വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിംഗ് അക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ ഇടുക്കി വാഗമണ്ണിൽ നടക്കും. 75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.

വാഗമണിലെ പാരാഗ്ലൈഡിംഗ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക, സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദര്ശിപ്പിക്കുക എന്നതാണ് ഫെസ്റിവലിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22 ന് ഫെസ്റിവലിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്.), ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെഡറേഷൻ എയറോനോട്ടിക് ഇന്റർനാഷണൽ (എഫ്.എ.ഐ), എയ്‌റോ ക്ലബ് ഓഫ് ഇന്ത്യ (എ.സി.ഐ), ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സ്കൂൾ ഇന്ത്യ (ഒ.എൽ.പി.എസ്.ഐ) എന്നിവയുടെ സാങ്കേതികപിന്തുണയും ഉണ്ടാകും.

അഞ്ച് ദിവസത്തെ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ, ബെൽജിയം, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ്‌ലൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ മത്സരാർത്ഥികൾ പങ്കെടുക്കും.

ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര മത്സരാർത്ഥികളും പങ്കെടുക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *