ഐ.ടി.യിൽ നിന്ന് കൃഷിയിലേക്ക്; ഈ ദമ്പതിമാർ പൊന്നുവിളയിക്കുന്നു
ജി. എസ്. ഉണ്ണികൃഷ്ണൻ നായർ
മീനാക്ഷിപുരത്തെ ജ്ഞാനശരവണനും ഭാര്യ കൃഷ്ണസുധയും ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള ഐ.ടി. ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്കിറങ്ങിയത്. ജൈവകൃഷിയെ കർമ്മരംഗമായി തെരഞ്ഞെടുത്തതിന് പ്രേരകമായത് മണ്ണെന്ന പോറ്റമ്മയുമായുളള പൊക്കിൾക്കൊടി ബന്ധം തന്നെയാണ്. കൃഷിയിൽ ഇപ്പോൾ ഇവർ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. കേരള – തമിഴ്‌നാട് അതിർത്തിയിലുള്ള ഗ്രാമമാണ് പാലക്കാട്ടെ ചിറ്റൂർ ബ്ലോക്കിലുള്ള മീനാക്ഷിപുരം .
ഹരിതദാമ്പത്യത്തിന്റെ തുടക്കം
ജ്ഞാനശരവണൻ ചെന്നൈയിൽനിന്ന് ഹ്യൂമൻ റിസോഴ്‌സ്
മാനേജ്മെന്റിൽ എം. എ. പാസ്സായശേഷം എൽ ആൻ്റ് ടി യിൽ എച്ച്.ആർ.ആൻ്റ് അഡ്മിനിസ്ട്രേഷനിൽ ജോലിയിൽ പ്രവേശിച്ചു. കൃഷ്ണസുധ തിരുപ്പൂർ കമലാപ്പട്ടി സ്വദേശിയാണ്.
ബി.എസ്.സി. കമ്പ്യൂട്ടർ ഗോൾഡ് മെഡലോടെ പാസ്സായി. തുടർന്ന് ഐ.ടി. യിൽ എം.എസ്.ബിരുദം നേടി വിപ്രോയിൽ ജോലിയിൽ കിട്ടി.
2014 ൽ വിവാഹത്തിന് മുമ്പായി പെണ്ണുകാണൽ ചടങ്ങു നടക്കുമ്പോൾത്തന്നെ ശരവണൻ ഒരു ഉപാധി വെച്ചു. ജോലിയിൽ അധിക കാലം തുടരാൻ താല്പര്യമില്ല. കർഷക കുടുംബമാണ്. ആവഴിതന്നെ താനും സ്വീകരിക്കും. കർഷക കുടുംബാംഗമായ കൃഷ്ണസുധ സന്തോഷത്തോടെയാണ് ആ വാക്കുകൾ കേട്ടത്. അത് സമ്മതവു മായിരുന്നു. കൃഷിയിൽ തന്നെയും ഒപ്പം കൂട്ടണമെന്നത് മാത്രമായിരുന്നൂ നിബന്ധന. 2016 ൽ രണ്ടുപേരും ഒരു ലക്ഷത്തോളം ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ജീവാമൃതവും മണ്ണിരവളവും
36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ തോട്ടം സമ്മിശ്രകൃഷിയുടെ ഉത്തമ മാതൃകയാണ്. കൃഷിക്കൊപ്പം കന്നുകാലി വളർത്തലുമുണ്ട്. 22 പശുക്കളുള്ളതിൽ 15 എണ്ണം നാടൻ ഇനങ്ങളാണ് . തൊഴുത്തു കഴുകുന്ന വെള്ളം നേരെ ടാങ്കിലെത്തിച്ച് ഡ്രിപ്പറുകൾ വഴി വിളകളുടെ ചുവട്ടിലെത്തിക്കുന്നു. 45000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണിത്. ദിവസവും 1000 ലിറ്റർ ജീവാമൃതം ഉണ്ടാക്കുന്നുണ്ട്. ഇവ വലിയ വീപ്പകളിലുണ്ടാക്കി, പുളിച്ചശേഷം നാലാം ദിവസം മുതൽ സെമി- ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വിളകളുടെ ചുവട്ടിലെത്തിക്കും.
ഈ രീതിയിൽ തൊഴിലാളികളുടെ ആവശ്യകത കുറയും. ഫലക്ഷമത കൂടുകയും ചെയ്യും. കൂടാതെ നാല് വലിയ ടാങ്കുകളിലായി ചാണകവും ഫാം വേസ്റ്റും ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റും ഉണ്ടാക്കുന്നു. മൂന്നുമാസം കൂടുമ്പോൾ അഞ്ച് ടണ്ണോളം മണ്ണിര കമ്പോസ്റ്റു ലഭിക്കും. ഖനജീവാമൃതം, ബീജാമൃതം എന്നിവയും ഉണ്ടാക്കി പ്രയോഗിക്കുന്നു. പഞ്ചഗവ്യവും ഉപയോഗിക്കുന്നുണ്ട്.
കേര സമൃദ്ധിയുടെ നിറക്കാഴ്ച
ഇവിടുത്തെ തെങ്ങുകളുടെ ആരോഗ്യവും വിളവും വിസ്മയകരമാണ്. മുമ്പ് മേമ്പൊടിയായി തെങ്ങുകൾക്കു രാസവളങ്ങൾ ചേർത്തിരുന്നുവെങ്കിൽ ഇന്ന് ജൈവവള പ്രയോഗം മാത്രമേയുള്ളൂ. 7.5X7.5 മീറ്റർ അകലത്തിലാണ് 1800 തെങ്ങുകൾ നട്ടിരിക്കുന്നത്. വെർമികമ്പോസ്റ്, ഇ. എം. ലായിനി ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റ്, ഉണക്ക ചാണകം എന്നിവ ഉൾപ്പെടെ ഒരു വർഷം 25 കിലോ ജൈവവളങ്ങൾ ജനുവരിയിലും ജൂണിലുമായി ഒരു തെങ്ങിന് നൽകുന്നുണ്ട്.
തെങ്ങൊന്നിന് മാസത്തിൽ രണ്ട് കിലോ ജീവാമൃതവും നൽകുന്നു. ഉണക്ക ഓല ഉപയോഗിച്ചുള്ള പുതയിടലും നിർബന്ധമായി ചെയ്യുന്നു. 800 തെങ്ങ് കള്ള് ചെത്താനായി നൽകിയിരിക്കുന്നു. ഒരു തെങ്ങിൽ നിന്ന് 300 രൂപ നിരക്കിൽ മാസവരുമാനം ലഭിക്കുന്നുണ്ട്. മറ്റുള്ളവയിൽ ഒരു തെങ്ങിൽനിന്നും വർഷത്തിൽ ശരാശരി 120 തേങ്ങ കിട്ടും. ഒന്നിന്റെ തൂക്കം 520 -530 ഗ്രാമാണ്. ജൈവരീതിയിൽ വിളയിച്ചതിനാൽ തേങ്ങയുടെ തൂക്കം മാത്രമല്ല കൊപ്രയുടെ അളവും കൂടുതലാണ്. ആട്ടുമ്പോൾ കൂടുതൽ വെളിച്ചെണ്ണ കിട്ടുന്നു.
തെങ്ങിനൊപ്പം ജൈവപഴങ്ങളും
ഒരേക്കറിൽ തനിവിളയായി 850 ‘അർക്ക കിരൺ’ എന്നയിനം പേര നട്ടിരിക്കുന്നു. നട്ട് എട്ടുമാസം കൊണ്ട് ഇത് കായ്ക്കും. ഒരു ചെടിയിൽനിന്ന് വർഷത്തിൽ 40 കിലോ പേരക്ക വിളവെടുക്കാം. കിലോയ്ക്ക് 60 രൂപ വില കിട്ടും. പേരയില ഉണക്കിപ്പൊടിച്ചതിനും പ്രമേഹ ഔഷധം എന്നനിലയിൽ പ്രിയമുണ്ട്. ഇതും നന്നായി മാർക്കറ്റ് ചെയ്യാനാവുന്നു.
