പേടിയോടെ ലക്ഷദ്വീപിലേക്ക് അന്നത്തെ കപ്പൽ യാത്ര
ലക്ഷദ്വീപ് അടക്കമുള്ള പല ദ്വീപുകളിലും സ്ക്കൂൾ പഠനം നടത്തിയ കെ.ടി. ലീന അന്നത്തെ കപ്പൽ യാത്രാ അനുഭവങ്ങൾഎഴുതുന്നു
ലക്ഷദ്വീപിൽ അധ്യാപകനായ അച്ഛന് ഏപ്രിൽ മുതൽ ഒരുമാസക്കാലം അവധിയാണ്. ലക്ഷദ്വീപിൽ നിന്ന് നാട്ടിലേക്കു പോകുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. കസിൻസിനോക്കെ സമ്മാനിക്കാൻ ഒരു സെന്റിമീറ്റർ മുതൽ ഏതാണ്ട് പത്തു സെന്റിമീറ്റർ വരെ വലിപ്പത്തിലും പല നിറത്തിലും രൂപത്തിലുമുള്ള കവടികളും ചിപ്പികളും ഒക്കെ കരുതിയിട്ടാണ് യാത്ര.
പല ദ്വീപുകളിലും കപ്പൽ തീരത്തുനിന്നും 3-4 കിലോമീറ്റർ മാറിയാണ് നങ്കൂരമിടുന്നത്. ബോട്ടിൽ ഞങ്ങളെ കപ്പലിനടുത്ത് എത്തിക്കും. മുതിർന്നവർക്ക് കപ്പലിൽ കയറാൻ. കുത്തനെയുള്ള പലക ഏണിയാണ് ഉള്ളത്. അതൊരു ഞാണിന്മേൽ കളിയാണ്. കപ്പൽ ബോർഡിൽ ഞങ്ങളെ പിടിച്ചു കയറ്റാൻ ജീവനക്കാരുണ്ട്.
ബോട്ട് ജീവനക്കാർ ബോട്ടിന്റെ വശത്തു കയറിനിന്ന് കുട്ടികളെ ബോട്ടിൽ നിന്ന് കപ്പലിലെ ജീവനക്കാർക്ക് ഒരു അഭ്യാസിയെ പോലെ കൈമാറും. ഒരു ജീവന്മരണ പോരാട്ടത്തിനൊടുവിൽ കപ്പലിൽ കയറി നേരം വെളുക്കുമ്പോൾ കൊച്ചിയിൽ… അവിടുന്ന് നേരെ നാട്ടിലേക്ക്…
നാട്ടിൽ എത്തുന്ന ദിവസം മുതൽ ഒരുതരം വിഷമം ആണ്. ദിവസങ്ങൾ 29 മുതൽ പുറകോട്ട് എണ്ണി തുടങ്ങും. ബന്ധുവീട് സന്ദർശനം, സിനിമകാണൽ, ഷോപ്പിംഗ്… ഇങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു വീഴും. അപ്പോഴേക്കും തിരിച്ചു പോകേണ്ട ദിവസവും ആകും. ട്രെയിനിൽ കൊച്ചിയിലേക്ക്, അവിടുന്ന് ഉച്ചയോടെ കപ്പലിലേക്ക്.
കൊച്ചിയിൽ കപ്പൽ കയറ്റം വളരെ എളുപ്പമാണ് ഹാർബറിൽ കപ്പൽ എത്തും അരികിലെ ഏണി വഴി നടന്നു കയറാം. ഞങ്ങൾക്ക് മിക്കവാറും അലോട്ട് ചെയ്തു കിട്ടുക നാല് ബെഡ്ഡ് ഉള്ള കാബിൻ ആണ്. ലഗ്ഗേജ് അടുക്കി വെച്ചാൽ പിന്നെ അച്ഛന്റെ കൂടെ കപ്പൽ ബോർഡിൽ കുറച്ചു സമയം കാഴ്ചകൾ കണ്ടിരിക്കാം. കടൽ കാക്കകൾ പരുന്തുകൾ, മീൻ കൊത്തികൾ, കൊക്കുകൾ… അങ്ങനെ പലയിനം പക്ഷികൾ.
കാക്കകൾ പോലും ഇല്ലാത്ത സ്ഥലമാണ് ദ്വീപ്. മിനിക്കോയിലേക്കാണ് പോകുന്നതെങ്കിൽ സന്ധ്യയോടെ സൈറൺ കൊടുത്ത് കപ്പൽ ചലിച്ചുതുടങ്ങും. സന്ധ്യനേരത്തെ കൊച്ചി അതിസുന്ദരിയാണ് കാണാൻ. എന്നാലും ആ ആസ്വാദനത്തിനിടെ പോലും ഒരു വിങ്ങൽ മനസ്സിൽ വരും. ഇനി ഒരു വർഷം കഴിയണം നാട്ടിൽ തിരികെ വരാൻ.
