ആഢംബര കപ്പല്‍ ‘ക്ലാസിക് ഇംപീരിയൽ’ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു
കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. പല ഘട്ടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍ നിര്‍മ്മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മ്മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു .
ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വല്ലാര്‍പാടം സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയൽ’ എന്ന ആഢംബര കപ്പല്‍. ഐ.ആര്‍.എസ് 185 ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള വെസ്സല്‍ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുളള രാമന്‍ തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്‌ക്കെടുത്താണു നിഷിജിത്ത് നിര്‍മാണകേന്ദ്രം ഒരുക്കിയത്. നിഷിജിത്തിന്റേയും അന്‍പതോളം തൊഴിലാളികളുടേയും അധ്വാനത്തിന്റെ ഫലമായി യാത്രയക്കൊരുങ്ങുന്ന ഈ കപ്പൽ ഐ.ആര്‍.എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മറൈന്‍ ഡ്രൈവില്‍ സ്വന്തമായി നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ജെട്ടിയില്‍ നിന്നാകും ക്ലാസിക് ഇംപീരിയൽ കടലിലേക്കുള്ള ഉല്ലാസയാത്രകള്‍ തുടങ്ങുക എന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരുമായി മറൈന്‍ ഡ്രൈവില്‍ നിന്നു പുറം കടലിലേക്കാണ് യാത്ര. 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.
2000 രൂപ ചാര്‍ജ് വരുന്ന ലഞ്ച് ക്രൂസിന് ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്കു യാത്ര ചെയ്യാം. സണ്‍സെറ്റ് ക്രൂസിന് 3000 രൂപയാണ് ചാര്‍ജ്, ഉദ്ഘാടന ഓഫറായി ഇതിനും 2000 മതി. 30,000 വാട്‌സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും, ഡിജെ, മ്യൂസിക് ബാന്‍ഡ്, ഡാന്‍സ് ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികളും എസി, നോണ്‍ എസി ഭക്ഷണശാലയും ഫീഡിങ് റൂമും അടക്കമുള്ള സൗകര്യങ്ങള്‍ കപ്പലിലുണ്ട്.