മൂന്നേക്കറിലാണ് പച്ചക്കറികൃഷി. എല്ലാം ഹൈബ്രിഡ് ഇനങ്ങളാണ്. വെർമിവാഷ്, രാജാമൃതം, ജീവാമൃതം, ഇ. എം. ലായിനി, ജീവാണുക്കൾ ചേർത്ത് സമ്പുഷ്‌ടീകരിച്ച ചാണകസ്ലറി എന്നീ വളങ്ങളാണ് ഇവയ്ക്കു നൽകുന്നത്. പച്ചക്കറികളും പഴങ്ങളും പാലക്കാടും പൊള്ളാച്ചിയിലുമുള്ള ജൈവ ഷോപ്പുകളിൽ നൽകിയാണ് വിപണനം. ഇതിലൂടെ സാധാരണ മാർക്കറ്റ് വിലയേക്കാൾ അധികവില കിട്ടുന്നുണ്ട്.
കരഭൂമി വയലാക്കി നെൽകൃഷി
60 സെൻറ് കരഭാഗം കിളച്ച് വെള്ളം ചേർത്ത് ചെളിപ്പരുവത്തിലാക്കി വയലാക്കി മാറ്റി അവിടെ രക്തശാലി, പാലക്കാടൻ മട്ട എന്നീ ഇനങ്ങൾ കൃഷിചെയ്യുന്നു. രക്തശാലി കഴിഞ്ഞ സീസണിൽ കൃഷിചെയ്തതിലൂടെ 950 കിലോ നെല്ല് ലഭിച്ചു. ഇളം ചുവന്ന നെല്ലും അതേ നിറത്തിൽ തന്നെയുള്ള അരിയും രക്തശാലിയുടെ സവിശേഷതയാണ്.
നവമാധ്യമങ്ങൾവഴി കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽക്കുന്നത്. ചുവന്ന അരി തരുന്ന പാലക്കാടൻ മട്ടയാണ് അതിനു മുമ്പത്തെ സീസണിൽ കൃഷി ചെയ്തതെന്ന് ശരവണൻ പറയുന്നു. ഇത് പാരമ്പരാഗതരീതിയിൽത്തന്നെ പുഴുങ്ങി കുത്തി അരിയാക്കി പായ്ക്ക് ചെയ്തു വിൽപ്പന നടത്തി.
‘ദീശൻസ് ഓർഗാനിക് ഫാം ‘ ബ്രാൻ്റ്
മൂല്യവർദ്ധനവിനു ഇവർ വളരെ പ്രാധാന്യം നൽകുന്നുണ്ട്. കൃഷ്ണസുധയ്ക്കാണ് ഇതിന്റെ മേൽനോട്ടം. കൊപ്ര സെമി ഓട്ടോമാറ്റിക്കായ മരച്ചക്കിൽ ആട്ടുന്നു. തുടർന്ന് ബോട്ടിലുകളിലാക്കി വിറ്റഴിക്കുന്നു. കൂടാതെ വെർജിൻ വെളിച്ചെണ്ണയുമുണ്ടാക്കുന്നുണ്ട്. ദിവസവും കറന്നെടുക്കുന്ന പാലിൽ
100 ലിറ്ററോളം മിൽമ സൊസൈറ്റിക്ക് നൽകുന്നു. ബാക്കി 50 ലിറ്റർ കറിവേപ്പിലയുടെ സ്വാദുള്ള നെയ്യാക്കി ബ്രാൻഡുചെയ്തു വിൽക്കുന്നു.
കരിമ്പിൻ ശർക്കര, അരി, അവൽ തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജൈവമായതിനാൽ എല്ലാത്തിനും നല്ല പ്രിയമാണ്.‘ ദീശൻ ഓർഗാനിക് ഫാം’ എന്ന ബ്രാൻഡോടെ വാട്‍സ് ആപ്പ്, ഫേസ്ബുക് പേജുകൾ വഴിയാണ് നല്ലൊരളവ് മൂല്യവർധിത ഉത്പ്പന്നങ്ങളും വിൽക്കുന്നത് അധികം വന്നാൽ മാത്രം ഓർഗാനിക് ഷോപ്പിൽ നൽകും.
ജൈവകൃഷി പഠിക്കാൻ വിദ്യാർഥികൾ
ദീശൻ ഓർഗാനിക് ഫാമിലേയ്ക്ക് കൃഷിക്കാരും വിദ്യാർത്ഥികളും നിരന്തരം എത്തുന്നുണ്ട്. കോയമ്പത്തൂ രിലെ നല്ലമുത്തു ഗൗണ്ടർ മഹാലിംഗം കോളേജ് ‘ഉഴവ് ഭാരതം ’ എന്നൊരു ത്രൈമാസ കൃഷി കോഴ്സ് 2018 മുതൽ നടത്തുന്നുണ്ട് . ഭാരതിയാർ യൂണിവേഴ്സിറ്റി അംഗീകരിച്ച ഈ കോഴ്സിന്റെ ലക്‌ഷ്യം ജൈവകൃഷി പ്രൊഫഷനായി ഏറ്റെടുക്കുന്ന യുവാക്കളെ സൃഷ്ടിക്കുകയെന്നതാണ്.
പ്രയോഗികതയിൽ ഊന്നിക്കൊണ്ടുള്ള പഠനരീതിയാണ് അനുവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വന്തം തോട്ടത്തിൽ ജൈവകൃഷിയിൽ പ്രായോഗിക പരിശീലനം നൽകുന്നത് ജ്ഞാനശരവണനാണ്.
2016 ൽ അച്ഛനിൽ നിന്നു കൃഷി ഏറ്റെടുത്തശേഷം ഫാമിൽനിന്നുള്ള പ്രതിവർഷ ആദായത്തിൽ ഏഴ് ലക്ഷം രൂപയുടെ വർദ്ധനവുണ്ടാക്കാൻ ശരവണനും കൃഷ്ണ സുധയ്ക്കുമായിട്ടുണ്ട്. ഇപ്പോൾ കൃഷിയിൽനിന്നും ഒരു വർഷം 35 ലക്ഷം രൂപ അറ്റാദായമുണ്ടാകുന്നുണ്ട്. ഫാമിൽനിന്നുള്ള വരുമാനം പ്രതിവർഷം 50 ലക്ഷം രൂപയാക്കുകയാണ് ഈ ദമ്പതിമാരുടെ ലക്‌ഷ്യം. (ഫാം ഇൻഫർമേഷൻ ബ്യുറോയുടെ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും തിരുവനന്തപുരം ‘സമേതി’യുടെ മുൻ ഡയരക്ടറുമാണ് ലേഖകൻ )
Commendable effort….please convey our congratulations and best wishes to the couple….May their tribe grow for betterment of our nation. God bless….
അതെ, ഇത്തരം യുവ സംരംഭകരിൽ തന്നെയാണ് പ്രതീക്ഷ. കൃഷിവകുപ്പിന്റെ ഫോക്കസ് ഹോബി കർഷകരിൽനിന്ന് യുവസംരംഭകരിലേക്ക് തിരിയട്ടെ.
The sad reality is that the decision makers are not aware of these young agriculture entrepreneurs. They are after programs that make them popular.
Yes sir, the truth is that those who wishes to take up organic farming as a profession are often discouraged. Young agripreuners require good information back up as well financial and marketing support. Many in IT field as well as gulf returnees wishes to take up farming as a profession. We should cater their needs.As the conventional farmers in our state are over 50 years of age,these new age farmers are our only hope as far as food production is concerned.