റോഡ് പരിപാലനം: ഒ.പി.ബി.ആര്‍.സി പദ്ധതി തുടങ്ങി
ഔട്ട് പുട്ട് ആന്‍റ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് ഫോര്‍ ദി മെയിന്‍റനൻസ് (ഒ.പി.ബി.ആര്‍.സി) പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. കോട്ടയം ഏറ്റുമാനൂർ ജംഗ്ഷനിൽ പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഒരു റോഡിന്‍റെ പരിപാലനം ഏഴുവര്‍ഷം വരെ ഒരു കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് പദ്ധതി. റോഡിലെ കുഴി അടക്കല്‍, ഡ്രെയിന്‍ ക്ലീനിംഗ്, സൈഡ് വൃത്തിയാക്കല്‍, ആവശ്യമായ ഇടങ്ങളില്‍ ബി.സി. ഓവര്‍ലേ, അത്യാവശ്യ ഘട്ടങ്ങളില്‍ കലുങ്ക് നിര്‍മ്മാണം, ഓട നിര്‍മ്മാണം, സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയവയൊക്കെ യഥാസമയം നിര്‍വ്വഹിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
സംസ്ഥാനത്തെ പ്രധാന റോഡുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എം.സി റോഡിൽ കോട്ടയം കോടിമത മുതല്‍ അങ്കമാലി വരെയുള്ള റോഡ്, മാവേലിക്കര- ചെങ്ങന്നൂർ, ചെങ്ങന്നൂര്‍ – കോഴഞ്ചേരി എന്നീ റോഡുകളാണ് ആദ്യ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പൊന്‍കുന്നം – തൊടുപുഴ, വട്ടവട- ടോപ് സ്റ്റേഷന്‍ ആണ് രണ്ടാമത്തെ പാക്കേജ്. കായംകുളം – മാവേലിക്കര – തിരുവല്ല, കായംകുളം – അടൂര്‍, തൃക്കുന്നപ്പുഴ- കാര്‍ത്തികപ്പള്ളി - തട്ടാരമ്പലം, പന്തളം – കൈപ്പട്ടൂര്‍, കൊല്ലം – ആയൂര്‍ എന്നിവയാണ് മൂന്നാമത്തെ പാക്കേജ്. ഇതെല്ലാം ചേര്‍ന്നാല്‍ 283.81 കിലോ മീറ്റര്‍ റോഡ് ഒ.പി.ബി.ആര്‍.സി പദ്ധതിയില്‍ പരിപാലിക്കാന്‍ തുടങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.