ഗുരുവായൂർ പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ ദേവസ്വം തെക്കേ നടയിൽ നിർമ്മിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.10 ആനത്തറികളുടെ സമർപ്പണം,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിൻ്റെ സമർപ്പണം എന്നിവയും മന്ത്രി നിർവ്വഹിച്ചു.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ദേവസ്വം ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും സമയക്രമം പാലിച്ച് പൂർത്തിയാക്കണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിങ്ങ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൻ മന്ത്രി അറിയിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, സി.മനോജ് എന്നിവർ സംസാരിച്ചു.




















