പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ആലപ്പുഴ അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും ബന്ധിപ്പിക്കുന്ന പെരുമ്പളം – പാണാവള്ളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിലൂടെ106 കോടി രൂപ വകയിരുത്തിയാണ് പാലം യാഥാർത്ഥ്യമാക്കിയത്.
1455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽ നടയാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് യാതൊരു തടസ്സവുമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള മൂന്ന് മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഈ നിർമ്മിതിയുടെ മാറ്റുകൂട്ടുന്നു.
നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട പെരുമ്പളത്തേക്ക് നേരിട്ട് റോഡ് മാർഗ്ഗം എത്താൻ ഇതോടെ സാധിക്കും. പെരുമ്പളത്തിൻ്റെ അനന്തമായ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടാനും പാലം ഉപകരിക്കും.




