കായലിലൂടെയുള്ള കപ്പൽയാത്ര എത്ര സുഖകരമാണെന്നോ. അതിങ്ങനെ ഒഴുകി നടക്കും. ദൂരെ കര നേർത്ത് വെളിച്ചത്തിന്റെ ചില പൊട്ടുകൾ മാത്രമായി കാണാം. കുറച്ചുകൂടി കഴിഞ്ഞാൽ കര കാണാ കടൽ മാത്രം! കപ്പലിന്റെ വേഗം കൂടുന്നു, കടലിന്റെ രൂപവും ഭാവവും മാറുന്നു. കടലിലെ ആ ശാന്തത എവിടെ പോയി എന്ന് തോന്നും.
കരിനീല കടലിൽ വെളുത്ത പത ചീറ്റികൊണ്ട് കപ്പൽ കുതിക്കാൻ തുടങ്ങി. സ്രാവ്, ഡോൾഫിൻ പോലുള്ള വലിയ മീനുകൾ മുങ്ങി പൊങ്ങി നൃത്തം ചെയ്യുന്നത് നോക്കിയിരിക്കാൻ നല്ല ചേലാണ്. പിന്നീട് ദൃഷ്ടി ചെല്ലുന്നത് കപ്പലിന്റെ മുൻവശത്തെ അങ്ങേ അറ്റത്താണ്. അതിങ്ങനെ ഉയർന്നും താഴ്ന്നും ആടിയും ഉലഞ്ഞും കാണുമ്പോൾ ഭീതി തോന്നും.
ആ ഭാഗത്തേക്ക് ഏറെ നേരം നോക്കില്ല. വീണ്ടും കടൽ കണ്ടുകൊണ്ടിരിക്കും. രാത്രി കടലിനും വേറൊരു നിറമാണ്. അവിടുന്ന് ഞങ്ങൾ നാലുപേരും ഡൈനിംഗ് ഹാളിലേക്ക്. ഒരു ത്രീ സ്റ്റാർ സൗകര്യമുണ്ട് ഡൈനിംഗ്ഹാളിന് രുചികരമായ ഭക്ഷണത്തിന്റെ ഫ്ലേവർ അവിടങ്ങളിൽ തങ്ങി നിൽക്കും.
പറഞ്ഞിട്ടെന്താ നാലുപേർക്കും ഒന്നും കഴിക്കാൻ തോന്നില്ല. അവസാനം വെള്ളം കൂട്ടിയുള്ള കഞ്ഞിക്ക് ഓർഡർ കൊടുത്തു തിരികെ പോരും. അവർ അത് റൂമിൽ എത്തിക്കും. കടൽ ചൊരുക്ക് നാലുപേർക്കും ഉണ്ട്. അതുകൊണ്ട് പട്ടിണിയാണ് നല്ലത് എന്ന് തീരുമാനിക്കും. എന്നാലും കടൽ പ്രക്ഷുബ്ധമായാൽ വയറ്റിലെ സകല ആന്തരാവയവങ്ങളും പുറത്തു വരുന്നത് പോലുള്ള ഛർദിയാണ്.
അങ്ങനെ ഒരു വിധം ക്ഷീണിച്ച് ഉറങ്ങി പോവും. കൊച്ചിയിൽ നിന്നും മിനിക്കോയ് ദ്വീപിലേക്കുള്ള ഒരു യാത്ര. ഏതാണ്ട് രാത്രി മണി രണ്ടോ മൂന്നോ ആയിക്കാണും. കപ്പലിന്റെ അടിവശത്തുനിന്നും വല്ലാത്തൊരു തട്ടൽ അനുഭവപ്പെട്ടു. എനിക്ക് തോന്നിയതാവും എന്ന് കരുതി. വീണ്ടും അതേ അനുഭവം. കൂടാതെ കപ്പൽ നന്നായി ആടി ഉലയുന്നുമുണ്ട്.
കപ്പൽ ഒട്ടും മുന്നോട്ട് നീങ്ങുന്നില്ല. കപ്പൽ രണ്ടായി പിളരാൻ പോകുന്നതു പോലെ. ഗ്ലാസ്സ് പോർട്ട് ഹോളിൽ കൂടെ നോക്കിയപ്പോൾ ഒന്നും കാണാനില്ല. പക്ഷെ ഭയപ്പെടുത്തുന്ന ഒച്ച കേൾക്കാം. ഗ്ലാസ്സ് വിൻഡോ പൊട്ടി വെള്ളം ഇപ്പോൾ തന്നെ ഇതിനകത്തു കയറും എന്ന തോന്നല്‍.
