നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഭുജിനും അഹമ്മദാബാദിനും ഇടയിൽ, നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസ് എന്ന് പുനർനാമകരണം ചെയ്ത രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സർവീസ് ഒമ്പത് സ്റ്റേഷനുകളിൽ നിർത്തും. 360 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂറും 45 മിനിറ്റും കൊണ്ട് ഓടിയെത്തും. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഇത് പുലർച്ചെ 5.05ന് ഭുജിൽ നിന്ന് പുറപ്പെട്ട് 10.50ന് അഹമ്മദാബാദ് ജംഗ്ഷനിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ഭുജ്-അഹമ്മദാബാദ് വന്ദേ മെട്രോ (ട്രെയിൻ നമ്പർ 94802 )ഭുജിൽ നിന്ന് രാവിലെ 5.05 ന് യാത്ര ആരംഭിക്കും. അഞ്ച് മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കി 10.50 ന് അഹമ്മദാബാദിൽ എത്തിച്ചേരും.
അതേ ദിവസം, മടക്കയാത്ര ട്രെയിൻ (നമ്പർ 94801) അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ട് രാത്രി 11:10 ന് ഭുജിലെത്തും. അഞ്ച് മണിക്കൂറും 40 മിനിറ്റുമാണ് യാത്രാ സമയം. അഞ്ജർ, ഗാന്ധിധാം, ഭചൗ, സമഖിയാലി, ഹൽവാദ്, ധ്രംഗധ്ര, വിരാംഗം, ചന്ദ്ലോദിയ, സബർമതി എന്നീ സ്റ്റേഷനുകളിൽ നിർത്തും.
ട്രെയിൻ ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തും. ട്രെയിൻ നമ്പർ 94802 ഞായറാഴ്ചകളിൽ ഓടില്ല . ട്രെയിൻ നമ്പർ 94801 ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല. സെപ്റ്റംബർ 18 മുതലാണ് ഇത് സർവ്വീസ് തുടങ്ങുക.12 എ. സി.കോച്ചുകളുള്ള തീവണ്ടിയിൽ 1,150 പേർക്ക് ഇരിക്കാ
നാകും.
455 രൂപയാണ് അഹമ്മദാബാദ് – ഭുജ് ടിക്കറ്റ് നിരക്ക്. 30 രൂപയാണ് മിനിമം ചാർജ്. നാഗ്പൂർ – സെക്കന്തരാബാദ്, കോലാപ്പൂർ – പൂനെ , ആഗ്ര കാൻ്റ് – ബനാറസ്, ദുർഗ് – വിശാഖപട്ടണം, പൂനെ- ഹുബ്ബള്ളി വരെയുള്ള റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.