സന്തൂറിൻ്റെ പര്യായമായ പണ്ഡിറ്റ് ശിവകുമാർ ശർമ്മ
ഡോ. വി. ജയരാജൻ
ശിവകുമാർ ശർമ്മ എന്ന വിഖ്യാത സംഗീതജ്ഞൻ വിട പറയുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ കുലപതിയെയാണ്. സൂഫി സംഗീതത്തിൻ്റെ പല സംഗീതോപകരണങ്ങളിൽ ഒന്നു മാത്രമാണ് സന്തൂർ. നൂറ് തന്ത്രികളുള്ള ഈ ഉപകരണത്തെ അടർത്തിയെടുത്ത് പുതിയൊരു സംഗീത ശാഖയ്ക്ക് രൂപം നൽകുക വഴി സന്തൂറിൻ്റെ പര്യായമായി മാറുകയായിരുന്നു പണ്ഡിറ്റ് ശിവകുമാർ ശർമ്മ.
മറ്റ് പല സംഗീതജ്ഞരേയും പോലെ സ്വന്തം കുടുബത്തിൽ നിന്ന് തന്നെ സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ചു. പിതാവ് ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ ബനാറസ് ഘരാനയിലെ പേര് കേട്ട സംഗീതജ്ഞനായ ഉമാദത്ത ശർമ്മയായിരുന്നു. ഉമാദത്ത ശർമ്മയ്ക്ക് വായ്പാട്ടും തബലയും പക്കവാജും ഒരുപോലെ വഴങ്ങുമായിരുന്നു.
ശിവകുമാർ ശർമ്മ അഞ്ച് വയസ്സ് മുതൽ തന്നെ വായ്പാട്ടും തബലയും പഠിക്കാൻ തുടങ്ങി. ഔദ്യോഗികമായി പണ്ഡിറ്റ് ബാദെ രാംദാസിൻ്റെ ശിഷ്യത്വം സ്വീകരിച്ചു. പന്ത്രണ്ട് വയസ്സിൽ ജമ്മുവിലെ റേഡിയോ സ്റ്റേഷൻ ശിവകുമാർ ശർമ്മയുടെ ഹിന്ദുസ്ഥാനി കച്ചേരി പ്രക്ഷേപണം ചെയ്തത് ഈ കൊച്ചു കലാകാരൻ്റെ സംഗീത സിദ്ധിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരമായി കണക്കാക്കുന്നു.
തൻ്റെ ലക്ഷ്യം വായ്പാട്ടോ തബല വാദനമോ അല്ലെന്നു് തിരിച്ചറിയാൻ ഏറെക്കാലം വേണ്ടി വന്നില്ല. സന്തൂർ എന്ന തന്ത്രി വാദ്യം ശിവകുമാർ ശർമ്മയെ പരിചയപ്പെടുത്തിയതും അദ്ദേഹത്തിൻ്റെ പിതാവ് തന്നെയാണ്. അന്നു മുതൽ തന്നെ സന്തൂറിനോട് പ്രത്യേക മമത പ്രകടിപ്പിക്കയും അതിനെ ഉപാസിക്കയും ചെയ്തു. ശതതന്ത്രി വീണ എന്ന പേരിലായിരുന്നു സന്തൂർ അറിയപ്പെട്ടിരുന്നത്. അതാകട്ടെ സൂഫി സംഗീതത്തിൻ്റെ പല ഉപകരണങ്ങളിൽ ഒന്ന് മാത്രവുമായിരുന്നു. സൂഫിയാനാ മൗസുഖി പാടാനായിരുന്നു പ്രധാനമായും ഇത് ഉപയോഗിച്ചിരുന്നത്.
സന്തൂറിനെ സ്വതന്ത്ര സംഗീതോപകരണമാക്കി മാറ്റി ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ ശാഖയെ അദ്ദേഹം ധന്യമാക്കി. 1955 ൽ സന്തൂർ കച്ചേരി നടത്തി അരങ്ങേറ്റം കുറിച്ചു. ഇത് ഹിന്ദുസ്ഥാനി സംഗീതത്തിലെ പരമ്പരാഗത സംഗീതജ്ഞരെ പ്രകോപിപ്പിച്ചു.
ഫോക് സംഗീത ഉപകരണത്തെ എങ്ങിനെയാണ് ക്ലാസിക്കൽ പാരമ്പര്യം അവകാശപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് യോജിപ്പിക്കുക? നെറ്റി ചുളിച്ച ശാസ്ത്രീയ സംഗീതജ്ഞർ അതിനെ മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചു. ഈണങ്ങൾക്ക് പ്രാധാന്യ മുള്ള ഹിന്ദുസ്ഥാനി സംഗീതത്തിന് സന്തൂറിൻ്റെ തന്ത്രി വാദ്യം യോജിക്കുന്നതല്ല. ഇതായിരുന്നു പരസ്യ വിമർശനം.
