ഗുണാ കെയ്വ്സിലേക്ക് സഞ്ചാരികളുടെ പ്രവാഹം
വിനോദ സഞ്ചാര കേന്ദ്രമായ കൊടയ്ക്കനാലിലെ ഗുണാ കെയ്വ്സിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.
2024 ൽ പുറത്തിറങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ് ‘ എന്ന മലയാള സിനിമയുടെ കഥ ഈ ഗുഹയിൽ വീണ ഒരു യുവാവിനെ രക്ഷപ്പെടുത്തുന്നതാണ്.
കൊടയ്ക്കനാൽ നഗരത്തിൽ നിന്ന് ഏഴരകിലോമീറ്റർ അകലെയാണ് ഗുണ കെയ്വ്സ്.
എല്ലാ ദിവസവും ഈ പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. അതുകൊണ്ടുതന്നെ ട്രാഫിക്ക് കുരുക്കിൽപ്പെട്ട് ഇവിടെയെത്താൻ രണ്ടോ മൂന്നോ മണിക്കൂർ വേണ്ടി വരും. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ
എത്തിക്കൊണ്ടിരിക്കുന്നത്. ‘ചെകുത്താന്റെ അടുക്കള’ എന്ന് പേരുള്ള ഗുണഗുഹ ഇന്ത്യയില്‍ പേരുകേട്ടതാണ്.1991ൽ പുറത്തിറങ്ങിയ കമലഹാസൻ അഭിനയിച്ച ‘ഗുണ’ എന്ന തമിഴ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ഈ ഗുഹയിലാണ് ചിത്രീകരിച്ചത്. ഇതേ തുടർന്നാണ് ഇതിന് ഗുണഗുഹ എന്ന പേരുവന്നത്.
സിനിമ പുറത്തിറങ്ങിയതോടെ ഈ ഗുഹ സിനിമാ ലൊക്കേഷനായി. സഞ്ചാരികളും എത്തിത്തുടങ്ങി. 2010ൽ ‘ശിക്കാർ’ എന്ന സിനിമയും ഷൂട്ട് ചെയ്തു. അറുന്നൂറ് അടിയിലധികം താഴ്ചയുള്ള ഗർത്തത്തിലാണ് ഗുഹ ചെന്നവസാനിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാൽ കോടമഞ്ഞ് പുതച്ച കൊടയ്ക്കനാലിൻ്റെ മനോഹര കാഴ്ച കാണാം.
2016 ലെ കണക്കനുസരിച്ച് ഗുഹയിൽ16 പേരെ കാണാതായിട്ടുണ്ട്. അപകടം പതിയിരിക്കുന്ന ഇവിടെ പര്യവേക്ഷണത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയവരാണ് മരണപ്പെട്ടവർ. ഇവിടെ വലിയ പാറ അടുക്കുകൾക്കിടയിൽ കാൽ തെന്നിവീഴാൻ പാകത്തിൽ വലിയ നീണ്ട കുഴികളുണ്ട് ഇതെല്ലാം കമ്പിവേലി കൊണ്ട് അടച്ചിരിക്കുകയാണ്. മാത്രമല്ല ഗുണ ഗുഹയിലേക്ക് ഇറങ്ങുന്ന ഭാഗവും കമ്പിവേലി കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്.
1821ൽ ബ്രിട്ടീഷ് ഓഫീസർ ബി.എസ്. വാർഡാണ് ഈ ഗുഹയുടെ ദ്വാരം ആദ്യമായി കണ്ടെത്തിയത്. അദ്ദേഹമാണ് ഡെവിൾസ് കിച്ചൻ എന്ന പേരിട്ടത്.1980 വരെ ഗുഹഅധികം അറിയപ്പെട്ടിരുന്നില്ല. 1991ൽ ‘ഗുണ’ സിനിമ പുറത്തിറങ്ങിയതോടെയാണ് ഗുഹ പ്രസിദ്ധമായത്.