സാഗ- 92 ബാച്ച് ഒത്തുകൂടി; ചാലക്കുടി പുഴയുടെ തീരത്ത് 

പി.പ്രകാശ്‌
അല്ലിയാമ്പൽ കടവിലിന്നരയ്ക്കു വെള്ളം…. മോഹം കൊണ്ടു ഞാൻ… ഒരു മധുരക്കിനാവിൻ…നിലാവുള്ള രാത്രിയിൽ പഴയ പാട്ടുകൾ ഒഴുകിയെത്തി. എല്ലാവരും താളം പിടിച്ചു. ഒപ്പം
മഴയും കുളിർ കാറ്റും. ഞങ്ങൾ ‘സാഗ -92’ ബാച്ച് നീണ്ട 30 വർഷത്തെ സൗഹൃദം പൂർത്തിയാക്കി ഒരിക്കൽ കൂടി ഒത്തുചേർന്നു. ചാലക്കുടി പുഴയുടെ തീരത്ത്. പഴയ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് ബാച്ച്.  ഇപ്പോൾ പേര് മാറ്റി അഗ്രികൾച്ചർ കോളേജ് എന്നാക്കിയിരിക്കുന്നു. രാവിലെ കാമ്പസ് സന്ദർശനമായിരുന്നു. പഴയ ഓർമ്മകളുമായി കാമ്പസിലൂടെ നടന്നു.

കാമ്പസ് കുറേക്കൂടി സുന്ദരമായിരിക്കുന്നു. എല്ലാവരും ഒത്തുകൂടിയിരുന്ന സൽക്കാര ഒന്നുകൂടി മോടി കൂടിയിട്ടുണ്ട്. അജ്മൽ, ദിവ്യ, രമേഷ്, സിജിൽ, മിനിമോൾ… സഹപാഠികൾ എല്ലാവരുമുണ്ട്. കേരളത്തിനു പുറമെ മുംബൈ, ലക്ഷദ്വീപ്, ഹൂബ്ലി എന്നിവിടങ്ങളിൽ നിന്നെല്ലാം സഹപാഠികൾ എത്തി.

ബാച്ചിൽ പഠിച്ച ഭൂട്ടാനിൽ നിന്നുള്ള സോനം പറഞ്ഞ പോലെ ആർക്കും വലിയ മാറ്റമൊന്നുമില്ല. അല്പം വെയ്റ്റ് കൂടിയിട്ടുണ്ട് എന്നതൊഴിച്ചാൽ. പ്രായം അൻപതായി. ചിലർക്ക് അതിന് മുകളിലും. എന്നാൽ ഇപ്പോഴും കോളേജിൽ ആണെന്ന മട്ടാണെന്ന് മാത്രം. കൃഷി വകുപ്പിൽ, കാർഷിക

സർവ്വകലാശാലയിൽ, വിവിധ ബാങ്കുകളിൽ, സ്വകാര്യ കമ്പനികളുടെ തലപ്പത്ത്, സ്വന്തമായി കമ്പനി നടത്തുന്നവർ അങ്ങനെ വിവിധ മേഖലകളിൽ എത്തിയ സുഹൃത്തുക്കൾ ഒരിക്കൽ കൂടി പഴയ കോളേജ് ഓർമ്മകൾ അയവിറക്കി. കൃഷി വകുപ്പിൽ അസി.ഡയരക്ടർ, കൃഷി ഓഫീസർ തസ്തികയിലുള്ള ആറു പേരും കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർമാരായ നാലു പേരും സയന്റിഫിക്  ഓഫീസർ തസ്തികയിലുള്ള രണ്ടുപേരും ഇതിൽ പെടുന്നു. സന്തോഷ് – സുലജ, രമേശ് – ജയമോൾ എന്നീ ദമ്പതിമാർ ഒരേ ക്ലാസിൽ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയവർ.