ഞാൻ മുകളിലത്തെ ബർത്തിൽ ആണ്. അച്ഛൻ മറുവശത്തെ ബർത്തിൽ ചരിഞ്ഞു കിടപ്പുണ്ട്. അനിയത്തിയും അമ്മയും താഴത്തെ നിലയിൽ ഉറങ്ങുന്നു.
എനിക്ക് ശബ്ദം പുറത്തേക്കു വരുന്നില്ല. പേടിച്ചു തളർന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി. അച്ഛൻ തട്ടി വിളിച്ചപ്പോഴാണ് എണീറ്റത്. നേരം വെളുത്തിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നി. എല്ലാരും ജീവിച്ചിരിപ്പുണ്ട്. അച്ഛൻ ചായ പകർന്നു തന്നു. അത് കുടിച്ചപ്പോൾ ഉന്മേഷം തോന്നി. വീണ്ടും ഗ്ലാസ്സ് വിൻഡോയിലേക്ക് നോക്കി അത് ചീന്തിപൊയോ എന്ന് അറിയാൻ.
പെട്ടെന്ന് റെഡി ആവാൻ പറഞ്ഞു. ഞങ്ങളെ ഡൈനിംഗ് ഹാളിൽ കൊണ്ടുപോയി. നന്നായി പ്രാതൽ കഴിച്ചു. റൂമിൽ എത്തിയ ഞാൻ അച്ഛനോട് പറഞ്ഞു. ഇന്നലെ രാത്രി ഈ കപ്പൽ തകർന്നു പോയി എന്ന് വിചാരിച്ചു. നിങ്ങൾ എല്ലാവരും എന്തൊരു ഉറക്കമായിരുന്നു.
അപ്പോഴാണ് മനസ്സിലായത് അച്ഛൻ എല്ലാം അറിയുന്നുണ്ടായിരുന്നു എന്ന്. ഞങ്ങൾ എങ്ങാനും ഉണർന്നെങ്കിലോ എന്ന് കരുതി അച്ഛനും തെല്ലു ഭയത്തോടെ കിടക്കുകയായിരുന്നുവത്രെ. ഇത് പലതവണ മുമ്പും അനുഭവിച്ചതാണെന്നും അച്ഛൻ പറഞ്ഞു.
മറ്റ് ദ്വീപുകൾ അടുത്തടുത്തായിട്ടാണ് കിടക്കുന്നത്. അവിടേക്കുള്ള യാത്രയിൽ ഈ പ്രശ്നമില്ല. എന്നാൽ മിനിക്കോയ് ദ്വീപ് മാത്രമാണ് കരയിൽ നിന്നും കിലോമീറ്ററുകൾ മാറി അകലെ കിടക്കുന്നത്. അതുകൊണ്ട് തന്നെ മൺസൂൺ കാറ്റു മൂലം ഉണ്ടാകുന്ന വലിയ തിരമാലകളെ തടയാൻ കരപ്രദേശം ഇല്ല. അതിനാൽ ഉയർന്നുവരുന്ന തിരമാല ഒരു ചുഴി പോലെ കടലിനടിയിലേക്ക് പോകുമത്രെ.
അത് മറികടന്നു വേണം ക്യാപ്റ്റന് ഞങ്ങളെ ദ്വീപിൽ എത്തിക്കാൻ. ആ ക്യാപ്റ്റനും കൂട്ടർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നേർത്ത വെള്ളയും പച്ചയുമായി കണ്ട മിനിക്കോയ് ദ്വീപ് ഇതാ തൊട്ടടുത്തായി എത്തിയിരിക്കുന്നു. നീല, ഇളം പച്ച നിറത്തിൽ ശാന്തസുന്ദരമായ ലഗൂൺ! കപ്പലിൽ നിന്നും ബോട്ടിലേക്കു ഇറങ്ങി.
തീരം അടുത്തു. പുതിയ ദ്വീപിലേക്ക്. ഭാഷ, സംസ്കാരം എല്ലാം വ്യത്യസ്തം. സ്നേഹ സമ്പന്നരായ ആളുകൾ. നാളെ മുതൽ പുതിയ ദ്വീപിലെ പുതിയ സ്കൂളിൽ ഏഴാം തരത്തിലേക്ക്. (സംസ്ഥാന കൃഷി വകുപ്പ് റിട്ട. അഡീഷണൽ ഡയരക്ടറാണ് ലേഖിക.)