ഉക്രൈനിൽ പഠിക്കാൻ കേരളീയരും മുന്നിൽ
ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പഠിക്കാൻ ഉക്രൈൻ സന്ദർശിച്ച ഡോ.ടി.പി.സേതുമാധവൻ എഴുതുന്നു.
ഉന്നത വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യമായി മാറിക്കഴിഞ്ഞു ഉക്രൈൻ. ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെ രാജ്യങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനെത്തുന്നു. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണിത്. ഉക്രൈൻ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തയ്യാറെടുപ്പിലുമാണ്. റഷ്യയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാജ്യമായി നിൽക്കുന്ന ഉക്രൈൻ ഭൗതികസൗകര്യങ്ങൾ, വികസനം, അന്താരാഷ്ട്ര വിദ്യാഭാസം എന്നിവയിൽ വളരെയേറെ മുന്നേറിക്കഴിഞ്ഞു. റഷ്യ, പോളണ്ട്, സ്ലോവാക്കിയ, റൊമാനിയ മുതലായവയാണ് അയൽ രാജ്യങ്ങൾ.77 .8 ശതമാനവും ഉക്രൈനികരാണ്. 17.3 ശതമാനം റഷ്യക്കാരാണ്. ഹിവിനയയാണ് കറൻസി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 1991 ലാണ് ഉക്രൈൻ സ്വതന്ത്ര രാജ്യമായത്. ധാന്യ കയറ്റുമതിയിൽ മുന്നിട്ടു നിൽക്കുന്ന ഉക്രൈൻ യൂറോപ്പിലെ ബ്രെഡ്ബാസ്കെറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കാർഷിക, മൃഗസംരക്ഷണ, ഭക്ഷ്യ സംസ്കരണ മേഖലയിൽ കയറ്റുമതി പ്രോത്സാഹിപ്പിച്ചുവരുന്നു. സോയാബീൻ എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻ നിരയിലാണ് ഉക്രൈൻ. യൂറോപ്യൻ കൗൺസിലിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പഠിക്കാനും വിലയിരുത്താനുമാണ് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ചു വരെ ഞാൻ ഉക്രൈൻ സന്ദർശിച്ചത്. ഷാർജ വിമാനത്താവളത്തിൽ നിന്ന് അഞ്ച് മണിക്കൂർ വിമാനത്തിൽ സഞ്ചരിച്ച് ഉക്രൈനിന്റെ തലസ്ഥാനമായ കീവ് വിമാനത്താവളത്തിലെത്താം. കീവിൽ രണ്ടു വിമാനത്താവളങ്ങളുണ്ട്. തിരക്കേറിയ തെരുവുകൾ ഉക്രൈൻ നഗരങ്ങളുടെ പ്രത്യേകതകളാണ്. ദിവസേന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് എവിടെയും. മാംസാഹാരം തന്നെയാണ് മുഖ്യ ഭക്ഷണം. ബീഫ് , ചിക്കൻ , പോർക്ക് എന്നിവ തീൻ മേശയിലെ മികച്ച വിഭവങ്ങളാണ്. മദ്യത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ്.
ടൂറിസത്തിൽ തിളങ്ങുന്ന രാജ്യം
വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന പ്രശസ്തമായ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. പ്രകൃതി ഭംഗി, ലാൻഡ്‌സ്‌കേപ്പ്, ഭൂപ്രകൃതി എന്നിവ ഇതിനു കരുത്തേകുന്നു.1986 ലെ ആണവദുരന്തം നടന്ന വടക്കൻ ഉക്രൈനിലെ ചെർണോബിൽ മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കീവിലെ സെൻറ് ജോസഫ് കത്തീഡ്രൽ, പാരീസ് ഓഫ് ഉക്രൈൻ എന്നപേരിലറിയപ്പെടുന്ന ലിവ് നഗരം, പരമ്പരാഗതമായ ഉക്രൈൻ ബോർഷ് വിഭവം, കണ്ണെത്താത്ത ദൂരത്തോളം നീണ്ടു നിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ, പതിനാലാം നൂറ്റാണ്ടിലെ കമെൻറ്സ് പൊഡോസൽസ്ക്യ കൊട്ടാരം, ഒഡേസ്സയിലെ ഒപേറാ തിയേറ്റർ, പരമ്പരാഗത വസ്ത്രങ്ങൾ ലഭിക്കുന്ന ലിവിലെ മാർക്കറ്റുകൾ, താരകനിവ് കോട്ട, ക്ലെവനിലെ സ്നേഹത്തിന്റെ
ഭൂഗർഭ ഉള്ളറകൾ, പ്രകൃതിരമണീയമായ ഒഡേസ നഗരം, പോർട്ട്, കടൽക്കാഴ്ചകൾ എന്നിവ ഏവരെയും ആകർഷിക്കും. തലസ്ഥാനമായ കീവിൽ ചെർണോബിൽ മ്യൂസിയം, മതെർലാൻഡ് സ്മാരകം, ബൊട്ടാണിക്കൽ ഗാർഡൻ,സെൻറ് സോഫിയ കത്തീഡ്രൽ എന്നിവയുണ്ട്. ധാരാളം ഷോപ്പിംഗ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഉക്രൈനിലെ ഇഞ്ചി, മംഗോ ചായ ഏവരും ഇഷ്ടപ്പെടും. ജൈവ പഴം, പച്ചക്കറി, ധാന്യങ്ങൾ ഇവിടെയുമുണ്ട്. കുരങ്ങുകളെയടക്കം ഓമനമൃഗങ്ങളായി വളർത്തി വരുന്നു. വളർത്തു നായ്ക്കളോടൊപ്പം ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് എല്ലായിടത്തും കാണാം.
