നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഉദ്ഘാടനം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നമോ ഭാരത്’ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ സാഹിബാബാദ് റെയിൽവേ സ്റ്റേഷനിലായിരുന്നു ചടങ്ങ്. ടിക്കറ്റെടുത്ത ശേഷം സ്ക്കൂൾ കുട്ടികൾക്കൊപ്പം പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്തു.

82 കിലോമീറ്റർ ദൂരം വരുന്ന ഡെൽഹി – ഗാസിയാബാദ് – മീററ്റ് കൊറിഡോറിൻ്റെ ഉത്തർപ്രദേശിലെ 17കിലോമീറ്റർ പാതയാണ് ഇപ്പോൾ തുറന്നത്. സാഹിബാബാദ് മുതൽ ദുഹായ് ഡിപ്പോ വരെയാണിത്.

മീററ്റ് വരെയുള്ള പാത 2025 ൽ പൂർത്തിയാകും.17 കിലോമീറ്റർ പാതയിൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ അഞ്ചു സ്റ്റേഷനുകളുണ്ട്.

ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായതെന്നും ഇത് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ പ്രദേശങ്ങളെ ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ ഇതുപോലെ പല സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന കൊറിഡോർ സംവിധാനം നിലവിൽ വരും. നമോ ഭാരത് ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും ട്രെയിനിന് ഒരു പോറൽ പോലും ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രവർത്തന സജ്ജമായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൽ  (ആർ.ആർ.ടി.എസ്.)180 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് ഓടാൻ കഴിയും.160 കിലോമീറ്റർ വേഗതയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി – മീററ്റ് പാതയിൽ ഒരുമണിക്കൂറിനകം ട്രെയിൻ ഓടിയെത്തും. 30,000 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്. നമോ ഭാരതിലെ ലോക്കോ പയലറ്റ് മുതൽ എല്ലാ ജീവനക്കാരും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്.

റാപ്പിഡ് എക്സ് എന്നായിരുന്നു ട്രെയിനിൻ്റെ പേരെങ്കിലും പിന്നീട് നമോ ഭാരത് എന്നാക്കുകയായിരുന്നു. ആറ് മണി മുതൽ രാത്രി 11 വരെയാണ് ട്രെയിൻ സർവ്വീസ്.15 മിനുട്ട് ഇടവിട്ട് ട്രെയിൻ ഉണ്ടാകും. സാഹിബാബാദ് മുതൽ ദുഹായ് വരെ 50 രൂപയാണ് ടിക്കറ്റ് ചാർജ്. പ്രീമിയം ക്ലാസിൽ ഇത് 100 രൂപയാണ്.

സ്ത്രീകളുടെ ഒരു കോച്ച് ഉൾപ്പെടെ 1700 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ആറ് കോച്ചുകളാണ് ഇതിലുള്ളത്. 2019 മാർച്ച് 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി – മീററ്റ് കൊറിഡോറിന് തറക്കല്ലിട്ടത്. ഇത്തരത്തിൽ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന എട്ട് കൊറിഡോറുകൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. അതിൽ ഒന്നാണ് ഇപ്പോഴത്തെ പാത.

Leave a Reply

Your email address will not be published. Required fields are marked *