സിയാലിന്റേത് ചുറ്റുവട്ടത്തെ ചേർത്ത് പിടിച്ചുള്ള വികസനം – മന്ത്രി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ചരിത്രത്തിലെ ഏറ്റവും മികച്ച പുരോഗതിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ചുറ്റുവട്ടത്തെ ചേർത്ത് പിടിച്ചുള്ള വികസനമാണ് സിയാലിന്റേതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജ്ജീവനം ഉൾപ്പെടെയുള്ള 11 കോടി രൂപയുടെ വികസന പദ്ധതികൾ കൊച്ചി വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2018 ലെ പ്രളയത്തിന് ശേഷം അടിസ്ഥാനസൗകര്യ വികസന നയങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി. സിയാലും ഈ ഉദ്യമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. വിമാനത്താവളവു മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഡയറക്ടർ ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ചുമട്ട് തൊഴിലാളികൾക്കായി സൊസൈറ്റി രൂപവത്കരിച്ചു. വിമാനത്താവളത്തിനായി വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ശാശ്വതമായ പുനരധിവാസം ആസൂത്രണം ചെയ്തു വരുന്നു. അകപ്പറമ്പിൽ മേൽപാലം നിർമിച്ചു നൽകുന്നത് പരിഗണനയിലാണ് – മന്ത്രി പറഞ്ഞു.
ബെന്നി ബഹനാൻ എം.പി, എം.എൽ എ മാരായ അൻവർ സാദത്ത്, റോജി എം.ജോൺ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ എന്നിവർ സംസാരിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ദീൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ എന്നിവർ പങ്കെടുത്തു. സിയാല്‍ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. നന്ദിയും പറഞ്ഞു