മാസ്ക്ക് ഉപയോഗം അഞ്ച് ശതമാനം
കോവിഡ് ഉക്രൈനിൽ കുറവാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷെ രാജ്യം കോവിഡിന്റെ കാര്യത്തിൽ മഞ്ഞ സോണിലാണ്. മാസ്ക്ക് ഉപയോഗിക്കുന്നവർ അഞ്ച് ശതമാനത്തിൽ താഴെ മാത്രം! രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു മാസ്ക് നിർബന്ധമില്ല. എന്നാൽ വാക്‌സിനെടുക്കാനും ജനങ്ങൾ താപ്പര്യപ്പെടുന്നില്ല. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ കോളേജിൽ ക്ലാസ്സിലിരിക്കാൻ കഴിയു. ആസ്ട്രസിനിക കോവിഷിൽഡ്, ഫൈസർ, മോഡേണ വാക്‌സിനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉക്രൈൻ ഭൂവിസ്തൃതിയിൽ കേരളത്തിന്റെ മൂന്നര ഇരട്ടിയോളം വരും. എന്നാൽ ജനസാന്ദ്രത കുറവാണ്. മൊത്തം ജനസംഖ്യ 4 .2കോടി മാത്രം. ഭാഷ ഉക്രയ്‌നാണ്. റഷ്യയുടെ ഭാഗമായതിനാൽ ഇംഗ്ലീഷ് പ്രാവീണ്യം തീരെയില്ല. എന്തിനേറെ സർവകലാശാലകളിലെ വൈസ്‌ചാൻസിലർമാർക്കുപോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല! എന്നാൽ അന്താരാഷ്ട്ര പ്രോഗ്രാമുകൾ ഇംഗ്ലീഷിലാണ്. ഉക്രൈൻ വിദ്യാർത്ഥികൾക്ക് ഉക്രൈൻ ഭാഷയിലും. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ പകുതിയും മലയാളികളാണ്.
കേരളത്തിലെ
വിദ്യാർത്ഥികൾക്കും പ്രിയം
ഉന്നത വിദ്യാഭാസത്തിനാണ് അന്താരാഷ്ട്ര വിദ്യാർഥികൾ ഉക്രൈനിലെത്തുന്നത്. മെഡിക്കൽ, ഡെന്റൽ, വെറ്റിനറി, എഞ്ചിനീയറിംഗ്, മാനേജ്മെൻറ്, അഗ്രികൾച്ചർ എന്നിവ ഇവയിൽ പെടുന്നു. അമ്പതോളം രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തുന്നു. ഇന്ത്യയും ചൈനയുമാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഏറെ മുന്നിൽ. മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 45 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഇതിൽ പകുതിയും കേരളത്തിൽ നിന്നാണ്.
