ഒരു കോടി വരുമാനവുമായി ഗുരുവായൂർ അമിനിറ്റി സെന്റർ
ഒരു വർഷം കൊണ്ട് മികച്ച പ്രവർത്തനത്തിലൂടെ ഒരു കോടിയിലധികം വരുമാനം നേടി മാതൃകയായി ഗുരുവായൂർ അമിനിറ്റി സെന്റർ. ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ (കുടുംബശ്രീ നഗര ഉപജീവന കേന്ദ്രം) ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി ഒരു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി അറുപത്തിരണ്ട് രൂപ വരുമാനമാണ് നേടിയത്.
പടിഞ്ഞാറെ നടയിലാണ് ഗുരുവായൂർ നഗരസഭയുടെ അമിനിറ്റി സെന്റർ. ഇതിൻ്റെ പ്രവർത്തനം കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ കീഴിൽ നഗര ഉപജീവന കേന്ദ്രമായി ഏറ്റെടുക്കുകയായിരുന്നു. ഈ കേന്ദ്രത്തിൽ ക്ലോക്ക് റൂമും ഡോർമെറ്ററിയും ഫ്രഷ് അപ്പ് സൗകര്യങ്ങളും 40 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു കോൺഫ്രൻസ് ഹാളും വിശ്രമസ്ഥലവുമാണ് ഒരുക്കിയിട്ടുള്ളത്. കൂടുതലായും ഫ്രഷ് അപ്പ് സൗകര്യങ്ങളാണ് ഉള്ളത്.
ആകെ 40 ശുചിമുറികളും എട്ട് ഡ്രസ്സിംഗ് റൂമുകളും ഉണ്ട്. കൂടാതെ 32 ഡോർമെറ്ററി സ്പേസ് ആണ് ഉള്ളത് അതിൽ 16 ബെഡ് സ്പേസ് പുരുഷന്മാർക്കും 16 ബെഡ് സ്പേസ് സ്ത്രീകൾക്കും വേണ്ടിയുള്ളതാണ്. ഒരു ഡോർമെട്രിയിൽ എട്ടു ബെഡ്ഡുകളാണ് ഉള്ളത്. രാത്രികാലങ്ങളിൽ ഹാളിൽ വിരിയും തലയണയും കൊടുക്കുന്നുണ്ട്.
കൂടാതെ നഗര ഉപജീവന കേന്ദ്രത്തിന്റെ കീഴിൽ ഇവന്റ് മാനേജ്മെന്റും വിവിധ നൈപുണ്യ പരിശീലനവും നൽകുന്നുണ്ട്.24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഗുരുവായൂർ നഗരസഭയിലെ 32 കുടുംബശ്രീ വനിതകൾ മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാരായി പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് നാല് കുടുംബശ്രീ വനിതകൾ ചേർന്ന് നടത്തുന്ന ലഘു ഭക്ഷണശാലയുമുണ്ട്.
കുടുംബശ്രീ ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവ വിപണനം നടത്തുന്നതിനായിട്ടുള്ള സിഗ്നേച്ചർ ഷോപ്പും ഇവിടെ പ്രവർത്തിക്കുന്നു. വരുമാനത്തിന്റെ 50 ശതമാനം നഗരസഭ വിഹിതമായി അടക്കുന്നുണ്ട്. ബാക്കി 50 ശതമാനത്തിൽ നിന്നുമാണ് സ്ഥാപനത്തിന്റെ എല്ലാ ചെലവുകളും നിർവ്വഹിക്കുന്നത്.
ഗുരുവായൂർ നഗരസഭ പ്രസാദ് പദ്ധതിയിൽപ്പെടുത്തി നാല് കോടി രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച സ്ഥാപനം പതിവ് ടെണ്ടർ നടപടികൾക്ക് പോകാതെ കുടുംബശ്രീയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായ നഗര ഉപജീവന കേന്ദ്രമാക്കി 17 നവംബർ 2022 ൽ കുടുബശ്രീ ഏറ്റെടുത്തു.