കൊച്ചിയുടെ കായൽപ്പരപ്പിൽ പറന്നിറങ്ങി സീപ്ലെയ്ൻ
ആകാശത്തു നിന്ന് ജല വിമാനം കൊച്ചിയിലെ കായലിൽ പറന്നിറങ്ങി. വിമാനം ഇറങ്ങുന്നത് കാണാൻ ഒട്ടേറെ ആളുകൾ എത്തിയിരുന്നു. കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാനാണ് കൊച്ചിയിൽ സീപ്ലെയ്ൻ പറന്നിറങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.13 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സീപ്ലെയ്ൻ 3.28 ന് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു.
രാവിലെ 11 ന് വിജയവാഡയിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.30ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. തുടർന്ന് ഇന്ധനം നിറച്ച ശേഷം ബോൾഗാട്ടിയിലേക്ക് പുറപ്പെട്ടു. മൂന്നു തവണ താഴ്ന്നു പറന്ന ശേഷമാണ് വിമാനം മറീനയിലിറങ്ങിയത്.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരാണ് വിമാനത്തിൻ്റെ
പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാൻ ഹുസൈൻ, മോഹൻ സിംഗ് എന്നിവരാണ് ക്രൂ അംഗങ്ങൾ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ ജി. മനുവും സീപ്ലെയിനിലുണ്ടായിരുന്നു.
മറീനയിലെത്തിയ സീപ്ലെയ്നിലെ ക്യാബിൻ ക്രൂ അംഗങ്ങളെ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, എവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.