മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ 11ന്

സീപ്ലെയിൻ നവംബർ 11 ന് കേരളത്തിൽ പരീക്ഷണ പറക്കൽ നടത്തും. കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ രാവിലെ 10.30 ന്  മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ  മന്ത്രി പി. രാജീവ് അധ്യക്ഷനാകും. നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയിൻ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ നിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെട്ട് 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.

10 ന് ബോൾഗാട്ടി മറീനയിൽ പാ൪ക്ക് ചെയ്യുന്ന എയ൪ക്രാഫ്റ്റ് മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്ദുൾ കലാം മാ൪ഗിൽ നിന്നും വീക്ഷിക്കാനാകും. സീപ്ലെയിൻ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വി.ഐ.പികൾക്കും ഉദ്യോഗസ്ഥർക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റർമാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ നവംബ൪ 9ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തുന്നത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്.

ആംഫീബിയൻ വിമാനങ്ങൾ

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *