സിയാലിന്റെ ആറ് പുതിയ സംരംഭങ്ങൾക്ക് തുടക്കം
മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും – മന്ത്രി പി.രാജീവ്
സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം വ്യോമയാന-അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) ആറ് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. സർക്കാരിന്റെ പുതിയ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വ്യോമയാന അനുബന്ധ സൗകര്യവികസനം അതിൽപ്പെടും. സി.ഐ.എസ്.എൽ ഹാംഗറിന്റെ നടത്തിപ്പ് ചുമതലയുള്ള എയർവർക്സ് ലിമിറ്റഡ് തങ്ങൾക്ക് ദക്ഷിണേഷ്യയിൽ തന്നെയുള്ള ഏറ്റവും മികച്ച വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് സിയാലിലേത് എന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ തന്നെ മുന്നൂറോളം പേർ ജോലി ചെയ്യുന്നു. സർക്കാരിന്റെ വ്യവസായ നയത്തിൽ ഇത്തരം മേഖലകളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു – മന്ത്രി പറഞ്ഞു.
ഹാംഗറിന്റെ ഓട്ടോമാറ്റിക് ഡോർ സംവിധാനം, കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കൾ, ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹാംഗറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്ലൈനാസിന്റെ മെയിന്റനൻസ് മാനേജർ ഹമീദ് ഹുസൈൻ ഏറ്റുവാങ്ങി.
വിമാനത്താവളത്തിലേക്ക് പ്രധാന റോഡിന് സമാന്തരമായി നിർമിച്ച സർവീസ് റോഡ് അൻവർ സാദത്ത് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കാലടി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലേക്ക് എത്താൻ പണികഴിപ്പിച്ച റോഡ് റോജി എം.ജോൺ എം.എൽ.എ. . ഉദ്ഘാടനം ചെയ്തു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞു. സിയാൽ ഡയറക്ടർ എൻ.വി. ജോർജ് സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിൽ, എയർവർക്സ് മാനേജിങ് ഡയറക്ടർ ആനന്ദ് ഭാസ്ക്കർ തുടങ്ങിയവർ പങ്കെടുത്തു.