ചെന്നൈ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യയിലെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി നരേന്ദ മോദി ബെങ്കളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെങ്കളൂരു വഴി മൈസൂരു വരെയാണ് ട്രെയിൻ. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സാണിത്. ബുധനാഴ്ച ഒഴികെ ആഴ്ച്ചയിൽ ആറു ദിവസമാണ് ട്രെയിൻ. ആറര മണിക്കൂർ കൊണ്ട് മൈസൂരുവിലെത്തും.
രാവിലെ 5.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.20 ന് ബെങ്കളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ നിന്ന് 12.20ന് മൈസൂരുവിലെത്തും. ചെന്നൈയിൽ നിന്ന് കാട്പാടി, ജോലാർപേട്ട വഴിയാണ് ബെങ്കളൂരുവിലെത്തുക. 1.05 ന് മൈസൂരുവിൽ നിന്ന് തിരിക്കുന്ന ട്രെയിൻ 2.55 ന് ബെങ്കളൂരുവിലും 7.30 ന് ചെന്നൈയിലുമെത്തും.16 കോച്ചുകളിലായി 1128 പേർക്ക് യാത്ര ചെയ്യാം. ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്ക് എക്കോണമി ക്ലാസിൽ 1200 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2295 രൂപയുമാണ് ചാർജ്ജ്.