്ഷണങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു.
“കണികാണുക പൂമൊട്ടേ,
പരംജ്യോതിസ്വരൂപനെ
സ്വബോധമെന്ന കൈനീട്ടം
തരും വിശ്വൈകബാന്ധവൻ ”
ഈ ലോകത്തെ മുഴുവൻ സ്നേഹത്താൽ ബന്ധിച്ചിരിക്കുന്ന സൂര്യനെ ധ്യാനിച്ച് നിൽക്കുകയാണ് പൂമൊട്ട് .നേരത്തെ പർവ്വതം പ്രപഞ്ചത്തിൻറെ ജാതകം ഗണിച്ചുകൊണ്ട് ധ്യാനിച്ചു നില്ക്കുന്ന മാതിരി ,കവി പൂമൊട്ടിനോട് പറയുകയാണ്. അങ്ങനെ ധ്യാനിക്കുമ്പോൾ നിനക്ക് സ്വബോധം ഉണ്ടാകും. അപ്പോഴാണ് ഈ സൂര്യനില്ലെങ്കിൽ ചെടിയില്ല എന്നും ചെടി ഇല്ലെങ്കിൽ ഈ പൂക്കളില്ല എന്നും ഈ ജിവജാലങ്ങളൊന്നുമുണ്ടാവില്ല എന്നുമുള്ള ബോധം ഉണ്ടാവുന്നത്.

ഇത്തരമൊരു പാരിസ്ഥിതികാവബോധം കവിതയിലൂടെ ബോധ്യപ്പെടുത്തി നിതാന്തമായ പ്രപഞ്ചസത്യത്തിൻ്റെ വെളിച്ചം ജന്മനാ
കവിയായ കുഞ്ഞിരാമൻനായർ നൈസർഗ്ഗികമായ കവിത്വത്തിലൂടെ നേടി എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റൂ. അതുതന്നെയാണ്
“മർത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമീ ചരാചര –
മൊന്നായിത്തളർന്നുപോം
ഇപ്രപഞ്ചത്തിൽ ചോരഞരമ്പൊന്നറുക്കുകിൽ ”
എന്ന അവബോധത്തിലേക്ക് പി.യെ എത്തിക്കുന്നത്.ഒരു ചെടിയുടെ വേരറുക്കുമ്പോൾ അറ്റുപോകുന്നത് നമ്മുടെ തന്നെ അസ്ഥിത്വത്തിൻ്റെ വേരാണ് എന്ന ഒരു വലിയ ശാസ്ത്രീയ യുക്തിചിന്ത, ജൈവികതയാർന്ന കാവ്യപാഠം പകർന്നു തരികയാണ് പി. ഇക്കോ പൊളിറ്റിക്കൽ ആയ പ്രപഞ്ച സൗന്ദര്യാത്മകതയുടെ പ്രവാചകനായിരുന്നു മഹാകവി.പി. മലയാളത്തിലെ കവിതയുടെ ശക്തി സൗന്ദര്യമായിരുന്ന ആ കവിതകൾ.
“നീലവിണ്ടലമെന്നൊരൊറ്റ മേൽപ്പുരയുള്ള
വീടത്രേ ലോകം,
കെടാവിളക്കോ വിശ്വപ്രേമം”
എന്നതാണ് പി.യുടെ വിശ്വദർശനം. ഈ നീലാകാശം എന്ന കുടയ്ക്ക് കീഴിൽ ഉള്ള എല്ലാവരും ഏകോദര സഹോദരന്മാരെ പോലെയാണ് അവിടെ ജാതിയോ മതമോ വർണ്ണമോ വർഗ്ഗമോ ഒന്നും അതിരില്ല. ദേശകാലസീമകളില്ല. അതിലുള്ള അചേതനാചേതന പ്രപഞ്ചസൃഷ്ടികളത്രയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രകൃതിപാഠം പകർന്നുതരികയാണ് പി.

അങ്ങനെ കേരളത്തിൻറെ നിറവും നിലാവും കവിതയുടെ സമസ്ത സൗന്ദര്യങ്ങളും കവിതയിലേക്ക് ആവാഹിച്ച് കവിതയെന്ന നിത്യകന്യകയെത്തേടി അദ്ദേഹം അലഞ്ഞു. ഇത് പലരും വ്യാഖ്യാനിച്ചത്

കേവലം ഭൗതികമായ അർത്ഥതലത്തില്‍ മാത്രമാണ്‌.
കുഞ്ഞിരാമൻനായരിൽ ഒരേ സമയം ഒരു അലസനായ സഞ്ചാരിയും സൂക്ഷ്മദൃക്കായ ഒരു നിരീക്ഷകനും ഉള്ളതായി കാണാം. അന്ധർ ആനയെക്കണ്ട പോലെ ആർക്കും ആ കവിത്വസഞ്ചാരത്തെ ശരിയായി മനസ്സിലായിട്ടില്ല
” അന്ധർ നിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൻ
രോമം കൊണ്ടൊരു മോതിരം ”
എന്ന് ആറ്റൂർ തൻ്റെ ” മേഘരൂപൻ ” എന്ന കവിതയിൽ ആ മഹാകാവ്യവിസ്മയത്തിന് മുന്നിൽ അത്ഭുതത്തോടെ നില്ക്കുന്നുണ്ട്.
പ്രപഞ്ചത്തിൻ്റെ സത്യസൗന്ദര്യ രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ
“നമസ്കാരം ഭൂതധാത്രീ
തായേ,പോയി വരട്ടയോ
ഭൂഗോള മുറി തൻ താക്കോൽ
തിരിച്ചേൽപ്പിച്ചിടുന്നു ഞാൻ ”
എന്നാണ്
പി ഒടുവിൽ എഴുതുന്നത്..

