ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നൽ
ഡോ.ടി.പി.സേതുമാധവൻ
കോവിഡാനന്തര യുഗത്തിൽ ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ, തൊഴിൽ, സാങ്കേതിക വിദ്യാ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. പുതിയ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നിരവധി ഭാവി തൊളിലുകൾക്കിണങ്ങിയ നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, ഇൻകുബേഷൻ കേന്ദ്രങ്ങൾ സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്.
സ്കിൽവികസനം, സയൻസ്, എൻജിനീയറിംഗ്, സാങ്കേതിക വിദ്യ, ആരോഗ്യം എന്നിവയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയുമായി ചേർന്ന് നൂതന കോഴ്സുകൾ, ഇന്റേൺഷിപ്പുകൾ, ഇൻക്യുബേൻ കേ ന്ദ്രങ്ങൾ,തൊഴിൽ നൈപുണ്യ കേ ന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നത് കേരളത്തിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ഒരുപരിധിവരെ പരിഹരിക്കാൻ സഹായിക്കും.
നൂതന ആരോഗ്യ സാങ്കേതിക വിദ്യ, കാലാവസ്ഥാ ഗവേഷണം, ഭാവി തൊഴിലുകൾ, ഇന്നൊവേഷനുകൾ, ഗ്രാഫീൻ, മൈക്രൊബയോം, ഭക്ഷ്യ സംസ്കരണം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ബിരുദ, ബിരുധാനന്തര, ഗവേഷണ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ ഡാറ്റാ ബാങ്ക് ഉക്രയിനിൽ നിന്നും തിരിച്ചുവന്ന വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം,വിദേശ പഠനം,അന്താരാഷ്ര ഹോസ്റ്റലുകൾ എന്നിവ വിദ്യാർത്ഥികൾക്ക് ഗുണകരമാകും.
ഐ.ടി.കോറിഡോറും കൂടുതൽ ഐ.ടി പാർക്കുകളും ജില്ലാ തലത്തിൽ സ്കിൽ പാർക്കുകളുംസയൻസ് പാർക്കുകളും സേവന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുജനാരോഗ്യ സംരക്ഷണം,മേഖലാ കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രങ്ങൾ, വിപണി ലക്ഷ്യമിട്ട കാർഷികോത്പാദനം, ഡിജിറ്റലൈസേഷൻ, കാർഷികോത്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണം എന്നിവ പ്രായോഗികമായ നിർദ്ദേശങ്ങളാണ്. കേരളത്തിന്റെ അറിവ് സമ്പത്ത് വ്യവസ്ഥ പരമാവധി എന്നിവ ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ,തൊഴിൽ,സേവന,കാർഷിക മേഖലയിൽ ലക്ഷ്യമിട്ട വളർച്ച കൈവരിക്കാൻ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ സഹായകരമാകും.
(ലേഖകൻ ബംഗളൂരു പ്രൊഫസർ ട്രാൻസ് ഡിസിപ്ളിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറാണ്.)