കൊച്ചി വിമാനത്താവളത്തിൽ ഷോപ്പിങ് ഉത്സവം
ഓണത്തോടനുബന്ധിച്ചാണ് ‘വാനോളം ആഘോഷം‘ ഷോപ്പിങ് ഉത്സവം
കൊച്ചി വിമാനത്താവളത്തിൽ ഓണത്തോടനുബന്ധിച്ച് ‘വാനോളം ആഘോഷം’ ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ടെർമിനലുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിൻ ഡ്യൂട്ടിഫ്രിയും ഓണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വൻതോതിലുള്ള ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര യാത്രക്കാർക്ക് കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വിവിധ ഉത്പ്പന്നങ്ങളുടെ ഡിസ്‌കൗണ്ടുകൾ നേടാം. തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി 12 ലക്ഷം രൂപവിലയുള്ള സ്‌കോഡ കുഷാക് കാർ നൽകും. ആഭ്യന്തര യാത്രക്കാർക്കുള്ള ഷോപ്പിങ് ഡിസ്‌കൗണ്ട് മേളയ്ക്ക് അടുത്തയാഴ്ച തുടക്കമാകും.
ആഭ്യന്തര ടെർമിനലിലെ എല്ലാ കടകളും ഇതിൽ പങ്കെടുക്കും. യാത്ര ആനന്ദകരമായ അനുഭവമാക്കാൻ ഒട്ടേറെ പദ്ധതികൾക്ക് സിയാൽ തുടക്കമിട്ടിട്ടുണ്ട്. യാത്രക്കാരുടെ സംതൃപ്തിയിൽ ഏറ്റവും മികച്ച സ്‌കോർ നേടാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. ഒരുപടികൂടി കടന്ന് യാത്ര ആനന്ദകരമാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഭാവിയിൽ പല വിമാനത്താവളങ്ങളിലും പാർക്കിങ് സ്ഥലം അപര്യാപ്തമാകും. ഈ വെല്ലുവിളി മുന്നിൽ കണ്ടാണ് ബിസിനസ് ജെറ്റ് ടെർമിനൽ രൂപകല്പന ചെയ്തിട്ടുള്ളത്. പുതിയ അന്താരാഷ്ട്ര കാർഗോ ടെർമിനൽ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയുടെ നിർമാണവും പൂർത്തിയായി വരുന്നു.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിന് ശേഷം കൊച്ചി വിമാനത്താവളം ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പദ്ധതികൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ജൂലായ് മാസത്തെ കണക്ക് അനുസരിച്ച് യാത്രക്കാരുടെ എണ്ണവും വിമാന സർവീസുകളും കോവിഡ് പൂർവകാലത്തിന്റെ 85% ആയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഉൾപ്പെടെ നിരവധി എയർലൈനുകൾ കൊച്ചി വിമാനത്താവളത്തിൽ സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. അടുത്തവർഷത്തോടെ കൂടുതൽ യൂറോപ്യൻ സർവ്വീസുകളും തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിയാൽ.