ഹിമാചലിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഹിമാചൽ പ്രദേശിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹിമാചലിലെ ഊന ജില്ലയിലെ അമ്പ് അന്ദാര റെയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്കാണ് ട്രെയിൻ. ഇന്ത്യയിലെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സാണിത്.
അമ്പ് അന്ദാര സ്റ്റേഷനിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ, ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കേർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവർ പങ്കെടുത്തു. സ്റ്റേഷനും ട്രെയിനിലെ സൗകര്യങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു.
ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ. അമ്പാല, ചണ്ഡീഗഡ്, അനന്ത്പുർസാഹിബ്, ഊന എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ്. ന്യൂഡൽഹി-ചണ്ഡീഗഡ് യാത്രയ്ക്ക് അഞ്ച് മണിക്കൂർ വേണ്ടിടത്ത് ഇനി മൂന്ന് മണിക്കൂർ മതി. ഊനയിൽ ബൾക്ക് ഡ്രഗ്ഗ് പാർക്കിനും ചമ്പയിൻ രണ്ട് ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. പുതിയ ഐ.ഐ.ഐ.ടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.