വിസ്റ്റാഡോം കോച്ചിൽ സഹ്യാദ്രിയുടെ സൗന്ദര്യം ആസ്വദിച്ചൊരു യാത്ര

ഒരു പകൽ മുഴുവൻ പ്രകൃതി ഭംഗി ആസ്വദിച്ച്, പശ്ചിമഘട്ടത്തിൻ്റെ സൗന്ദര്യം നുകർന്ന് തീവണ്ടിയിൽ യാത്ര. മംഗളൂരു – യശ്വന്തപുര റൂട്ടിലാണ് റെയിൽവേ വിസ്റ്റാഡോം കമ്പാർട്ട്മെൻ്റിൽ ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്.എ.സി. കമ്പാർട്ടുമെൻ്റിൽ മിക്ക ഭാഗവും ഗ്ലാസാണ്. ഇതിലൂടെ പ്രകൃതി ആസ്വദിക്കാം. രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റ് 180 ഡിഗിയിൽ വട്ടം കറക്കാം.ഇത് വലിയ ജനാലയ്ക്കരികിലേക്ക് തിരിച്ചിട്ട് പുറത്തേക്ക് നോക്കി യാത്ര ഉല്ലസിക്കാം. കമ്പാർട്ട്മെൻ്റിൻ്റെ മുകൾഭാഗത്തും ഗ്ലാസാണ്.

ആഴ്ചയിലൊരിക്കൽ ഓടുന്ന ഒരു വണ്ടിയിലും മൂന്നാഴ്ചയിൽ രണ്ടു തവണ ഓടുന്ന വണ്ടിയിലുമാണ് ഈ ബോഗിയുള്ളത്. 44 സീറ്റുകൾ വീതമുള്ള രണ്ട് ബോഗികളാണ് തീവണ്ടിയിലുണ്ടാവുക. എൽ.ഇ.ഡി. ലൈറ്റുകൾ കൊണ്ട് മനോഹരമാക്കിയ ബോഗിയുടെ രണ്ടറ്റത്തും വീതിയുള്ള സ്ലൈഡിങ്ങ് ഡോറുകളാണുള്ളത്. ലഗേജ് വെക്കാൻ പ്രത്യേക സൗകര്യവുമുണ്ട്. വൈ ഫൈയുമുണ്ട്. മിനി പാൻട്രി, ഓവൻ, ഫ്രിഡ്ജ് എന്നിവയുമുണ്ട്.


പകൽ സർവ്വീസ് നടത്തുന്ന എ.സി. ചെർ കാറിന് 580 രൂപയാണ് ചാർജ്.  എന്നാൽ വിസ്റ്റാഡോം കോച്ചിൽ 1395 രൂപയാണ് ചാർജ്. മംഗലാപുരം കഴിഞ്ഞാൽ സുബ്രഹ്മണ്യ റോഡിനും സക്കലേശ്പൂരിനുമിടയിൽ പശ്ചിമഘട്ടത്തെ വളരെ അടുത്ത് കണ്ട് യാത്ര ചെയ്യാം. കുന്നുകളും താഴ് വാരങ്ങളും അരുവികളും കണ്ടുള്ള മഴക്കാല യാത്ര വിനോദ സഞ്ചാരികൾക്ക് ഹരം പകരും. ടൂറിസം വികസനം മുന്നിൽ കണ്ടാണ് റെയിൽവേ ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *