മൂന്നാറിലെ പ്രകൃതി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസ്സ്
മൂന്നാറിലെ പ്രകൃതി ഭംഗിയും തണുപ്പും ആസ്വദിച്ച് യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യു ഡബിൾ ഡക്കർ ബസ്സ്. മൂന്നാറിൽ സർവ്വീസ് നടത്താനായി കെ. എസ്.ആർ.ടി.സി രൂപകല്പന ചെയ്തതാണിത്.
ഡബിൾ ഡക്കർ ബസ്സിന്റെ ഉദ്ഘാടനവും ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവ്വഹിച്ചു. പുതിയ സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് പുറംകാഴ്ചകൾ കണ്ടുള്ള യാത്രകൾ റോയൽ വ്യൂ ബസ്സ് നൽകും.
വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസ്സുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ പുതുവത്സര സമ്മാനമാണ്. കെ.എസ്.ആർ.ടി.സിയുടെ സ്വപ്ന സംരംഭങ്ങളിൽ ഒന്നാണിത്. ഇത്തരത്തിൽ റെട്രോഫിറ്റ്‌മെന്റ് ഡബിൾ ഡക്കർ ബസ്സ് ഇന്ത്യയിൽ ആദ്യമാണ്.
മനോഹരമായ പ്രകൃതിയും മൂടൽമഞ്ഞും മഴയും ആസ്വദിച്ച് റോയൽ വ്യൂ ബസ്സില്‍ 25 കിലോമീറ്റർ യാത്ര ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ വൈകുന്നേരം 6 മണിയോടെ ബസ്സിന്റെ പൂർണ്ണമായ ലൈറ്റിങ്ങോടുകൂടി മൂന്നാർ ടൗണിലെത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സുതാര്യമായ ഗ്ലാസ് ബോഡി ബസ്സുകൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയും വീശിഷ്ടവ്യക്തികളും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഡബിൾ ഡക്കർ ബസ്സില്‍ ട്രയൽ റൺ നടത്തി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, ബോർഡ് അംഗം വിജയശ്രീ, വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ, ആർ. ഉദയകുമാർ, വി.സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.