താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനം 28ന്
സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഡിസംമ്പർ 28ന് രാവിലെ11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനായി സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് താജ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. സിയാൽ പണികഴിപ്പിച്ച ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എൽ)താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു.
താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് ഹരിതശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സ്വിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്.
ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. നാല് ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാർ പാർക്കിങ്ങിന് വിശാലമായ സ്ഥലവുമുണ്ട്.