സഞ്ചാരികൾക്ക് ഹരം പകർന്ന് തുഷാരഗിരി വെള്ളച്ചാട്ടം

പ്രകൃതി ഭംഗി ആസ്വദിക്കാനും വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യം കാണാനും വരൂ കോടഞ്ചേരിയിലേക്ക്. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തെത്താം. കാടിൻ്റെ ഭംഗി, തൂക്കുപാലം, താന്നിമുത്തശ്ശി എന്ന പഴക്കമേറിയ വടവൃക്ഷം എന്നിവ കണ്ട് ആസ്വദിക്കാം. വെള്ളച്ചാട്ടത്തിൽ കുളിക്കുകയും ചെയ്യാം. വയനാട്

പോകുന്ന വഴി അടിവാരം കഴിഞ്ഞ് ചുരം കുറച്ചു കയറിയാൽ തുഷാരഗിരിയിലേക്കുള്ള റോഡിലെത്താം. കോഴിക്കോട് നിന്ന് ബസ്സിൽ കോടഞ്ചേരിയിലെത്തി 11 കിലോമീറ്റർ ടാക്സിയിൽ സഞ്ചരിച്ചാലും തുഷാരഗിരിയിലെത്താം. പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകുന്ന രണ്ടു അരുവികൾ ചേർന്ന് ചാലിപ്പുഴ എന്ന പുഴയായി മാറി അതിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് തുഷാരഗിരി. ചാലിയാർ പുഴയുടെ കൈവഴിയാണ് ചാലിപ്പുഴ. ഈരാറ്റുമുക്ക്, മഴവിൽചാട്ടം, തുമ്പി തുള്ളും പാറ എന്നിങ്ങനെ തുഷാരഗിരി ക്കു മുമ്പ് മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഒരു

കിലോമീറ്ററിനുള്ളിലാണിവ. ആറു കിലോമീറ്റർ പോയാൽ അവിഞ്ഞിത്തോട് എന്ന മറ്റൊരു വെള്ളച്ചാട്ടവുമുണ്ട്. ദുഷ്ക്കരമായ കാനനപാതയിലൂടെ നടന്നാൽ ഈ സ്ഥലങ്ങളിൽ എത്തിച്ചേരാം. തേൻപാറ (6 കിലോമീറ്റർ), അവിഞ്ഞിത്തോട് ( 6 കിലോമീറ്റർ), തോണിക്കയം ( 2 കിലോമീറ്റർ) എന്നീ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് സൗകര്യവുമുണ്ട്. മുപ്പത് രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഗെയിറ്റ് കടന്ന് തൂക്കുപാലത്തിലൂടെ സഞ്ചരിച്ചാൽ കാടിൻ്റെ കുളിർമ്മ നമ്മെ

സ്വാഗതം ചെയ്യും. മുളങ്കാടും വൻ വൃക്ഷങ്ങളും കാട്ടുവള്ളികളും തിങ്ങിനിറഞ്ഞ പരിസരം വേനലിൽ കുളിർമ്മ പരത്തുന്നു. നേരെ മുന്നിൽ ഇതാ വെള്ളച്ചാട്ടം! വെള്ളച്ചാട്ടത്തിലും ഇത് ഒഴുകിപ്പോകുന്ന തോട്ടിലും എത്ര നേരം വേണമെങ്കിലും കുളിക്കുകയും ചെയ്യാം. തൊട്ടടുത്താണ് 120 വർഷം പഴക്കമുള്ള താന്നിമരം. താന്നി മുത്തശ്ശി എന്നറിയപ്പെടുന്ന കൂറ്റൻ മരത്തിനുള്ളിലെ വലിയ ദ്വാരത്തിൽ മൂന്നു പേർക്ക് കയറി നിൽക്കാം. മുകളിലോട്ടും ഉള്ളു പൊള്ളയാണ്. ഇതിലൂടെ

ആകാശം കാണാം. മരത്തിനുള്ളിൽ കയറി ഫോട്ടോയെടുക്കാൻ നല്ല തിരക്കാണ്. കാർ പാർക്കിംഗ്, ലഘുഭക്ഷണശാല എന്നിങ്ങനെ സൗകര്യങ്ങളും ഇവിടെയുണ്ട്. സപ്തംബർ, ഒക്ടോബർ, നവംമ്പർ മാസങ്ങളിലാണ് തുഷാരഗിരി സന്ദർശിക്കാൻ പറ്റിയ സമയം. വേനൽ കടുത്താൽ വെള്ളച്ചാട്ടത്തിന് ശക്തി നന്നേ കുറയും.

Leave a Reply

Your email address will not be published. Required fields are marked *