ആ വിമർശനങ്ങളെ പോസറ്റീവായി കാണുകയും ഈണ പ്രധാനമായ കമ്പികൾക്ക് പ്രാധാന്യം നൽകി സന്തൂറിനെ പരിഷ്കരിക്കയും ചെയ്തു. സംഗീതജ്ഞൻ തൻ്റെ ഉപകരണത്തിൻ്റെ ഘടന തന്നെ മാറ്റുന്ന അപൂർവ്വമായ വൈദഗ്ദ്ധ്യമാണ് ഇത് വഴി സഹൃദയ ലോകം കണ്ടത്.
മെല്ലെ മെല്ലെ വിമർശനങ്ങൾ അലിഞ്ഞലില്ലതാവുകയും കൂടുതൽ സ്വീകാര്യത സന്തൂറിന്ന് ലഭിക്കയും ചെയ്തു. എന്നു മാത്രമല്ല ആദ്യകാലങ്ങളിൽ പുരോഗമന വാദികളായ അനുവാചകർ മാത്രം അംഗീകരിച്ച ഹിന്ദുസ്ഥാനി സന്തൂർ കച്ചേരിയെ സമൂഹത്തിൻ്റെ എല്ലാ തുറകളിലുള്ള ആളുകളും അംഗീകരിക്കാൻ തുടങ്ങി.
ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ അവിഭാജ്യ ഘടകമാവാൻ ഏറെക്കാലം വേണ്ടി വന്നില്ല. 1956 ൽ പുറത്തിറങ്ങിയ ജനക്ക് ജനക്ക് പായൽ ബാ ജെ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കി തൻ്റെ സംഗീത പ്രതിഭ തെളിയിച്ചു ശിവകമാർ ശർമ്മ.
പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യയുമായി യോജിച്ച് ചെയ്ത നിരവധി സംഗീത പരിപാടികൾ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ശിവ് – ഹരി ദ്വയം എന്ന ഖ്യാതി കൂടി ലഭിച്ചിട്ടുണ്ട് ഈ കൂട്ടു കെട്ടിന്. ഇവരുടെ കൂട്ടുകെട്ട് സിനിമാ ലോകത്തിനും നവോന്മേഷം പകർന്നു.
സിൽസില, ലാമ് ഹെ, ഫാസ് ലെ , ദാർ, ചാന്ദ്നി തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധേയമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ മൂവർ സംഘത്തിൽ തബല വാദകൻ സാക്കീർ ഹൂസൈനും പരമപ്രധാനമായ സ്ഥാനമുണ്ട്. ഇവർ ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾക്ക് ഇന്ത്യയിൽ മാത്രമല്ല ലോ കത്തിൽ പല ഭാഗത്തും ഏറെ ആരാധകരുണ്ട്.
പദ്മശ്രീയും പദ്മവിഭൂഷണും ഉൾപ്പെടെ നിരവധി ബഹുമതികൾ ശിവകുമാർ ശർമ്മയെ തേടി എത്തിയിട്ടുണ്ട്. ജമ്മു സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
1993 ൽ ജമ്മുവിൽ നടന്ന ഇന്ത്യൻ ഫോക് ലോർ കോൺഗ്രസ്സിൽ പണ്ഡിറ്റ് ശിവകുമാർ ശർമ്മ പങ്കെടുത്തിരുന്നു. അതു പോലെ 2006 ൽ റഷ്യയിൽ നടന്ന “ഇന്ത്യൻ സംസ്കാരത്തിൻ്റെ ദിനങ്ങൾ” എന്ന പരിപാടിയിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ആ പരിപാടിയിൽ ആളുകൾ എഴുന്നേറ്റ് നിന്ന് നിർത്താതെ കരഘോഷം മുഴക്കി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. അപൂർവ്വമായിട്ടാണെങ്കിലും അദ്ദേഹം കേരളത്തിലും സന്തൂർ കച്ചേരി നടത്തിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് പയ്യന്നൂരിലെ തുരിയം സംഗീതോത്സവത്തിലുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ സാന്നിധ്യമാണ്. Photo credit: wikipedia commons
( തൃക്കരിപ്പൂർ ഫോക് ലാൻ്റ് ഇന്ത്യയുടെ ചെയർമാനാണ് ലേഖകൻ )