നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം കളിവള്ളം തുഴയുന്ന നീല പൊന്മാൻ

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന എഴുപതാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നം തിരഞ്ഞെടുത്തു. കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനാണ് ഭാഗ്യ ചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഇത് തയ്യാറാക്കിയത്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി.ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.

ഭാഗ്യചിഹ്നത്തിന് പേരിട്ട്
സ്വര്‍ണനാണയം നേടാം

ഭാഗ്യചിഹ്നത്തിന് പേരിടാനായി മത്സരം നടത്തുന്നു. കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനിനാണ്‌ പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ.

ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

ജൂലൈ 18ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമാണ് പരിഗണിക്കുക. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം. ഫോണ്‍: 0477-2251349.

Leave a Reply

Your email address will not be published. Required fields are marked *