രാവിലെ കോളേജിൽ ഒത്തുചേരൽ. ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട നിഷ, സുനിൽ, ഇബ്രായി, സൈനുദ്ദീൻ എന്നിവരുടെ ഓർമ്മയിൽ സ്നേഹമരങ്ങൾ നട്ടു. ഈ നാലു ചെമ്പകങ്ങൾ ഇനി സൗഹൃദത്തിൻ്റെ സുഗന്ധം പരത്തട്ടെ. 2017 ൽ 25 വർഷത്തെ സൗഹൃദം

എന്ന പേരിൽ ഒത്തുചേർന്നപ്പോൾ നിറഞ്ഞു നിന്ന കാമ്പസിലെ സകലകലാവല്ലഭനായിരുന്ന സുനിൽ വീണ്ടും ഞങ്ങളുടെ സംഭാഷണങ്ങളിൽ നിറഞ്ഞു. ഏവരോടും സൗമ്യമായി ഇടപെടുന്ന പ്രിയപ്പെട്ട ഇബ്രായി കഴിഞ്ഞ കൂടിച്ചേരലിൽ ഒപ്പമുണ്ടായിരുന്നു.

കോളേജ് കാമ്പസിൽ നിന്ന് നേരെ പ്ലാൻ്റേഷൺ കോർപ്പറേഷൻ്റെ പ്ലാൻ്റേഷൺ വാലി ഫാം റിസോർട്ടിലേക്ക്. തൃശ്ശൂരിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം എത്തുന്നതിന് മൂന്നു കിലോമീറ്റർ മുമ്പാണ് ഈ റിസോർട്ട്. ചാലക്കുടി പുഴയുടെ മനോഹര തീരത്ത് പ്രകൃതിയോട് ചേർന്നു

നിൽക്കുന്ന കോട്ടേജുകൾ, പുഴയുടെ അപ്പുറത്ത് ഇടതൂർന്ന വനവും, പുഴയുടെ ഇരമ്പലും …ഗംഭീര ആമ്പിയൻസ്. കൂട്ടുകാരിൽ ചിലരെയെങ്കിലും കാണുന്നത് കോളേജ് കാലഘട്ടത്തിന് ശേഷം ഇപ്പോഴാണ്. ചിലർ ഫാമിലിയുമായി എത്തി.

രാത്രി കൂട്ടത്തിലെ പാട്ടുകാരുടെ വക ഗാനമേള, റിസോർട്ടിലെ ബെന്നിച്ചേട്ടനെ പോലുള്ള ഗായകരും കൂടെ ചേർന്നു. നല്ല താമസ സൗകര്യം. പ്രകൃതി ആസ്വദിച്ച് നടന്ന് രുചികരമായ ഭക്ഷണം കഴിച്ചു. വൈകുന്നേരവും രാവിലെയും പുഴയിലെ നല്ല തണുപ്പുള്ള വെള്ളത്തിൽ കുളി. ഞായറാഴ്ച വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ചു. രണ്ടു ദിവസം എല്ലാംകൊണ്ടും ആഘോഷമായി.

മനോഹരമായ രണ്ടു ദിനങ്ങൾ അഹ്ലാദകരമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.  പരിപാടിയുടെ മുഖ്യസംഘാടകനായ പ്രിയ സുഹൃത്ത് അജ്മലിന് പ്രത്യേകം നന്ദി. പാട്ടു പാടി ഒത്തു കൂടൽ ഗംഭീരമാക്കിയ ദീപകുമാറിന് അഭിനന്ദനങ്ങൾ, പാട്ടും ഡാൻസും ഒക്കെയായി പരിപാടി അടിപൊളിയാക്കിയ കുടുംബാംഗങ്ങൾക്കും നന്ദി.(പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി.ഡയരക്ടരാണ് ലേഖകൻ)

One thought on “സാഗ- 92 ബാച്ച് ഒത്തുകൂടി; ചാലക്കുടി പുഴയുടെ തീരത്ത് 

Leave a Reply

Your email address will not be published. Required fields are marked *