വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി വാണിജ്യ പ്രദർശനം

സിയാൽ രാജ്യാന്തര കാർഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദർശനം ശ്രദ്ധേയമായി. എയർലൈൻസ്, ഫ്രയ്റ്റ് ഫോർവേഡേഴ്‌സ്, കസ്റ്റംസ് ബ്രോക്കേഴ്‌സ്, കയറ്റുമതി, ഇറക്കുമതി സംരംഭകർ, കാർഗോ ഓട്ടോമേഷൻ സപ്ലയർമാർ, ലോജിസ്റ്റിക്സ് സ്‌കിൽ ഡെവലപ്മെന്റ് മേഖലയിൽ നിന്നുള്ള 54 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.

കർഷക സംരംഭങ്ങൾ, മെഡിക്കൽ ഉത്പന്ന കയറ്റുമതിക്കാർ, സ്‌പൈസസ് ബോർഡ്, റബ്ബർ ബോർഡ്, നാളികേര വികസന ബോർഡ്, അപേഡ, എം.പി.ഇ.ഡി.എ തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനങ്ങളും തപാൽ വകുപ്പിന്റെ കയറ്റുമതി വിഭാഗം സ്റ്റാളും വാണിജ്യ പ്രദർശനത്തിലുണ്ട്.

കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തുടക്കക്കാർക്കും പിന്തുണ നൽകുന്നതിനായി സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രദർശന സ്റ്റാളിൽ  പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ  സഹായവും മാർഗനിർദ്ദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്റർ ലക്ഷ്യമിടുന്നത്.

കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങൾ, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങൾ ഇൻക്യൂബേഷൻ സെന്ററിലൂടെ ലഭ്യമാകും. കൂടാതെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും കാർഗോ–ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും.

അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെക്കുന്നവർക്ക് ആവശ്യമായ നെറ്റ് വർക്കിങ് സാധ്യതകളും സിയാൽ ഇൻക്യൂബേഷൻ സെന്റർ വഴി ലഭ്യമാകും.