താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനം ചെയ്തു
മാറുന്നകാലത്തിനൊത്ത് നിരന്തരം
നവീകരിക്കപ്പെട്ടാലെ നിലനിൽപ്പുള്ളൂ – മുഖ്യമന്ത്രി
മാറുന്നകാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവമാധ്യമങ്ങൾ നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് മികച്ച സേവനങ്ങൾ നൽകിയാൽ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ഉൽപ്പന്നവും സേവനവും ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രൊഫഷണൽ മാർക്കറ്റിങ് വേണമെന്ന സിയാലിന്റെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ്.
മാർക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പിലാക്കിയാൽ അത് വലിയ വിജയമാകും എന്നതിൻ്റെ ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച 0484 എയ്‌റോ ലോഞ്ച്. ‘ആർട്ട് ഓഫ് അഫോർഡബിൾ ലക്ഷ്വറി’ എന്ന അതിന്റെ ആശയം ഉയർത്തി ഉപയോക്താക്കളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു.
സ്വന്തമായുള്ള ഭൂമിയുടെ വിനിയോഗം എന്ന ആശയത്തിലൂന്നിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ ഉടലെടുത്തത്. ഇന്ത്യയിൽ ഇത്തരം ഒരു ബിസിനസ് മാതൃകയിൽ ഹോട്ടൽ സംരംഭം തുടങ്ങാൻ കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ വിമാനത്താവളമാണ്. സിയാൽ ഭാവി വികസനം ലക്ഷ്യമിട്ട്
മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ്, കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയുൾപ്പെടെ വികസനം സിയാൽ നടത്തി വരികയാണ്. ഇവയെല്ലാം തന്നെ 2025-26 സാമ്പത്തികവർഷത്തിൽ പൂർത്തിയാകും.
ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. ഐ.എച്ച്.സി.എൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു വിശിഷ്ടാതിഥിയായിരുന്നു. ഐ.എച്ച്.സി.എൽ സീനിയർ വൈസ് പ്രസിഡന്റ് സത്യജീത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ. വി. ജോർജ്, ഡോ. പി. മുഹമ്മദലി , എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി.കെ.ജോർജ്, ജയരാജൻ വി, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ പങ്കെടുത്തു. സിയാൽ ജനറൽ മാനേജർ രാജേന്ദ്രൻ ടി. നന്ദി പറഞ്ഞു.