നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴയുന്ന കുട്ടിയാന

ഓഗസ്റ്റ് 12ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എയും സിനിമ-സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്നത്തിൻ്റെ പ്രകാശനം നിര്‍വഹിച്ചത്.

വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മകള്‍ ചേര്‍ത്തലക്കാരി കൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛന്‍ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് വീട്ടിൽ കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ ഓര്‍ത്തു. ഇടുക്കി കുളമാവ് സ്വദേശിയായ

കല്ലടപ്പറമ്പില്‍ പി. ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. 5001 രൂപ യാണ് സമ്മാന തുക. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 250 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ചിത്രകാരന്‍മാരായ സതീഷ് വാഴവേലില്‍, സിറിള്‍ ഡോമിനിക്, ടി. ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, സുവനീര്‍ കമ്മറ്റി കണ്‍വീനറായ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *