പീരുമേട് ഇക്കോ ലോഡ്ജ് ഉദ്ഘാടനം 22 ന്
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേട്ടിൽ നിര്‍മ്മിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സര്‍ക്കാര്‍ അതിഥി മന്ദിരവും മാര്‍ച്ച് 22ന് രാവിലെ 10 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ ഭരണാനുമതി നല്‍കിയതിന്റെ ഭാഗമായാണ് ഇക്കോ ലോഡ്ജ് നിർമ്മിച്ചത്. 12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയാണ് പദ്ധതിയിലുളളത്.
ചുവരുകള്‍, തറകള്‍, സീലിംഗ് മുതലായവ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. കൂടാതെ ഇക്കോ ലോഡ്ജിന്റെ അധിക പ്രവൃത്തികള്‍ക്കായി 97.5 ലക്ഷം രൂപയ്ക്കും നവീകരണത്തിനും പരിപാലന പ്രവൃത്തികള്‍ക്കുമായി 1.38 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി പാര്‍ക്കിംഗ് യാര്‍ഡ്, ഇക്കോലോഡ്ജിന്റെ സംരക്ഷണ ഭിത്തിയും വേലിയും, മുന്‍വശത്തെ വഴി പൂന്തോട്ടവും കളിസ്ഥലവും, ഭിന്നശേഷിക്കാര്‍ക്കായുള്ള വിശ്രമമുറിയിലേക്കുള്ള പാസേജ് , നടുമുറ്റം, ഇക്കോലോഡ്ജിന്റെ സര്‍വീസ് ബ്ലോക്ക്, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് പദ്ധതിയിലുള്ളത്.