വലിയഴീക്കൽ പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും ബന്ധിപ്പിക്കുന്ന ഈ പാലം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്.
വലിയഴീക്കലില്‍ നിന്നും അഴീക്കലിലേക്ക് പോകാന്‍ 25 കിലോമീറ്റര്‍ അധികമായി യാത്ര ചെയ്യേണ്ട അവസ്ഥ ഇതോടെ ഇല്ലാതായി. അഴീക്കൽ ഹാർബറിൻ്റേയും ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശത്തിൻ്റേയും വികസനത്തിനു വലിയഴീക്കൽ പാലം മുതൽക്കൂട്ടായി മാറുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിശ്ചയദാർഢ്യത്തോടെ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കു പുതിയ കുതിപ്പു നൽകാനും ഈ പദ്ധതി സഹായകമാകും. കോവിഡിൻ്റേയും പ്രളയങ്ങളുടേയും പശ്ചാത്തലത്തിൽ നിരവധി
വെല്ലുവിളികൾ ഉയർന്നിട്ടും അവയെല്ലാം വിജയകരമായി മറികടന്നു പാലത്തിൻ്റെ നിർമ്മാണം പൂർത്തികരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു 2016-ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിനു പല പ്രത്യേകതകളുമുണ്ട്.
146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിലാണ്. പാലത്തിൻ്റെ നീളം 981 മീറ്ററാണ് അനുബന്ധപാത കൂടി കണക്കിലെടുത്താൽ നീളം 1.216 കി.മീ ആകും. ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത പാലത്തിൻ്റെ 110 മീറ്റർ നീളമുള്ള ആർച്ച് സ്പാൻ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ്. പാലത്തിനു മൊത്തം 29 സ്പാനുകളാ ണുള്ളത്. വാഹനങ്ങളുടേയും ഡക്ക് സ്ലാബിൻ്റേയും ഭാരം ആർച്ചുകളിലേയ്ക്ക് നൽകുന്നത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത മാക് അലോയ് ടെൻഷൻ റോഡ് ഉപയോഗിച്ചാണ്.
ഭൂമി ഏറ്റെടുത്തത് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയതിനു ശേഷം. ഒരേക്കറോളം വസ്തുവിനായി 1.75 കോടി രൂപ നഷ്ടപരിഹാരം നൽകി.
രാത്രികാലങ്ങളിൽ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ 1.5 കോടി രൂപ ചെലവിൽ സോളാർ ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.