കൊച്ചി വിമാനത്താവളത്തിൽ ടെക്‌നിക്കൽ ലാൻഡിങ് സൗകര്യം
കൊച്ചിക്ക് സമീപമുള്ള രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് യാത്രാമധ്യേ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം സിയാൽ ഏർപ്പെടുത്തി. സിയാലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടെക്‌നിക്കൽ ലാൻഡിങ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഒരുക്കിയത്.
കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ സമീപ റൂട്ടുകളിൽ പറന്ന ഒമ്പത് വിമാനങ്ങളാണ് കൊച്ചിയിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലിറ്റർ ഇന്ധനമാണ് കൊച്ചിയിൽ നിന്ന് നിറച്ചത്. ലാൻഡിങ് ഫീ ഉൾപ്പെടെയുളള ഫീസ് ഈടാക്കുന്നതിനാൽ വിമാനത്താവള വരുമാനത്തിൽ വർധനവുണ്ടാക്കാനും കൊച്ചിയുടെ ഇന്ധന വിതരണ സംവിധാനത്തിൽ പുരോഗതിയുണ്ടാക്കാനും ഇത് ഉപകരിക്കും.
ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് ചില വിമാനകമ്പനികൾ ഇത്തരമൊരു ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു. സിയാൽ സൗകര്യമൊരുക്കിയതോട, കൊളംബോയിൽ നിന്ന് യൂറോപ്പിലേക്കും ഗൾഫിലേയ്ക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്.
ഇത്തരമൊരു സാധ്യത മുന്നിൽകണ്ടതോടെ സിയാലിന്റെ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാൻ സിയാൽ പദ്ധതി തയ്യാറാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ ടേൺ എറൗണ്ട് സമയത്തിൽ വിമാനത്തിൽ ഇന്ധനം നിറച്ച് വീണ്ടും സർവീസ് നടത്തുക, കൊച്ചി വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനത്തിനും ട്രാഫിക്കിനും തടസ്സം നേരിടാതെ നോക്കുകഎന്നിവയായിരുന്നു വെല്ലുവിളി.
ഇത് പ്രായോഗികമായി നടപ്പിലാക്കിയതോടെ ജൂൺ 29 മുതലുള്ള മൂന്ന് ദിവസങ്ങളിൽ മാത്രം ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ- ലണ്ടൻ, കൊളംബോ-ഫ്രാങ്ക്ഫർട്ട്, കൊളംബോ- ഷാർജ വിമാനങ്ങൾ, എയർ അറേബ്യയുടെ കൊളംബോ-ഷാർജ സർവീസ്, ജസീറയുടെ കൊളംബോ-കുവൈറ്റ് സർവീസ് എന്നിവയുൾപ്പെടെ ഒമ്പത് വിമാനങ്ങൾ യാത്രാമധ്യേ കൊച്ചിയിൽ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ എത്തുമെന്നാണ് കരുതുന്നത്. ശ്രീലങ്കയിൽ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര എയർലൈൻസുകൾ ഇത്തരമൊരു സാധ്യത ആരാഞ്ഞപ്പോൾ തന്നെ കൃത്യമായി ഇടപെടാനും അവരുമായി ബന്ധപ്പെടാനും സിയാലിന് കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
വളരെ വേഗത്തിൽ തന്നെ ഏപ്രൺ മാനേജ്‌മെന്റ് സംവിധാനം ഞങ്ങൾ പരിഷ്‌ക്കരിച്ചു. നിലവിലുള്ള സർവീസുകളെ ബാധിക്കാതെ കുടൂതുൽ വിമാനങ്ങൾക്ക് വേഗത്തിൽ ഇന്ധനം നിറച്ച് പോകാനുള്ള സൗകര്യമൊരുക്കി.ഇത് വിജയകരമായതോടെ നിരവധി എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ട്. കാര്യമായ വരുമാനം ഇതിലൂടെ നേടാനാകുമെന്നാണ് പ്രതീക്ഷ – സുഹാസ് പറഞ്ഞു.
ലോകത്ത് പല വിമാനത്താവളങ്ങളും ടെക്‌നിക്കൽ ലാൻഡിങ്ങ് സൗകര്യം ഒരുക്കുന്നതിലൂടെ വലിയ വരുമാനം നേടുന്നുണ്ട്. സാധാരണ സർവീസുകളിൽ നിന്ന് നേടുന്നതിനേക്കാൾ വരുമാനം ടെക്‌നിക്കൽ ലാൻഡിങ്ങിലൂടെ നേടുന്ന വിമാനത്താവളങ്ങളുമുണ്ട്. സിയാലിന്റെ ഫ്യൂവൽ ഹൈഡ്രന്റ് സംവിധാനത്തിലും ഏപ്രൺ മാനേജ്‌മെന്റിലും വരുത്തിയ പരിഷ്‌ക്കാരങ്ങൾ മറ്റൊരു സാധ്യത തുറന്നിടുകയാണ്.
ഫോട്ടോ : എയർ അറേബ്യയുടെ കൊളംബോ-അബുദാബി വിമാനം ഇന്ധനം നിറയ്ക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയപ്പോൾ