ഉക്രൈനിൽ അയ്യായിരത്തോളം മലയാളി വിദ്യാത്ഥികളുണ്ട് . ഇവരിൽ നാലായിരം പേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. അറുന്നൂറോളം പേർ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. വെറ്ററിനറി, അഗ്രികൾച്ചർ, മാനേജ്മെൻറ് കോഴ്‌സുകൾക്ക് പഠിക്കുന്നവരുമുണ്ട്. മലയാളികൾ പഠനത്തിൽ മുന്നിലാണെന്ന് സർവ്വകലാശാലകൾ അഭിപ്രായപ്പെടുന്നു. നിരവധി പ്രശസ്തമായ സർവ്വകലാശാലകൾ ഉക്രൈനിലുണ്ട്. എല്ലാം പബ്ലിക് യൂണിവേഴ്സിറ്റികളാണ്. 120 വർഷം പഴക്കമുള്ള ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി,
കാർകിവ് നാഷണൽ യൂണിവേഴ്സിറ്റി, നാഷണൽ ഏറോസ്പേസ് യൂണിവേഴ്സിറ്റി, സുമി നാഷണൽ അഗ്രേറിയാൻ യൂണിവേഴ്സിറ്റി, വിനീത്സ്യ പെറോഗോവ് നാഷണൽ യൂണിവേഴ്‌സിറ്റി എന്നിവ ഇവയിൽപ്പെടുന്നു . ആറുവർഷത്തെ ഡോക്ടർ ഓഫ് മെഡിസിൻ പ്രോഗ്രാമിന് ചേരാൻ ഇന്ത്യയിൽനിന്നുള്ളവർക്കു ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ യോഗ്യത നേടണം. പഠനത്തോടൊപ്പം ഉക്രൈൻ ഭാഷയും പഠിപ്പിക്കും. വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യവുമുണ്ട്. എന്നാൽ അപ്പാർട്മെന്റുകളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏറെയുണ്ട്. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പരീക്ഷ പാസ്സാകണം. 2023 മുതൽ ദേശീയ മെഡിക്കൽ കമ്മീഷൻ നാഷണൽ എക്സിറ്റ് പരീക്ഷ പഠിച്ചിറങ്ങുന്ന മെഡിക്കൽ ബിരുദധാരികൾക്കായി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ടെലിവിഷൻ ചാനലുകളെ വെല്ലുന്ന വൻ സ്റ്റുഡിയോകൾ ഓൺലൈൻ വിദ്യാഭാസത്തിനായി സർവ്വകലാശാലകളിലുണ്ട്. മെഡിക്കൽ സ്കൂളുകളിൽ റോബോട്ടിക്, സിമുലേഷൻ പഠനരീതികൾക്ക് പ്രാധാന്യം നൽകിവരുന്നു. കാർകിവ് ഏവിയേഷൻ ഇൻസ്ടിട്യൂട്ടിൽ ഏറോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, എയർ ക്രാഫ്റ്റ് ടെക്നോളജി, ഡിസൈൻ, കൺട്രോൾ സിസ്റ്റംസ്, സൈബർസെക്യൂരിറ്റി, മറൈൻ എഞ്ചിനീയറിംഗ് ബിരുദ പ്രോഗ്രാമുകളുണ്ട്.
കുഷിയെ സ്നേഹിക്കുന്നവർ
വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷി രീതികൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം സാങ്കേതികവിദ്യ കൃഷിയിൽ പ്രവർത്തികമാക്കിവരുന്നു. ഉക്രൈൻ ഗ്രാമങ്ങളിൽ ഉപജീവനമാർഗം കൃഷിയാണ്. സൂര്യകാന്തി, ഗോതമ്പ്, ചോളം, പച്ചക്കറി , തണ്ണിമത്തൻ , ഫലവർഗങ്ങൾ എന്നിവ വീടിനോടുചേർന്നു കൃഷിചെയ്യുന്നു.
കോഴി, താറാവ് , കന്നുകാലികൾ, പന്നി എന്നിവയെയും വളർത്തും. സസ്യേതരാഹാരം കഴിക്കുന്നവരായതിനാൽ ഇറച്ചിയുല്പാദനത്തിനു സാധ്യതയേറെയുണ്ട്. എല്ലാ വീടുകളിലും ബ്രഡ് ബേക് ചെയ്യാനുള്ള ചൂളകളുണ്ട്. വിറകു കത്തിച്ചാണ് ഗ്രാമങ്ങളിൽ പാചകം. കാർഷിക യന്ത്രവത്കരണം വളരെ കൂടുതലാണ്. ഞാറാഴ്ചകളിലെ തെരുവ് വിപണി കൂടുതൽ പേരെ ആകർഷിച്ചു വരുന്നു . ഉപയോഗിച്ച വസ്ത്രങ്ങളുടെ സെക്കൻഡ് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കോവിഡിന് ശേഷം ഓൺലൈൻ ഭക്ഷ്യ റീറ്റെയ്ൽ സജീവമാണ്. ഗ്ലോവോ , റോക്കറ്റ് എന്നിവയാണ് പേരുകേട്ട ഓൺലൈൻ ഭക്ഷ്യ പ്ലാറ്റുഫോമുകൾ. ബോണ്ട് , ഓൺ ടാക്സിബ് എന്നിവ മികച്ച കാൾ ടാക്സി ബ്രാൻഡുകളാണ്. റോഡുകളിൽ മുന്തിയ എല്ലാ ഇനം കാറുകളും സുലഭമാണ് .
( ബംഗളുരു ട്രാൻസ് ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )