കൊച്ചി മെട്രോയ്ക്കു വേണ്ടി 1016.24 കോടി രൂപ വായ്പയെടുക്കുന്നു
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് മന്ത്രിസഭായോഗം അനുമതി നൽകി.
അതിവേഗത്തിൽ പുരോഗമിക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഈ തുക ചെലവഴിക്കുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ആകെ 10 സ്റ്റേഷനുകളാണ് 10.58 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടിലുള്ളത്. പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് സ്റ്റേഷനുകള്‍.
ഒരേസമയം തന്നെ എല്ലായിടത്തും പ്രവൃത്തി നടത്തുന്നതിനാൽ പദ്ധതി പെട്ടെന്ന് പുരോഗമിക്കുകയാണ്. 2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്‌ക്ക് 2022ൽ മാത്രമാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയത്. എന്നാൽ പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശവായ്‌പ ഏജൻസി പിന്മാറിയതിനാൽ നിർമാണം വീണ്ടും വൈകിയെങ്കിലും ഇതെല്ലാം മറികടന്നാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടരുന്നത്.




















