ഒന്നര വർഷം നടന്ന് ഇന്ത്യ കാണാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി
കൈയിൽ പൈസയില്ല, മൊബൈൽ ഫോണില്ല… ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇന്ത്യ കാണാനുള്ള യാത്രയിലാണ്. ഷർട്ടില്ല, തോർത്തുമുണ്ടാണ് വേഷം. ഒരു തുണി സഞ്ചിയിൽ വിരിക്കാനുള്ള പ്ലാസ്റ്റിക്ക് ഷീറ്റും അത്യാവശ്യ സാധനങ്ങളും. ഒരു കുടയും ടോർച്ചും ഭിക്ഷയ്ക്കായി തൂക്കുപാത്രവും വെള്ളക്കുപ്പിയുമുണ്ട്. ജനവരി ഒന്നിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര ഫിബ്രവരി 8 ന് കോഴിക്കോട് പിന്നിട്ടു. ഈ ഭാരത പര്യടനം കഴിയുമ്പോൾ ഏകദേശം ഒന്നര വർഷമാകുമെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നു.
തൃശ്ശൂർ ചാഴൂർ പള്ളിപ്പാട്ടില്ലത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരി 2019 ൽ 74 ദിവസം നടന്ന് കാശിക്കു പോയിരുന്നു. അന്ന് നടന്നത് മൂവായിരം കിലോമീറ്റർ. കാശിയിൽ നിന്ന് തീവണ്ടിയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നും ഇതേ വേഷത്തിലായിരുന്നു നടപ്പ്. കേരളം മുഴുവൻ നടന്ന് കർണ്ണാടകവും മഹാരാഷ്ട്രയും ഗുജറാത്തും പിന്നിട്ട് കശ്മീരിലെത്തും. അവിടെ നിന്ന് അസം, ഒഡീഷ, ബംഗാൾ വഴി നാട്ടിലേക്ക് വരാനാണ് ഇപ്പോഴത്തെ പരിപാടി. അമ്പലം, കൃസ്ത്യൻ പള്ളി, മുസ്ലിം പള്ളി, പെട്രോൾ പമ്പ്, കിടക്കാൻ ഇടം നൽകുന്ന വീടുകൾ എന്നിവിടങ്ങളിലൊക്കെയാണ് രാത്രി കിടന്നുറങ്ങുന്നത്. തോട്ടിലും പുഴയിലുമാണ് കുളി.
കൈയിൽ പൈസയില്ലല്ലൊ…. ഭക്ഷണമോ? എന്ന ചോദ്യത്തിന് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മതി, അത് ആരെങ്കിലുമൊക്കെ തരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മറുപടി.
രാവിലെ നാലര മുതൽ നടക്കാൻ തുടങ്ങും. ഉച്ചയ്ക്ക് 11.30 വരെ നടക്കും. വൈകുന്നേരം മൂന്നു മുതൽ ഏഴു മണി വരെയും. ദിവസം 30 കിലോമീറ്ററാണ് നടത്തം. കാശി യാത്രക്കിടയിൽ വഴിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആരും ഉപദ്രവിച്ചിട്ടില്ല. സ്നേഹത്തോടെ ഭക്ഷണവും പഴങ്ങളും കിടക്കാൻ സ്ഥലവും തന്ന എത്രയോ ഗ്രാമീണരുണ്ട്. അതു പോലെ തന്നെയാണ് ഈ യാത്രയും മുന്നോട്ടു പോകുന്നതെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നു.
യാത്ര സുഖകരമാക്കാനാണ് സാധനങ്ങൾ കുറച്ചത്. ഉടുക്കുന്നത് തോർത്തുമുണ്ടായതിനാൽ സൗകര്യമുണ്ട്. അലക്കാൻ പ്രയാസമില്ല. അലക്കാൻ അധികം വെള്ളവും വേണ്ട. കേരളം പിന്നിട്ടാൽ വെള്ളം അത്ര സുലഭമല്ല. വെള്ളത്തിന് ദാരിദ്ര്യമുള്ള ഉൾപ്രദേശങ്ങളുണ്ട്. കുടിവെള്ളം പോലും ചില സ്ഥലങ്ങളിൽ കുറവാണ്. ഒമിക്രോൺ വ്യാപകമായ കാലത്തെ നടപ്പിനെക്കുറിച്ചൊന്നും വേവലാതിയില്ല. മാസ്ക്ക് വെച്ചാണ് നടക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ യാത്ര മതിയാക്കും- ഉണ്ണി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. സ്ക്കൂൾ പഠനം കഴിഞ്ഞ് പൂജയും തന്ത്ര വിദ്യയും പഠിക്കാൻ ഗുരു നീലകണ്ഠൻ നമ്പൂതിരിയുടെ അടുത്തു ചെന്നപ്പോൾ അദ്ദേഹം യാത്ര ചെയ്ത് ജീവിതം മനസ്സിലാക്കാൻ പറഞ്ഞു. അങ്ങിനെ ബദരിനാഥിലെത്തി 20 വർഷം അവിടെ കഴിഞ്ഞു. തണുപ്പുകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോൾ ആറു മാസത്തേക്ക് നാട്ടിലെത്തും. രണ്ടു വർഷം തിരുവണ്ണാമലയിലും താമസിച്ചു.
യാത്രയിൽ ഇതുവരെ ഭക്ഷണത്തിന് മുട്ടുണ്ടായിട്ടില്ല. ഗ്രാമത്തിലെ പല പാവപ്പെട്ടവരും അവർ കഴിക്കാൻ വെച്ചതിൽ നിന്ന് ഭിക്ഷ തന്നിട്ടുണ്ട്. ഭാരതം ഒന്നാകെ കാണണം. ജീവിതം അറിയണം.
ആദി ശങ്കരൻ സ്ഥാപിച്ച നാലു മഠങ്ങളും സന്ദർശിക്കണമെന്നുണ്ട്. – അത്രയേയുള്ളു യാത്രയുടെ ലക്ഷ്യം – അവിവാഹിതനും അമ്പത്തി നാലുകാരനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. അച്ഛൻ ശങ്കരനാരായണൻ നമ്പൂതിരി കുറേ കാലം ചാഴിക്കാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അമ്മ ആര്യ അന്തർജനം. മൂന്നു ജേഷ്ഠന്മാരുണ്ട്. കണ്ണൂർ, കാസർകോട്, മഞ്ചേശ്വരം വഴി ഫിബ്രവരി 15ന് മംഗലാപുരം പിന്നിടാനാകുന്ന രീതിയിലാണ് ഇപ്പോഴത്തെ സഞ്ചാരം.