കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കാസര്‍കോട്  നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് ഉൾപ്പടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഞായറാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫ്രൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്  നിര്‍വ്വഹിച്ചത്.

കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി  വി. മുരളീധരൻ, സംസ്ഥാന കായിക, റെയിൽവെ വകുപ്പ്  മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് യാത്രാ സൗകര്യം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ടൂറിസം സാധ്യതകൾക്ക്  മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ ടൂറിസത്തിന് ഗുണകരമാകും. പുതിയ ഒമ്പത് ടെയിനുകൾ ഓടി തുടങ്ങിയതോടെ രാജ്യത്ത് വന്ദേ ഭാരത് തീവണ്ടികളുടെ എണ്ണം 34 ആയി.