“അമ്മ തൻ നെഞ്ചിൽനിസ്വാർത്ഥത പസ്സിൻ്റെ –
യാദ്യ പാഠത്തെക്കുറിക്കും വിരൽകളാൽ
വിണ്ണിൻ്റെ താക്കോൽ മുറുകെപ്പിടിച്ചല്ലീ
വന്നിരിക്കുന്നതവർതൻ കിടാവഹോ!”
എന്ന് ബാലാമണിയമ്മ തൻ്റെ കവിതയിൽ പറയുന്നതുപോലെ,
കുട്ടികൾ ജനിക്കുമ്പോൾ കൈ ചുരുട്ടിപ്പിടിച്ചാണ് കാണപ്പെടുന്നത്. അത് പ്രപഞ്ചരഹസ്യങ്ങൾ തുറന്നു നോക്കാനുള്ള ആദൃശ്യമായ താക്കോൽ ആ പിഞ്ചു കൈയ്യിലുള്ളതുകൊണ്ടാണ്. മഹാകവിക്ക് ആ താക്കോൽ കവിതയായിരുന്നു. സ്വന്തം കാവ്യകർമ്മം നിറവേറ്റി ആ താക്കോൽ വരും തലമുറയ്ക്കായി കവി തിരിച്ചേൽപ്പിച്ചു.അതുവരെ
“തരിക്കില്ല മനം തെല്ലും
പകയ്ക്കാ രണഭൂമിയിൽ
മരിക്കും ഞാൻ നിനക്കായി
മംഗളാദർശദേവതേ ”
എന്ന് കവിതാദേവതയ്ക്കായി സ്വയം നരബലി നടത്തി.
ആത്യന്തികമായി കവിതയ്ക്കുവേണ്ടി ഒരു ജീവിതം ബലികൊടുത്ത ആ മഹാകവിയുടെ സ്മരണയിലാണ് നാമിപ്പോൾ
“സൂക്ഷിച്ചു നോക്കൂ കവിതയല്ലാതെ
യെന്തുണ്ടു ഭൂമിയിൽ ”
എന്ന് തിരിച്ചറിഞ്ഞ കവി.

പ്രിയകവി സച്ചിദാനന്ദൻ അദ്ദേഹത്തിൻ്റെ
“രണ്ടാംവരവ് “എന്ന കവിതയിൽ
” ഏതൊരാളേതൊരാൾ പാടുന്നു തീരത്ത്
രാവു വളരുന്നതാദ്യമായ് കണ്ടവൻ”
എന്ന് ക്രാന്തദർശിയായ പി യെ കുറിച്ച് പറയുന്നുണ്ട്. കവി എല്ലാം ഏറ്റവും ആദ്യം കാണുകയാണ്. വരുംകാലവിപത്തുകളെക്കുറിച്ച് നമ്മോട് വിളിച്ചു പറയുകയാണ്. അതുകൊണ്ടാണ് വനനശീകരണം കാണുമ്പോൾ “നിർത്തുക വീരന്മാരേ,
വിപിനവധോത്സവം”
എന്ന് പി.കാവ്യപ്രതിരോധം തീർക്കുന്നത്.
“വൻ നദങ്ങൾ നാടിൻ
ചോര ഞരമ്പുകൾ ”
എന്ന് പുഴകളെ മലിനമാക്കുന്ന നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നത്.

അങ്ങനെ വർത്തമാനകാലത്തിൻ്റെയും ഭൂതകാലത്തിൻ്റെയും ഭാവിയുടെയും കവിയായി മാറുകയാണ് പി. കാലത്തിലൂടെ സഞ്ചരിച്ച ഈ കവി ഇനിയുമെത്രയോ തലമുറയിലൂടെ സഞ്ചരിക്കാനിരിക്കുന്നു. മലയാള കവിതയ്ക്ക് വിശ്വരൂപദർശനം നല്കിയ ഈ മഹാകവി നമുക്കു പറഞ്ഞുതന്ന പ്രപഞ്ചപാഠങ്ങളത്രയും ആ കവിതകളിലൂടെ വായിച്ചുമനസ്സിലാക്കുകയും അടുത്തറിയുകയും പുതിയതലമുറയ്ക്ക് പകർന്നു കൊടുക്കുകയും മാത്രമേ നാം ചെയ്യേണ്ടതുള്ളൂ.
ആ മഹാകവിയുടെ നിത്യനൂതനകവിത്വത്തിനു മുന്നിൽ അക്ഷരപ്രണാമം.

(മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൽ നിന്ന് സീനിയർ ജിയോളജിസ്റ്റായി വിരമിച്ച കവി ദിവാകരൻ വിഷ്ണുമംഗലം കാഞ്ഞങ്ങാട് വിഷ്ണുമംഗലം സ്വദേശിയാണ് )

ചിത്രങ്ങൾ മഹാകവി പി.യുടെ സുഹൃത്തും പി.ആർ.ഡി.യിൽ ഡിസൈനറുമായിരുന്ന പി.വി.കൃഷണൻ പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *