പ്രകൃതിയെ തൊടാം; വാഗമണ്ണിലെ ചില്ലുപാലം തുറന്നു
സാഹസിക വിനോദങ്ങൾ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകും- മന്ത്രി മുഹമ്മദ് റിയാസ്
വിനോദസഞ്ചാരമേഖലയിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാഹസിക വിനോദങ്ങൾക്ക് കഴിയുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകത്ത് വിനോദ സഞ്ചാര മേഖലയിൽ സാഹസിക വിനോദങ്ങൾ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണ് എന്നത് അഭിമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്- മന്ത്രി പറഞ്ഞു.
പാലത്തിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എം.മണി എം.എൽ.എ മുഖ്യാതിഥിയായി. ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.