കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം പ്രവർത്തനം തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഏറെ കാലങ്ങളായി ശബരിമല തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാർഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷമാണ് ശബരിമല തീർത്ഥാടകർക്ക് ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ഒരുക്കുന്നത്. ആറായിരത്തോളം ഭക്തരാണ് കഴിഞ്ഞ മണ്ഡല കാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചത്. ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാൽ ഇടത്താവളം ആരംഭിച്ചിരിക്കുന്നത് – മന്ത്രി പറഞ്ഞു.
5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത് . ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക് എന്നിവയും സമീപത്ത് തന്നെ ഒരുക്കിയിട്ടുണ്ട്.
സിയാലിലെ 0484 എയ്റോ ലോഞ്ചിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യവും തീർത്ഥാടകർക്ക് ലഭ്യമാകും. 0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484 എന്ന നമ്പറിലും 0484reservation@ciasl.in എന്ന ഇ മെയിൽ വഴിയും ബുക്ക് ചെയ്യാം.
ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം.ജോൺ എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ സംസാരിച്ചു.
പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ്
കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്പെഷ്യൽ ബസ് സർവീസ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെട്ട് രാവിലെ 2.30 ന് പമ്പയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഓൺലൈൻ വഴിയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വിമാനത്താവളത്തിൽ നിന്ന് മുപ്പതിധികം യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേർഡ് ബസ് അനുവദിക്കുന്നതാണ്. www.online.ksrtcswift.com എന്ന വെബ്സൈറ്റ് വഴിയും Ente KSRTC Neo-oprs ആപ്പ് വഴിയും 9539215231, 9562738311 എന്നീ നമ്പറുകളിലും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാം.